Kerala
നീന്തല്‍കുളങ്ങളുടെ ലൈസന്‍സ്: നോഡല്‍ ഏജന്‍സി വേണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പൊതു നീന്തല്‍കുളങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനും അവയുടെ സുരക്ഷയും നടത്തിപ്പും സംബന്ധിച്ച് നിയന്ത്രണ സംവിധാനം തയ്യാറാക്കുന്നതിനും നോഡല്‍ ഏജന്‍സിയെ നിയമിക്കാന്‍ 30 ദിവസത്തിനുളളില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. നാട്ടിന്‍പുറങ്ങളിലെ കുളങ്ങള്‍ ഉള്‍പ്പെടെയുളളവയില്‍ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.
നീന്തല്‍കുളങ്ങളില്‍ പരിശീലനം നല്‍കുമ്പോള്‍ കുട്ടികള്‍ക്ക് ആനുപാതികമായി നീന്തല്‍ പരിശീലകരും ലൈഫ് ഗാര്‍ഡുമാരും ഉണ്ടായിരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. നീന്തല്‍കുളത്തിന് ആവശ്യമായ സെക്യൂരിറ്റിയും വൃത്തിയും ഉണ്ടായിരിക്കണം. നീന്തല്‍കുളത്തിന് നിര്‍ദ്ദിഷ്ട ആഴമേ ഉളളൂവെന്ന് ഉറപ്പാക്കണം. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് 12 വയസ്സുളള കുട്ടി നീന്തല്‍ പരിശീലനത്തിനിടെ മുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ദ്ദേശം. നീന്തല്‍കുളങ്ങള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ബന്ധപ്പെട്ട നിയമങ്ങളില്‍ വ്യവസ്ഥയില്ലെന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍, ചീഫ് ടൗണ്‍ പ്ലാനര്‍, കേരളാ അക്വാട്ടിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്നിവര്‍ കമ്മീഷനെ അറിയിച്ചിരുന്നു. കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ശോഭാ കോശി, അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട് പി വി, സന്ധ്യ ജെ എന്നിവരടങ്ങിയ ഡിവിന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.