Gulf
ഇന്ത്യന്‍ നഗരങ്ങളില്‍ ഭവന സമുച്ചയങ്ങള്‍ ഉയരുമ്പോള്‍

ഗള്‍ഫ് നഗരങ്ങളില്‍, ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളെക്കുറിച്ച് പ്രദര്‍ശനങ്ങള്‍ ധാരാളമായി നടക്കുന്നു. ഡല്‍ഹി, ബംഗളൂരു, കൊച്ചി, തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതികള്‍. മിക്കവയും ഫ്‌ളാറ്റുകളും വില്ലകളുമാണ്. ഗള്‍ഫില്‍ നിന്ന് മടങ്ങുമ്പോള്‍ താമസിക്കാനോ, നിക്ഷേപം എന്ന നിലയിലോ ആയിരിക്കണക്കിന് ഇടത്തരക്കാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളെ സമീപിക്കുന്നു.
ഇന്ത്യയില്‍ സമീപകാലത്തായി നിരവധി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഉദയം ചെയ്തു. നഗരങ്ങളില്‍ ഭൂമി വിലക്കെടുത്ത്, പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയ ശേഷം മിക്ക കമ്പനി അധികൃതരും വിമാനം കയറി ഗള്‍ഫിലെത്തുന്നു. കൂട്ടത്തില്‍ ലബ്ധ പ്രതിഷ്ഠരായ കമ്പനികളുമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ, മഹീന്ദ്ര തുടങ്ങിയ കോര്‍പറേറ്റുകള്‍ വ്യത്യസ്ത മേഖലകളില്‍ കുറേകാലത്തെ പ്രവര്‍ത്തനം കൊണ്ട് വിശ്വാസ്യത നേടിയവയാണ്. അവര്‍, റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി എത്തുമ്പോള്‍ ഗള്‍ഫ് നിവാസികള്‍, വിശേഷിച്ച് ഇന്ത്യക്കാര്‍ മുന്‍പിന്‍ നോക്കാതെ പണം മുടക്കും.
മിക്ക പദ്ധതികളും സമയ ബന്ധിതമായി തീരുന്നതാണ്. എന്നാല്‍, ഗള്‍ഫിലെ നിര്‍മാണ മേഖലയുമായി തുലനം ചെയ്യുമ്പോള്‍ പൂര്‍ത്തീകരണ കാലയളവ് ഏറെയാണ്. ദുബൈയിലും ദോഹയിലും മറ്റും രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും. ഇന്ത്യയില്‍ ഇരട്ടി വര്‍ഷം വേണ്ടിവരും.
ഗുണമേന്മയുടെ കാര്യത്തിലും ഗള്‍ഫിലെ പദ്ധതികളുടെയത്ര പോരാ എന്ന അഭിപ്രായമുണ്ട്. എന്നാലും സാമ്പത്തിക ശേഷിയുള്ളവര്‍ ഗള്‍ഫ് നഗരങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. സമാധാന പൂര്‍ണമായ സാമൂഹികാന്തരീക്ഷം മറ്റൊരു കാരണം. ഇന്ത്യയിലെ സമ്പന്നര്‍ പാം ജുമൈറയിലും മറ്റും ധാരാളമായി നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇന്ത്യ, റഷ്യ, ബ്രിട്ടന്‍ എന്നിവടങ്ങളില്‍ നിന്ന് സ്ത്രീകള്‍ എത്തിയും നിക്ഷേപം നടത്തുന്നു. ഈ വര്‍ഷം നാലു മാസത്തിനിടയില്‍ 105 കോടി ദിര്‍ഹമാണ് ഇന്ത്യന്‍ സ്ത്രീകള്‍ നിക്ഷേപിച്ചത്. 253 സ്വദേശി സ്ത്രീകള്‍ നിക്ഷേപം നടത്തിയപ്പോള്‍ ഇന്ത്യക്കാര്‍ 416.
ഇവര്‍ ഇന്ത്യയില്‍ എത്രമാത്രം “വസ്തുവകകള്‍” വാങ്ങിക്കൂട്ടിയിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയും. കാരണം ഇന്ത്യയില്‍ താരതമ്യേന വിലകുറവാണ്. ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ രൂപ ഏറെ പിന്നാക്കംപോയി. ഇന്ത്യയില്‍ ഇടപാട് നടത്തുന്നതാണ് ബുദ്ധി.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയമാണിത്. പക്ഷേ, ആരെയും വിശ്വസിക്കാന്‍ കഴിയാത്ത കാലവുമാണ്. എറണാകുളത്ത് ഫ്‌ളാറ്റിനു വേണ്ടി പണം മുടക്കി വഞ്ചിതരായവര്‍ നിരവധി. ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. അത് കൊണ്ടുതന്നെ ഏറെ ആലോചിച്ചാണ് പണം ഇറക്കുന്നത്.
കേരളത്തില്‍ ഭൂമി കിട്ടാനില്ലാത്തതാണ് പ്രശ്‌നം. അഥിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവടങ്ങളിലേക്ക് ചേക്കേറുന്നവര്‍ ധാരാളം. കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങിയ ചെറു നഗരങ്ങളില്‍ ധാരാളം മലയാളികള്‍ എത്തി. ആവശ്യം വരുമ്പോള്‍ ജന്മനാട്ടിലേക്ക് എളുപ്പം എത്താം എന്ന സൗകര്യമുണ്ട്.
കേരളം അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വലിയൊരു ദുബൈ ആയിമാറുമെന്നാണ് നിഗമനം. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഗ്രാമങ്ങളിലും എത്തി. താലൂക്ക് ആസ്ഥാനങ്ങള്‍ തോറും സ്മാര്‍ട് സിറ്റികള്‍ വരാന്‍ പോകുന്നു. സംസ്ഥാന ഭരണ കൂടം കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ ലോകത്തെ അസൂയപ്പെടുത്തുന്ന സ്ഥലമായി കേരളം മാറും.
ഇതിനിടയില്‍, വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരുണ്ട്. അവരെ ഭരണകൂടം സംരക്ഷിക്കുമെന്ന് കരുതാം. അവര്‍ക്കു വേണ്ടി, പാര്‍പിട സമുച്ചയങ്ങള്‍ ഭരണകൂടം വിഭാവനം ചെയ്താല്‍ അത്രയും നല്ലത്. ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഗള്‍ഫ് മലയാളികള്‍ ആയിരിക്കും. ഭൂരിപക്ഷം പേരുടെയും സ്വപ്നമാണ് ഭവനം.