International
അറബ് സഖ്യസേന രൂപവത്കരണം: കരട് രേഖ തയ്യാറായി

കൈറോ: പശ്ചിമേഷ്യയിലെ പ്രതിസന്ധികളില്‍ ഇടപെടാന്‍ കഴിയുന്ന രൂപത്തിലുള്ള സംയുക്ത അറബ് സഖ്യസൈന്യത്തിന്റെ രൂപവത്കരണം സംബന്ധിച്ച് കരട് രേഖ തയ്യാറായി. അറബ് രാജ്യങ്ങളുടെ സ്റ്റാഫുകളുടെ സൈനിക മേധാവി ഇതുസംബന്ധിച്ച ഒരു കരട് രേഖ കഴിഞ്ഞ ദിവസമാണ് മുന്നോട്ടുവെച്ചത്. അതേസമയം, ചില പ്രധാനവിഷയങ്ങളില്‍ ഇപ്പോഴും തീരുമാനത്തിലെത്താനായിട്ടില്ലെന്നാണ് സൂചന. സംയുക്ത അറബ് സഖ്യസൈന്യത്തിന്റെ ആസ്ഥാനം എവിടെയാണെന്ന കാര്യം ഉള്‍പ്പെടെയുള്ള വിഷയത്തിലാണ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. എന്ന് മുതലാണ് സഖ്യ സൈന്യത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതെന്നും എങ്ങനെയായിരിക്കണം ഇതെന്നും തുടങ്ങിയ വിഷയങ്ങള്‍ കരട് രേഖയിലുണ്ട്. ഇതില്‍ അംഗത്വമെടുക്കല്‍ എല്ലാ അറബ് രാജ്യങ്ങള്‍ക്കും നിര്‍ബന്ധമാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് അംഗങ്ങള്‍ ഈ പദ്ധതിയില്‍ ഒപ്പ് വെച്ചാല്‍ സംയുക്ത അറബ് സഖ്യസൈന്യം നിലവില്‍ വരും. ഭീഷണി നേരിടുന്ന അറബ് രാജ്യങ്ങളുടെ അഭ്യര്‍ഥന ഉണ്ടായാല്‍ മാത്രമേ സംയുക്ത സൈന്യം ഇടപെടുകയുള്ളൂ. അംഗത്വമെടുക്കുന്ന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരായിരിക്കും സംയുക്ത സൈന്യത്തിന് നേതൃത്വം നല്‍കുക. എന്തെങ്കിലും തീരുമാനമെടുക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അനിവാര്യമാണെന്നും കരട് രേഖ വ്യക്തമാക്കുന്നു.
അതേസമയം, സംയുക്ത സൈന്യത്തിന്റെ ആസ്ഥാനം എവിടെയാണെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. അറബ് ലീഗിന്റെ കേന്ദ്രമായ ഈജിപ്തിലെ കൈറോവില്‍ ഇത് വേണമെന്ന നിലപാടുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഖത്തറും അള്‍ജീരിയയും ഇതിനെ എതിര്‍ക്കുന്നവരാണ്.
സംയുക്ത അറബ് സഖ്യസൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ യമനിലെ സഊദികള്‍ക്ക് നേരെ വ്യോമാക്രമണം നടക്കുന്നത്. എന്നാല്‍ ലിബിയ പോലുള്ള, വ്യത്യസ്ത അറബ് രാജ്യങ്ങള്‍ വ്യത്യസ്ത രീതിയില്‍ പിന്തുണ നല്‍കുന്ന, രാജ്യങ്ങളില്‍ സൈന്യത്തിന്റെ ഇടപെടല്‍ പ്രയാസകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.