Connect with us

National

ഗുജ്ജര്‍ സമരം അവസാനിച്ചു; അഞ്ച് ശതമാനം സംവരണം അംഗീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ ഗുജ്ജാറുകള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് എട്ട് ദിവസം നീണ്ടുനിന്ന പ്രക്ഷോഭം ഇന്നലെ രാത്രിയോടെ ഗുജ്ജാറുകള്‍ അവസാനിപ്പിച്ചത്.
സര്‍ക്കാര്‍ ജോലിക്ക് ഗുജ്ജാര്‍ വിഭാഗത്തിന് അഞ്ച് ശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 21നാണ് പ്രക്ഷോഭം തുടങ്ങിയത്. ഡല്‍ഹി- മുംബൈ റെയില്‍ ഗതാഗതവും ജയ്പൂര്‍- ആഗ്ര ദേശീയ പാതയും സംസ്ഥാന പാതകളും ഉപരോധിച്ചുകൊണ്ടാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.
ഗുജ്ജാര്‍ നേതാക്കളുമായി നടത്തിയ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ലിമെന്ററികാര്യ മന്ത്രി രാജേന്ദ്ര സിംഗ് ആണ് സംവരണം അനുവദിക്കുന്ന ബില്‍ സഭയില്‍ അവതരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയത്. സര്‍ക്കാര്‍ ജോലികളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് അമ്പത് ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന ചട്ടം പരിഗണിച്ചാകും ഗുജ്ജാറുകളുടെ കാര്യം പരിഗണിക്കുക.
ഗുജ്ജാര്‍ പ്രക്ഷോഭം ശക്തമായ മേഖലയില്‍ റെയില്‍, റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് രാജസ്ഥാന്‍ സര്‍ക്കാറിനെ സഹായിക്കുന്നതിനായി 4,500 അര്‍ധസൈനികരെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രക്ഷോഭം ശക്തമായ പ്രദേശങ്ങളില്‍ റെയില്‍ ഗതാഗതം സാധാരണനിലയിലാക്കുന്നതിനായി പതിനെട്ട് കമ്പനി അതിര്‍ത്തിരക്ഷാ സേനയെയാണ് (ബി എസ് എഫ്) അയക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ഗുജ്ജാറുകള്‍ നടത്തുന്ന ട്രെയിന്‍ തടയല്‍ സമരത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടിയതിനു പിന്നാലെയാണ് നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തെ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പ്രക്ഷോഭകാരികളില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

Latest