അന്വേഷണ റിപ്പോര്‍ട്ട് ചോരുന്നതാണോ പ്രശ്‌നം?

Posted on: May 28, 2015 6:00 am | Last updated: May 27, 2015 at 11:26 pm

SIRAJ.......ബാര്‍കോഴ കേസിലെ നുണ പരിശോധനാ ഫലം ചോര്‍ന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് സര്‍ക്കാര്‍. കേസിലെ മുഖ്യസാക്ഷിയായ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജ്കുമാര്‍ ഉണ്ണിയുടെ ഡ്രൈവര്‍ അമ്പിളിയില്‍ നിന്നെടുത്ത നുണ പരിശോധനാ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയില്‍ ചെന്ന് രാജ്കുമാര്‍ ഉണ്ണി അദ്ദേഹത്തിന് പണം കൈമാറുന്നത് താന്‍ കണ്ടിരുന്നുവെന്ന് അമ്പിളി വിജിലന്‍സിന് നല്‍കിയ മൊഴി സ്ഥിരീകരിക്കുന്നതാണ് പരിശോധനാ റിപ്പോര്‍ട്ട്. ഫോറന്‍സിക് ലാബില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ മുമ്പ്് അതീവരഹസ്യമായാണ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ബാര്‍ കോഴക്കേസ് അന്വേഷണച്ചുമതലയുള്ള വിജിലന്‍സ് ഉദ്യോഗസ്ഥന് മാത്രമാണ് കോടതി ഇത് കൈമാറിയത്. ചുരുക്കം ചിലര്‍ മാത്രം കണ്ട റിപ്പോര്‍ട്ട് പക്ഷേ രണ്ട് ദിവസം മുമ്പ് മാധ്യമങ്ങളിലൂടെ വെളിച്ചത്ത് വന്നു. റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ മന്ത്രി മാണിയും പാര്‍ട്ടിയും ശക്തമായി പ്രതിഷേധിക്കുകയും ഇേതക്കുറിച്ചു അന്വേഷണമാവശ്യപ്പെടുകയും ചെയ്തിരുന്നു.
റിപ്പോര്‍ട്ട് ചോര്‍ച്ച വിജിലന്‍സിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. എന്നാല്‍ ബാര്‍ കോഴ അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഇന്നോളമുള്ള ഗതി പരിശോധിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിലല്ല, അത് മാണിക്കെതിരാണെന്നതാണ് കേരള കോണ്‍ഗ്രസിനൊപ്പം സര്‍ക്കാറിനെയും വെപ്രാളത്തിലാക്കിയതെന്നാണ് മനസ്സിലാകുന്നത്. മന്ത്രിക്ക് ദോഷകരമല്ലാത്ത ഒരു റിപ്പോര്‍ട്ടാണ് ചോര്‍ന്നിരുതെങ്കില്‍ ഇങ്ങനെയൊരന്വേഷണം ഉണ്ടാകുമായിരുന്നോ? ഇതിലും വലിയ രഹസ്യ സ്വഭാവമുള്ള എന്തെല്ലാം ഈ രാജ്യത്ത് ചോരുന്നുണ്ട്? അത് അത്ര വലിയ കാര്യമാണോ? ബാര്‍ കോഴയുടെ നിജസ്ഥിതി കണ്ടുപിടിക്കുന്നതിലുപരി ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതിലാണ് സര്‍ക്കാറിന് ശ്രദ്ധ. മാണിക്ക് സാരമായ പരുക്കേല്‍പ്പിക്കാത്ത തരത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് ഇതിനാവശ്യമാണ്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശേഷിച്ചും. ഇതടിസ്ഥാനത്തില്‍ അദ്ദേഹം കോഴ വാങ്ങിയതിനു തെളിവില്ലെന്നു കാണിക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് തയാറാക്കുന്നതെന്നാണ് വിവരം. അതിനിടെ കോഴ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരികയും മന്ത്രിയും പാര്‍ട്ടിയും കോണ്‍ഗ്രസിനും ആഭ്യന്തവകുപ്പിനുമെതിരെ പടവാളെടുക്കുകയും ചെയ്താല്‍ അവരെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാറിന് എന്തെങ്കിലും ചെയ്യാതെ നിര്‍വാഹമില്ലല്ലോ.
നുണപരിശോധനാ ഫലം ചോര്‍ച്ചയെക്കുറിച്ച അന്വേഷണം കേവലം പ്രഹസനമാണെന്നറിയുന്നത് കൊണ്ടായരിക്കണം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അന്വേഷണ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണം നടത്തുകയെന്നായിരുന്നു രമേശ് ചെന്നിത്തല നേരത്തെ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് മന്ത്രി അവര്‍ക്ക് നിര്‍ദേശം നല്‍കിയരുന്നതുമാണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നിരിക്കെ രാഷ്ട്രീയ വിവാദങ്ങളില്‍ പങ്ക് ചേരാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് അന്വേഷണം ഏറ്റെടുക്കാത്തതെന്നായിരുന്നു നളിനി നെറ്റോയുടെ പ്രതികരണം. വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രമെന്നതില്‍ കവിഞ്ഞു ഈ അന്വേഷണത്തിന് ഒരു പ്രസക്തിയുമില്ലെന്ന് അവര്‍ക്കറിയാം. വിജിലന്‍സ് ബാര്‍കോഴ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് ചോര്‍ച്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുകയോ പൂര്‍ത്തിയായാല്‍ അത് പുറത്തുവിടുകയോ ചെയ്യാനുള്ള സാധ്യത വിരളമാണ്. ഫലത്തില്‍ കേവലമൊരു വഴിപാടാണ് അന്വേഷണം.
യു ഡി എഫ് സര്‍ക്കാറിന്റെ അഴിമതിരഹിത ഭരണ വാഗ്ദാനത്തിന് നിരക്കുന്നതല്ല ബാര്‍കോഴ കേസില്‍ സ്വീകരിച്ച നിലപാടുകളൊന്നും. സാഹചര്യത്തെളിവുകളെല്ലാം ബിജു രമേശിന്റെ ആരോപണത്തെ ശരിവെക്കുന്നുണ്ട്. ഏപ്രില്‍ രണ്ടിന് കാലത്ത് കെ എല്‍ ഒന്ന് ബി ബി 7878 നമ്പര്‍ കാറില്‍ രാജ്കുമാര്‍ ഉണ്ണിയും ഡ്രൈവര്‍ അമ്പിളിയും ക്ലിഫ് ഹൗസില്‍ എത്തിയതായി അവിടുത്തെ രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏപ്രില്‍ ഒന്നിനും രണ്ടിനും ഉണ്ണിയുമൊത്ത് സഞ്ചരിച്ചുവെന്നു ഡ്രൈവര്‍ അമ്പിളി പറയുന്ന വഴികളെല്ലാം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധന സ്ഥിരീകരിച്ചതായും അറിയുന്നു. രാജ്കുമാര്‍ ഉണ്ണിയുടെ നാല് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള സംസാരങ്ങളും ബാര്‍ ഉടമകള്‍ അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിച്ചതും തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ ബിജുരമേഷിനെ തള്ളിപ്പറഞ്ഞ ബാര്‍ ഉടമകളെല്ലാം പിന്നീട് ബിജുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഏറ്റവുമൊടുവിലായി നുണ പരിശോധനയും കോഴയെ ശരിവെക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള കുറുക്കു വഴികളല്ല, പൊതു ജനത്തിന്റെ ആശയക്കുഴപ്പമകറ്റാനും മന്ത്രിസഭയുടെ വിശ്യാസ്യത വീണ്ടെടുക്കാനുമുള്ള നടപടികളാണ് ആവശ്യം. കോഴക്കഥ രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് മന്ത്രി പറയുന്നത്. എങ്കിലും സാഹചര്യത്തെളിവുകള്‍ പ്രതികൂലമായതിനാല്‍ നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ഔദ്യോഗിക സ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നതല്ലേ ഉചിതം? അതിനുള്ള സാഹചര്യമൊരുക്കുകയാണ് മുഖ്യമന്ത്രിയും യു ഡി എഫ് നേതൃത്വവും വേണ്ടത്.