Editorial
കോടതി വിധി കേന്ദ്രത്തിന് തിരിച്ചടി

രാഷ്ട്രീയ പ്രതിയോഗികള്‍ നയിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടങ്കോലിടുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്കെതിരായ കോടതി വിധി. ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണര്‍ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും തിരഞ്ഞടുപ്പിലൂടെ അധികാരത്തിേലറിയ സര്‍ക്കാറിനെ മാനിക്കാനും സര്‍ക്കാറിന്റെ ഉപദേശമനുസരിച്ചു പ്രവര്‍ത്തിക്കാനും അദ്ദേഹം ബാധ്യസ്ഥനാണെന്നുമാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ് ഡല്‍ഹി പോലീസെങ്കിലും അഴിമതിക്കുറ്റം ചുമത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചേയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമുണ്ടെന്നും വിധിയില്‍ ജസ്റ്റിസ് വിപിന്‍ സാംഗി വ്യക്തമാക്കി.
ഒരു അഴിമതിക്കേസില്‍ ഡല്‍ഹിയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അനില്‍കുമാറിനെ സംസ്ഥാന അഴിമതിനിരോധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്രിമിനല്‍ കുറ്റങ്ങളില്‍ കേന്ദ്ര ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് ഡല്‍ഹി സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ വിലക്കുകയും പോലീസ്, സര്‍വീസ്, പബഌക് ഓര്‍ഡര്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ ലഫ്. ഗവര്‍ണര്‍ക്ക് നല്‍കിക്കൊണ്ട് വിജ്ഞാപനമിറക്കുകയും ചെയ്തു. അനില്‍കുമാറിന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റിവെച്ച ശേഷമിറങ്ങിയ ഈ വിജ്ഞാപനം സുതാര്യമല്ലാത്ത സംശയാസ്പദവുമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത് മുതല്‍ സര്‍ക്കാറും ലഫ്. ഗവര്‍ണര്‍ നജീബ് ജംഗും തമ്മിലുള്ള ഉരസല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും താത്കാലിക ചീഫ് സെക്രട്ടറി നിയമനത്തര്‍ക്കത്തോടെയാണ് അത് മറനീക്കി പുറത്തുവന്നത്. കോര്‍പറേറ്റുകളുടെ താത്പര്യ സംര ക്ഷകയെന്നാരോപിക്കപ്പെടുന്ന ശകുന്തള ഗാംലിനെ നിയമിക്കണമെന്നായിരുന്നു ലഫ്. ഗവര്‍ണറുടെ നിര്‍ദേശം. സര്‍ക്കാര്‍ അതിനോട് വിയോജിപ്പ് പ്രകടിപ്പിെച്ചങ്കിലും ഗാംലിയെ തന്നെ നിയമിക്കുകയായിരുന്നു പ്രന്‍സിപ്പല്‍ സെക്രട്ടറി അനിന്ദോ മജുംദാര്‍. പ്രന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അനിന്ദോ മജുംദാറിനെ നീക്കി സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടിച്ചു. തത്സ്ഥാനത്ത് മറ്റു രണ്ട് പേരെ നിയമിക്കുകയും ചെയ്തു. ലഫ്. ഗവര്‍ണറുമായി ആലോചിക്കാതെ നടത്തിയ ഈ നിയമനങ്ങള്‍ അദ്ദേഹം റദ്ദ് ചെയ്യുകയും നിയമനങ്ങളും സ്ഥലം മാറ്റവും തന്റെ അധികാര പരിധിയില്‍ പെട്ടതാണെന്നു കാണിച്ചു കെജ്‌രിവാളിന് കത്തെഴുതുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ലഫ്. ഗവര്‍ണറുടെ നിലപാടിന് പിന്തുണ നല്‍കിയാണ് നിയമനാധികാരം അദ്ദേഹത്തിന് പതിച്ചുനല്‍കിയത്. ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലം മാറ്റത്തിലും സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം തേടേണ്ടതില്ലെന്ന് കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. തിരെഞ്ഞടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാറിന്റെ ഉപദേശം മാനിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന കോടതി പരാമര്‍ശം കേന്ദ്ര സര്‍ക്കാറിന്റെയും ലഫ്. ഗവര്‍ണറുടെയും അവകാശവാദങ്ങളുടെ നിരാസവും എ എ പി സര്‍ക്കാറിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരവുമാണ്.
ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ ലഫ്. ഗവര്‍ണറെ പൂര്‍ണമായി പിന്തുണക്കുന്ന കേന്ദ്ര നയം ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വിധിക്കു മുമ്പേ തന്നെ നിയമവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നതാണ്. സംസ്ഥാനം നിയമപരമായ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ജനായത്ത സര്‍ക്കാറിന്റെ അഭിപ്രായത്തിന് മുന്‍തുക്കം നല്‍കിയായിരിക്കണം അത് പരിഹരിക്കേണ്ടതെന്നായിരുന്നു സുപ്രീം കോടതി മുന്‍ചീഫ് ജസ്റ്റിസ് കട്ജുവിന്റെ നിരീക്ഷണം. നിയമനാധികാരം ലഫ്. ഗവര്‍ണര്‍ക്ക് നല്‍കിയ കേന്ദ്ര വിജ്ഞാപനത്തിന് രാഷ്ട്രപതിയുടെ അനുമതിയില്ലാത്തതിനാല്‍ നിയമ സാധുതയില്ലെന്നും നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി വിധി ഈ വീക്ഷണങ്ങളെ സ്ഥിരീകരിച്ചിരിക്കുകയാണ്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സൗഹൃദപരമായ ബന്ധമാണ് ഫെഡറല്‍ സംവിധാനം നിഷ്‌കര്‍ഷിക്കുന്നത്. ഡല്‍ഹി ഭരണകൂടത്തിന്റെ അവകാശങ്ങളെ ഒന്നൊന്നായി കവര്‍ന്നെടുക്കുന്നതിലൂടെ ഫെഡറല്‍ വ്യവസ്ഥയെ നോക്കുകുത്തിയാക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍. കൊളോണിയല്‍ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം ഒരു വൈസ്രോയിയുടെ റോളിലാണ് കേന്ദ്രത്തിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ യു പി എ ഭരണ കാലത്ത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ചിറ്റമ്മനയം കാണിക്കുന്നതായി അഡ്വാനിയുള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചിരുന്നു. അതിനേക്കാള്‍ വലിയ വിവേചനമാണ് മോദി ഭരണകൂടം ബി ജെ പി ഇതര സര്‍ക്കാറുകളോട് കാണിക്കുന്നത്. പലപ്പോഴും തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും ജനങ്ങളെ നയിക്കുന്നത് കേന്ദ്രത്തിന്റെ ഇത്തരം വിവേചനവും അവഗണനയുമാണെന്ന വസ്തുത നേതാക്കള്‍ വിസ്മരിക്കരുത്.