ഡല്‍ഹി അധികാരത്തര്‍ക്കം: ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല

Posted on: May 29, 2015 1:24 pm | Last updated: May 29, 2015 at 11:47 pm

kejariwal and najeeb jungന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളും ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗും തമ്മിലുള്ള അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലഫ്. ഗവര്‍ണര്‍ക്ക് പൂര്‍ണ അധികാരം നല്‍കിക്കൊണ്ട് മെയ് 21ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സംശയാസ്പദമാണെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്തരവ് ഇപ്പോള്‍ സ്‌റ്റേ ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച് വ്യക്തമാക്കി.

അതേസമയം, കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാറിന് കോടതി നോട്ടീസയക്കുകയും ചെയ്തു. മൂന്നാഴ്ചക്കകം നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി ഗവണ്‍മെന്റിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും സ്‌റ്റേ കാര്യത്തില്‍ സുപ്രിം കോടതി നിലപാട് സ്വീകരിക്കുക.