രാജ്യവും അധികാരവും ഇല്ലെങ്കിലും യദുവീര്‍ വൊഡയാര്‍ മൈസൂരു രാജാവ്

Posted on: May 29, 2015 5:31 am | Last updated: May 29, 2015 at 12:32 am

coronation_2419886gമൈസൂരു: യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ മൈസൂരിന്റെ പുതിയ രാജാവായി അധികാരമേറ്റു. മൈസൂരുവിലെ അംബ വിലാസ് കൊട്ടാരത്തിലാണ് കിരീടധാരണ ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടു കൂടി രാജഭരണം അവസാനിച്ചതിനാല്‍ ഇന്നലെ നടന്നത് വൊഡയാര്‍ കുടുംബക്കാരുടെ തികച്ചും സ്വകാര്യമായ ആചാരച്ചടങ്ങുകള്‍ മാത്രമായിരുന്നു. എന്നിരുന്നാലും രാജകുടുംബാംഗങ്ങളെ കൂടാതെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
അംബ വിലാസ് കൊട്ടാരത്തിലെ കല്യാണ മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടന്നത്. പുരോഹിതന്‍മാരും കൊട്ടാരം ഉദ്യോഗസ്ഥരും രാവിലെ ഒമ്പത് മണിയോടെ രാജകീയ വേഷം ധരിച്ച യദുവീറിനെ സ്ഥലത്തേക്ക് ആനയിച്ചു. തുടര്‍ന്ന ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം 9.40 ഓടെ ഭദ്രാസനയുടെ വെള്ളിക്കിരീടം അദ്ദേഹത്തെ അണിയിച്ചു. ഇതോടെ, മൈസൂരുവിന്റെ രാജാവായി 23കാരനായ യദുവീര്‍ അവരോധിതനായി.
ജയചാമരാജേന്ദ്ര വൊഡയാരായിരുന്നു യദുവീറിന് മുമ്പ് ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ മൂത്ത മകള്‍ ഗായത്രീ ദേവിയുടെ കൊച്ചുമകനായ യദുവീര്‍ അമേരിക്കയിലെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.