Gulf
യുഎഇയില്‍ എത്തുമ്പോള്‍ കൈവശം സൂക്ഷിക്കാന്‍ പാടില്ലാത്തവ

ദുബൈ: യു എ ഇയില്‍ നിരോധിച്ച ഉല്‍പന്നങ്ങളുമായോ വസ്തുക്കളുമായോ എത്തരുതെന്ന് ദുബൈ കസ്റ്റംസ് സീനിയര്‍ ഓഫീസര്‍ ഹസന്‍ ഇബ്‌റാഹീം മുന്നറിയിപ്പു നല്‍കി. ഉണ്ടെങ്കില്‍ നിങ്ങളെ എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ നാടുകടത്തും, ആജീവനാന്ത വിലക്ക് നേരിടേണ്ടിയും വരും.
ഓരോ ആഴ്ചയും യുഎഇ എയര്‍പോര്‍ട്ടുകളിലെത്തി സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുന്നവര്‍ നിരവധി. ഇവരുടെ ബാഗില്‍ നിന്നും ചില വസ്തുക്കള്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തുന്നതോടെയാണിവരെ ഉടനടി നാടുകടത്തുന്നത്. പിന്നെ ജീവിതത്തില്‍ ഒരിക്കലും ഇവര്‍ക്ക് യുഎഇയിലേയ്ക്ക് കടക്കാനാകില്ല. ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയാണിവരെ നാടുകടത്തുന്നത്.
പ്രധാനമായും ദുര്‍മന്ത്രവാദ വസ്തുക്കളുമായി എത്തുന്നവരെയാണ് എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ മടക്കി അയക്കുന്നത്. ഇത് യുഎഇയില്‍ പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ഇത് ഞങ്ങളുടെ വിശ്വാസത്തിനും എതിരാണ്. ദുര്‍മന്ത്രവാദികള്‍ സമൂഹത്തിന് അപകടവും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുമുയര്‍ത്തും.
ഓരോ ആഴ്ചയും ഇത്തരത്തിലുള്ള രണ്ടോ മൂന്നോ പേരെ നാടുകടത്താറുണ്ട്. ഇത്തരക്കാര്‍ ഏത് രാജ്യത്തുനിന്ന് വരുന്നു എന്നതും പ്രധാനമാണ്. ഇവരുടെ ബാഗുകള്‍ ഞങ്ങള്‍ കൃത്യമായും പരിശോധിക്കും. ഹസന്‍ ഇബ്രാഹീം പറഞ്ഞു.
ചിലതില്‍ ഖുര്‍ ആന്‍ വാക്യങ്ങളും എഴുതിയിട്ടുണ്ടാകും. കുങ്കുമ നിറത്തിലുള്ള മഷിയോ ചോരയോ ഉപയോഗിച്ചാകും ഇവ എഴുതുന്നത്. ഇതുകൂടാതെ മൃഗത്തിന്റെ തോല്‍, എല്ലുകള്‍, ചത്ത മൃഗങ്ങള്‍, പല മരുന്നുകളും അടങ്ങിയ കുത്തിവക്കാനുള്ള മരുന്നു നിറച്ച ചെറിയ കുപ്പികള്‍, ചോര, ഇലകള്‍, ചരടുകള്‍, കുന്തിരിക്കമോ സാമ്പ്രാണിയോ പോലുള്ള ധൂമ ദ്രവ്യങ്ങള്‍, മനുഷ്യന്റെ മുടി കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ എന്നിങ്ങനെ പലതും ആജീവാനാന്ത വിലക്കിന് വഴിവെക്കും.