Articles
ഖത്മുല്‍ ബുഖാരി: വൈജ്ഞാനിക പാരമ്പര്യത്തിന്റെ ചരിത്ര സംഗമം

പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകം ആധികാരിക പ്രമാണമായി കണക്കാക്കുന്ന പ്രവാചക വചനങ്ങളുടെ ക്രോഡീകരണ ഗ്രന്ഥമാണ് (ഇപ്പോഴത്തെ) റഷ്യയിലെ ഉസ്ബക്കിസ്ഥാന്‍കാരനായ ഇമാം ബുഖാരി രചിച്ച സ്വഹീഹുല്‍ ബുഖാരി. ഈ ഹദീസ് ഗ്രന്ഥം പഠിച്ചു തീര്‍ക്കുമ്പോള്‍ സംഘടിപ്പിക്കുന്ന ആത്മീയ സദസ്സാണ് “ഖത്മുല്‍ ബുഖാരി”. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയും മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന ഈ ഹദീസ് ക്ലാസ് മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ പഠന കളരികളില്‍ ഒന്നാണ്.
ഇതിനകം മര്‍കസിലെ ഖത്മുല്‍ ബുഖാരി ക്ലാസുകളില്‍ നിന്ന് ആത്മീയ ജ്ഞാനം ഉള്‍ക്കൊണ്ട പതിനായിരക്കണക്കിന് മത പണ്ഡിതന്മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ രാഷ്ട്രങ്ങളിലും ദീനീപ്രബോധനവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രബോധന ജീവിതത്തിലെ വെല്ലുവിളികള്‍ക്ക് മുമ്പില്‍ സ്വഹീഹുല്‍ ബുഖാരി പകര്‍ന്നുതരുന്ന ആത്മ വിശ്വാസം പണ്ഡിതരെ മുന്നോട്ടു നയിക്കുന്നു. ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളിലെ എല്ലാ വിഷയങ്ങളും ഖത്മുല്‍ ബുഖാരി ക്ലാസ്സുകളില്‍ ചര്‍ച്ചക്ക് വന്നു. ജീവിത ദര്‍ശനവും ആത്മീയ ഔന്നിത്യവും പകര്‍ന്നുനല്‍കിയാണ് ഉസ്താദ് ഓരോ ബുഖാരി ക്ലാസും നയിച്ചത്. അതുകൊണ്ട് തന്നെ, ജീവിതത്തിലെ വെല്ലുവിളികള്‍ മനോഹരമായി അഭിമുഖീകരിക്കുന്ന ആദര്‍ശപോരാളികളായി അവര്‍ രൂപപ്പെടുന്നു.
വിപുലമായ പരിപാടികളോടെയാണ് ഈ വര്‍ഷത്തെ ഖത്മുല്‍ ബുഖാരി ആത്മീയ സമ്മേളനം മര്‍കസില്‍ സംഘടിപ്പിക്കുന്നത്. 27ന് നടക്കുന്ന ദേശീയ സഖാഫി സമ്മേളനത്തില്‍ കേരളത്തിനു പുറത്ത് സേവനം അനുഷ്ഠിക്കുന്ന സഖാഫികള്‍ സംഗമിക്കും. നാളെ വിവിധ ആത്മീയ, വിശ്വാസ, കര്‍മ ശാസ്ത്ര ചര്‍ച്ചകളോടെ സംസ്ഥാന സഖാഫി സംഗമവും ഖത്മുല്‍ ബുഖാരി ആത്മീയ സമ്മേളനവും നടക്കും.
വിശുദ്ധ ഇസ്‌ലാമിന്റെ രണ്ടാം പ്രമാണമായ തിരുസുന്നത്തിനെ കൃത്യവും കണിശവുമായി ശേഖരിച്ചും സമര്‍പ്പിച്ചും നിസ്തുലനായ മഹദ്‌വ്യക്തിത്വമാണ് ഇമാം ബുഖാരി(റ). ഹദീസ് വിഷയത്തില്‍ സത്യവിശ്വാസികളുടെ നേതാവ് (അമീറുല്‍ മുഅ്മിനീന്‍) എന്ന അപരനാമത്താല്‍ വിശ്രുതനായ അദ്ദേഹം നടത്തിയ സേവനത്തിന്റെ മൂല്യം സമൂഹം തിരിച്ചറിഞ്ഞ് കലവറയില്ലാതെ സ്വീകരിച്ചു. ഭക്തിയും സത്യസന്ധതയും പാവങ്ങളോടും വിദ്യാര്‍ഥികളോടുമുള്ള ഔദാര്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഇമാം ഹദീസ് സമാഹരണത്തിനും സംശോധനക്കുമാണ് ജീവിതം നീക്കിവെച്ചത്. ഇമാം ഒരിക്കല്‍ ഹദീസ് അന്വേഷിച്ച് നൂറുകണക്കിന് മൈലുകള്‍ താണ്ടി ലക്ഷ്യസ്ഥാനത്തെത്തി. ഹദീസ് വക്താവിന്റെ വീട്ടുവാതില്‍ക്കലെത്തിയപ്പോള്‍ അയാള്‍ ഒഴിഞ്ഞ ഭക്ഷണസഞ്ചി കാണിച്ച് കുറച്ച് ദൂരെ മേയുകയായിരുന്ന തന്റെ വളര്‍ത്തുമൃഗത്തെ വിളിക്കുന്നത് ഇമാമിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ സംഭവത്തില്‍ നിന്നും അയാള്‍ വിശ്വാസയോഗ്യനല്ലെന്ന് മനസ്സിലാക്കി ഒരു നിമിഷം പോലും പാഴാക്കാതെ ഇമാം സ്ഥലം വിട്ടു.
തിരുവചനങ്ങളില്‍ കലര്‍പ്പൊട്ടും കടന്നുവരാനിടവരാത്ത വിധം അവയുടെ പരമ്പരയിലുള്ള ഗുരുവര്യരെക്കുറിച്ച് സൂക്ഷ്മപഠനം നടത്തി ശേഖരിച്ച ഹദീസുകളില്‍ നിന്നാണ് സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചത്. ഇസ്‌ലാമിക തത്ത്വങ്ങളുടെ പരിരക്ഷ ലഭിക്കാതെപോയ ദൗര്‍ഭാഗ്യവാന്മാര്‍ മാത്രമാണ് ഇമാം ബുഖാരി(റ)യുടെ നിസ്തുല സംഭാവനയെ സംശയിച്ചിട്ടുള്ളത്. ഇസ്‌ലാമിക സമൂഹത്തിന്റെ നേര്‍വഴിയില്‍ നിന്നും തെന്നിമാറി സഞ്ചരിച്ചവര്‍ പേറുന്ന വിശ്വാസമാലിന്യത്തിന്റെ ഫലമായി ചിലര്‍ സ്വഹീഹുല്‍ ബുഖാരിയില്‍ തിരുത്താവശ്യപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ ഓറിയന്റലിസത്തിന്റെ ഇസ്‌ലാംവിരുദ്ധ വിഴുപ്പ് പേറിയവരാണ് സ്വഹീഹായ ഹദീസുകളില്‍ സംശയം രേഖപ്പെടുത്തുന്നത്.
ഇമാം ബുഖാരി (റ) ഹദീസ് സ്വീകരണത്തിലും ഗുരുനാഥന്മാരെ കണ്ടെത്തുന്നതിലും സ്വീകരിച്ച കണിശതയും കൃത്യതയും എടുത്തുപറയേണ്ടതാണ്. അനിതര സാധാരണമായ തന്റെ ബുദ്ധിശക്തിയും അന്വേഷണത്വരയും ചെറുപ്പനാളിലേ സമൂഹവും ഗുരുനാഥന്മാരും മനസ്സിലാക്കിയിരുന്നതാണ്. ഒരായുഷ്‌കാലത്തെ താനെങ്ങനെ നടന്നവസാനിപ്പിച്ചു എന്നതിനെക്കുറിച്ച് അവസാന കാലത്തും കൃത്യമായി വിവരിക്കാനദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നാണ് ചരിത്രം.
ഇമാം ബുഖാരി(റ)യുടെ ശിഷ്യന്മാര്‍ ലോകം നിറഞ്ഞുനില്‍ക്കുന്നു. തലമുറകളായി അവരിലൂടെ അറിവിന്റെ പൊന്‍പ്രഭ ലോകത്തെല്ലായിടത്തുമെത്തി. “സ്വഹീഹുല്‍ ബുഖാരി ഗ്രന്ഥകാരനില്‍ നിന്നു തന്നെ അറുപതിനായിരം പേര്‍ കേട്ടിട്ടുണ്ട്” എന്നു ഇമാം ഫര്‍ബരി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന വിശ്വ പ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹ് മുസ്‌ലിമിന്റെ കര്‍ത്താവായ ഇമാം മുസ്‌ലിമുല്‍ ഹജ്ജാജ്, ഇമാം അബൂ ഈസത്തുര്‍മുദി, ഇമാം നസാഈ, ഇമാം ഫര്‍ബരി, ഇമാം ദാരിമി, മുഹമ്മദ്ബ്‌നു നസ്വ്‌റുല്‍ മര്‍വസി, ഇമാം അബൂഹാതിമുര്‍റാസി, ഇമാം ഇബ്‌റാഹീമുല്‍ ഖര്‍ഖി, ഹാഫിള് അബൂബക്ര്‍ ബിന്‍ അബീ ആസ്വിം, ഇബ്‌നു ഖുസൈമ, അബൂ ജഅ്ഫര്‍ മുഹമ്മദ്ബ്‌നു അബീഹാതിമില്‍ വര്‍റാഖി (ഇമാം ബുഖാരിയുടെ എഴുത്തുകാരന്‍), അബൂ അബ്ദില്ല ഹുസൈന്‍ ബിന്‍ ഇസ്മാഈലുല്‍ മഹാമിലി, അബൂ ഇസ്ഹാഖ് ഇബ്‌റാഹീം ബിന്‍ മഅ്ഖലിന്നസഫി ഇങ്ങനെ പോകുന്നു ശിഷ്യന്മാരുടെ നീണ്ട നിര. ഇവരത്രയും ലോക പ്രശസ്ത മുഹദ്ദിസുകളും കര്‍മശാസ്ത്ര വിശാരദരുമാണ്.
ഈ വൈജ്ഞാനിക പാരമ്പര്യത്തിന്റെ ചരിത്രപരമായ തുടര്‍ച്ചയാണ് മര്‍കസില്‍ നടന്നു വരുന്ന സ്വഹീഹുല്‍ ബുഖാരി ദര്‍സ്. കാന്തപുരം ഉസ്താദിന്റെ ആത്മീയ ചൈതന്യം നേരിട്ട് അനുഭവവേദ്യമാവുന്ന ഉള്‍ക്കാഴ്ചയുള്ള പണ്ഡിത ചര്‍ച്ചകളാണ് ഓരോ ദര്‍സും. കേരള മുസ്‌ലിംകളുടെ സമീപകാല വൈജ്ഞാനിക ചരിത്രത്തില്‍ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു സദസ്സും കാണാനാകില്ല. ഈ പാരമ്പര്യത്തിന്റെ വാര്‍ഷികാഘോഷമായി സംഘടിപ്പിക്കുന്നതാണ് ഖത്മുല്‍ ബുഖാരി ആത്മീയ സമ്മേളനം.
കേരളത്തില്‍ എവിടെയുണ്ടെങ്കിലും രാവിലെ 6.30 മുതല്‍ എട്ട് വരെയുള്ള പ്രഭാത സമയത്ത് ബുഖാരി ദര്‍സിന് മര്‍കസില്‍ കുതിച്ചെത്തുന്ന കാന്തപുരം ഉസ്താദിന്റെ ആവേശത്തില്‍ തിരുനബി (സ) യോടുള്ള അതിയായ സ്‌നേഹം കൂടി വായിച്ചെടുക്കാനാകും. സുന്നത്തിനെയും സുന്നി പ്രസ്ഥാനത്തെയും വിമര്‍ശിക്കുന്നവര്‍ക്ക് ശൈഖുനാ ഉസ്താദ് കനത്ത താക്കീതാണ്. സുന്നത്തിന്റെ സംരക്ഷകര്‍ക്ക് ശൈഖുനാ തണലാണ്. എല്ലാ ദിവസവും ധാരാളമായി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ചൊല്ലുന്ന ബുഖാരി ദര്‍സ് ഏതൊരു വിശ്വാസിക്കും ഒരു വിസ്മയമാണ്.
ഇത്രയേറെ സ്വീകാര്യത ലഭിച്ച ഒരു പണ്ഡിതന്‍ വേറെ ആരുണ്ട്? ഇമാം ബുഖാരി(റ)യെ ലോകം ഇഷ്ടപ്പെടുന്നു. പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഈ പേര്‍ പരിചിതം. ബുഖാരി എന്ന ഹദീസ് ഗ്രന്ഥം 1964 മുതല്‍ എല്ലാ വര്‍ഷവും ദര്‍സ് നടത്താന്‍ ഭാഗ്യം ലഭിച്ച ശൈഖുനാ കാന്തപുരം ഉസ്താദ് എല്ലാ അര്‍ഥത്തിലും ഭാഗ്യവാനാണ്. എണ്ണായിരത്തിലധികം സഖാഫികളും മറ്റു ഉലമാക്കളും ശൈഖുനയില്‍ നിന്ന് ഹദീസ് കേള്‍ക്കുകയും ഇജാസത്ത് വാങ്ങുകയും ചെയ്തിട്ടുണ്ട്. മര്‍കസ് ശരീഅത്ത് കോളജും കാന്തപുരം ഉസ്താദും ജനശ്രദ്ധയും വിശ്വാസികളുടെ അഭിനന്ദനവും പിടിച്ചുപറ്റിയത് ഹദീസുകളോടുള്ള ആഭിമുഖ്യം കൊണ്ട് തന്നെയാണ്. ദീര്‍ഘ കാലം ഈ വിശുദ്ധ ഗ്രന്ഥത്തിന്, അതു വഴി ദീനിനും സുന്നത്ത് ജമാഅത്തിനും ഖിദ്മത്ത് ചെയ്യാന്‍ നമ്മുടെ ഗുരുവര്യര്‍ക്കും നമുക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീന്‍