Gulf
40 വര്‍ഷം മുമ്പ് പിരിഞ്ഞ പിതാവിനെത്തേടി മകന്‍

ദുബൈ: 40 വര്‍ഷം മുമ്പ് കാണാതായ പിതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഖത്തറിലുള്ള ഏഷ്യക്കാരന്‍ ദുബൈ പോലീസിനെ സമീപിച്ചു. 1975ല്‍ ആണ് കാണാതായയാള്‍ തന്റെ രാജ്യം സന്ദര്‍ശിച്ചത്. അയാള്‍ പോലീസുകാരനായിരുന്നു. നാട്ടില്‍വെച്ച് തന്റെ മാതാവിനെ കല്യാണം കഴിക്കുകയും ദുബൈയിലേക്ക് മടങ്ങുകയും ചെയ്തു. കുറച്ചു മാസം കഴിഞ്ഞപ്പോള്‍ യാതൊരു വിവരവുമുണ്ടായില്ല, അഭ്യര്‍ഥന നടത്തിയയാള്‍ പറഞ്ഞു. ദുബൈ പോലീസിന്റെ മനുഷ്യാവകാശ വിഭാഗത്തിലാണ് അഭ്യര്‍ഥന ലഭിച്ചതെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മൂര്‍ പറഞ്ഞു. അഭ്യര്‍ഥന നടത്തിയയാളും മാതാവും കുടുംബ സമേതം ഖത്തറിലാണ് താമസം. മാതാവിന് ഇപ്പോള്‍ വേറൊരു ഭര്‍ത്താവും കുട്ടികളുമുണ്ട്.
പിതാവിന് 33 വയസുള്ളപ്പോഴാണ് തന്റെ മാതാവിനെ കല്യാണം കഴിച്ചത്. രണ്ടാഴ്ച മാത്രമേ കൂടെയുണ്ടായിരുന്നുള്ളു. മകനാണ് ജനിക്കുന്നതെങ്കില്‍ അഹമ്മദ് എന്നും മകളാണെങ്കില്‍ ഫാത്വിമയെന്നും പേര് നല്‍കണമെന്ന് പിതാവ് തന്റെ മാതാവിനോട് പറഞ്ഞിരുന്നു. മാത്രമല്ല, താമസിയാതെ യു എ ഇയിലേക്ക് മാതാവിനെ എത്തിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പൊടുന്നനെ പിതാവും മാതാവുമായുള്ള ആശയ വിനിമയം അവസാനിച്ചു. ദുബൈയില്‍ ഒരു അപകടത്തില്‍ പിതാവ് മരിച്ചു എന്നായിരുന്നു ലഭ്യമായ വിവരം. മരിച്ചിരിക്കാന്‍ ഇടയില്ലെന്നാണ് തന്റെ ഊഹം, അഭ്യര്‍ഥനയില്‍ പറയുന്നു. കാണാതായയാളെക്കുറിച്ച് വ്യാപകമായ തിരച്ചില്‍ നടത്തുമെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മൂര്‍ പറഞ്ഞു.