International
വധശിക്ഷക്കെതിരായ ഹരജി പാക് സുപ്രീം കോടതി തള്ളി

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനില്‍ വധശിക്ഷക്കെതിരായ ഹരജി സുപ്രീം കോടതി തള്ളി. രാജ്യത്തെ ഭരണഘടന ജീവനും സ്വാതന്ത്ര്യത്തിനും പരിപൂര്‍ണ അവകാശം നല്‍കുന്നില്ലെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പെഷവാറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഡിസംബറില്‍ രാജ്യത്ത് വധശിക്ഷ പുനഃസ്ഥാപിച്ചത്. ഇവിടെ കൊല്ലപ്പെട്ടതില്‍ ഏറെയും കുട്ടികളായിരുന്നു. വധശിക്ഷക്കുള്ള മൊറോട്ടേറിയം പിന്‍വലിച്ച സര്‍ക്കാറിന്റെ നടപടിക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനങ്ങള്‍ വിമര്‍ശമുന്നയിച്ചിരുന്നു. വധശിക്ഷ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാണെന്ന് കാണിച്ച് അഭിഭാഷകനായ സഫറുല്ലയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ജസ്റ്റിസ് സാഖ്വിബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജി തള്ളിയത്. ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പാക്കിസ്ഥാന്‍ ഭരണഘടന പരിപൂര്‍ണമായി നല്‍കുന്നില്ലെന്ന് പറഞ്ഞ ജഡ്ജി ഒരാള്‍ക്ക് ജീവന്‍ ഇല്ലായ്മ ചെയ്യാനാകുമെന്നിരിക്കെ വധശിക്ഷ വിധിക്കുന്നത് നിയമപരമായാണെന്നും പറഞ്ഞു. വധശിക്ഷ ഇല്ലാതാക്കാന്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ പാര്‍ലിമെന്റിനെ സമീപിക്കാനും കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടു. പാക് ജയിലുകളില്‍ 8,000ത്തോളം പേര്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്. രാജ്യത്ത് വധശിക്ഷ പുനഃസ്ഥാപിച്ച ശേഷം 110 പേരുടെ ശിക്ഷ നടപ്പാക്കിയിട്ടുണ്ട്.