ജൂലൈ ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം

Posted on: May 28, 2015 6:00 am | Last updated: May 29, 2015 at 12:43 am

CONDUCtor KSRTC KNRകണ്ണൂര്‍: ഔദ്യോഗിക ചുമതലയുള്ളവരെ തിരിച്ചറിഞ്ഞ് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനും ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കാനും കെ എസ് ആ ര്‍ ടി സിയില്‍ പുതിയ യൂനിഫോം സംവിധാനം നിലവില്‍ വരുന്നു. ജൂലൈ ഒന്ന് മുതലാണ് പുതിയ ഡ്രസ്സ്് കോഡ് നിലവില്‍ വരിക. ജീവനക്കാരുമായും തൊളിലാളി സംഘടനകളുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് കെ എസ് ആര്‍ ടി സി യില്‍ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ബസുകളിലുള്ളത് പോലെയാണ് കണ്ടക്ടര്‍മാരുടെ യൂനിഫോമുള്ളത്. നേവി ബ്ലൂ ഷര്‍ട്ടും കടും നീല പാന്റുമാണ് കണ്ടക്ടര്‍മാരുടെ വേഷം. ഡ്രൈവര്‍മാര്‍ക്കും ഇതേ വേഷം തന്നെ. വിജിലന്‍സിന്റെയും പരിശോധക വിഭാഗത്തിന്റെയും യൂനിഫോം പരിഷ്‌കരിച്ചിട്ടുണ്ട്. കറുത്ത പാന്റ്‌സും വെള്ള ഷര്‍ട്ടും കറുത്തഷൂസുമാണ് ഇവരുടെ യൂനിഫോം. ഇതിന് പുറമേ ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്യുകയും ടൈ കെട്ടുകയും വേണം. ഓരോരുത്തരുടെയും പേരും ഫോട്ടോയും തസ്തികയും കോഡ് നമ്പറും അടങ്ങുന്ന നെയിം പ്ലേറ്റും യൂനിഫോമില്‍ പ്രദര്‍ശിപ്പിക്കും. ഡിപ്പോകളിലെ ജനറല്‍ ഇന്‍സ്‌പെക്ടര്‍മായ പരിശോധകന്‍മാര്‍ക്കുള്‍പ്പെടെയാണ് ഈ വേഷം. എന്നാല്‍ ബസില്‍പരിശോധനക്കെത്തുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡിന് യൂനിഫോം ബാധകമല്ല. ഡിപ്പോകളിലെ എല്ലാ ജീവനക്കാര്‍ക്കും യൂനിഫോം നിര്‍ബന്ധമായിരിക്കും. മെക്കാനിക്കല്‍ വിഭാഗത്തിന് ആഷ് നിറമുള്ള പാന്റും ഷര്‍ട്ടുമായിരിക്കും വേഷം. സ്റ്റോര്‍ ജീവനക്കാര്‍, പ്യൂണ്‍ തുടങ്ങിയവര്‍ക്കെല്ലാം ബ്രൗണ്‍ നിറത്തിലുള്ള പാന്റും ഷര്‍ട്ടുമായിരിക്കും യൂനിഫോം .വനിതകള്‍ക്കും പുതിയ ഡ്രസ്സ് കോഡ് ബാധകമാണ്.
ഓപറേറ്റിംഗ് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ യൂനിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ചില ഡിപ്പോകളില്‍ നിന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സിവില്‍ ഡ്രസ്സില്‍ ജോലിക്കെത്തിയാണ് ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഡ്യൂട്ടി തുടങ്ങുന്ന സമയം മുതല്‍ അവസാനിക്കും വരെ യൂനിഫോം ധരിക്കണമെന്നാണ് ചട്ടം. എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. ഡ്യൂട്ടിക്കിടെ മുങ്ങാനും മറ്റ് സ്വകാര്യ കാര്യങ്ങള്‍ നടത്താനുമാണ് യൂനിഫോം ധരിക്കാതെ ഇവര്‍ ജോലിക്കെത്തുന്നതെന്ന് ഇത്തരക്കാരെക്കുറിച്ച് ആക്ഷേപമുയര്‍ന്നിരുന്നു. യൂനിഫോം അലവന്‍സ് വാങ്ങുന്ന മുഴുവന്‍ ജീവനക്കാരും ഡ്രസ് ധരിക്കണന്നാണ് നിയമം. എന്നാല്‍ ഉത്തരവാദിത്വമുള്ള വിഷയങ്ങളില്‍ നിന്നും ജോലികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് പലരും യൂനിഫോം ധരിക്കാത്തതെന്ന് പരാതിയുണ്ട്. പുതിയ യൂനിഫോം വാങ്ങാനുള്ള അലവന്‍സ് ഈ മാസം തന്നെ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ജവഹര്‍ ലാല്‍ നെഹ്‌റു നഗര വികസന പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ ലോഫ്‌ലോര്‍ ബസുകള്‍ നിരത്തിലിറക്കുന്നതിന്റെകൂടി ഭാഗമാണ് പുതിയ യൂനിഫോം പരിഷ്‌കരണം. ലോ ഫ്‌ലോര്‍ ബസുകളിലെ ജീവനക്കാര്‍ക്ക് നിലവില്‍ പുതിയ യൂനിഫോം നേരത്തെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.