പരമ്പര രണ്ടാം ഭാഗം | മീന്‍ കുറഞ്ഞ് കുറഞ്ഞ്‌

Posted on: May 27, 2015 7:00 am | Last updated: May 26, 2015 at 9:54 pm

കടലോളം കണ്ണീര്‍ | പരമ്പരയുടെ രണ്ടാം ഭാഗം

fish kerala
KADALOLAM KANNNEEER 2ഭക്ഷണ സംസ്‌കാരം മാറുമ്പോഴും മലയാളിയുടെ തീന്‍മേശയിലെ ഇഷ്ട മത്സ്യവിഭവമാണ് മത്തി (ചാള). ഈ പോക്ക് പോയാല്‍ മത്തി ഇനി കിട്ടാക്കനിയാകുമെന്നാണ് പഠനം. മത്തി ഉള്‍പ്പെടെ പല മത്സ്യവിഭവങ്ങളും കേരള തീരം വിടുകയാണെന്ന് കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഈ മാസം ആദ്യവാരം പുറത്തിറക്കിയ വാര്‍ഷിക പഠന റിപ്പോര്‍ട്ട് അടിവരയിടുന്നു. തീരപ്രദേശമുള്ള ഒമ്പത് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെട്ട പഠനത്തിലാണ് ഈ കണ്ടെത്തല്‍.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ മത്തി 2014ല്‍ 92,000 ടണ്‍ കുറഞ്ഞെന്നാണ് കണക്ക്. 2013ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പിടിച്ചത് മത്തിയായിരുന്നു. രാജ്യത്ത് ഏറ്റവും അധികം ലഭിക്കുന്ന മത്സ്യവും മത്തിയാണ്. 5.45 ലക്ഷം ടണ്‍ വരും ഇത്. മൊത്തം മത്സ്യ ലഭ്യതയുടെ 15.2 ശതമാനം.

കടലിലെ പ്രാഥമിക ഉത്പാദകരെ ഭക്ഷിച്ച് ജീവിതം ചക്രം പൂര്‍ത്തീകരിക്കുന്നതിനാല്‍ ശുദ്ധമത്സ്യമെന്നാണ് മത്തി അറിയപ്പെടുന്നത്. ഒമേഗ ഫാറ്റ് ധാരാളമുള്ളതിനാല്‍ ഹൃദ്രോഗികളുടെ ഇഷ്ട ഭക്ഷണം. വളരെ ലോലമായ ജീവിത സാഹചര്യങ്ങളില്‍ വസിക്കുന്നതിനാല്‍ കടലിലെ ചെറിയ ആവാസവ്യവസ്ഥാ മാറ്റം പോലും ഇവയെ ബാധിക്കുന്നു. ചാള കുറഞ്ഞ് വരികയാണെന്ന കണ്ടെത്തല്‍ ഗൗരവമായ ചിന്തകള്‍ക്ക് വഴിതുറക്കേണ്ടതുണ്ട്.

പോയ കാലങ്ങളില്‍ പാലപ്പോഴും ചാളയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചാള ഉത്പാദനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയ 1943ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കേരളത്തില്‍ ചാള പിടുത്തം നിരോധിച്ചിരുന്നതായി ചരിത്രം ഓര്‍മിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷമാണ് ഈ നിരോധം നീക്കിയത്. ചാളകള്‍ കൂടുതലായി പിടിച്ച് തീറ്റയും വളവുമാക്കി മാറ്റുന്നതാണ് വലിയ പ്രതിസന്ധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിവര്‍ഷം പിടിക്കുന്ന 86 ദശലക്ഷം ടണ്‍ മത്സ്യത്തില്‍ 27 ദശലക്ഷം പന്നി, കോഴി, അക്വാകള്‍ച്ചര്‍ എന്നിവക്ക് തീറ്റ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്. ഉപജീവന മാര്‍ഗമെന്നതില്‍ നിന്ന് അമിത ലാഭം ലാക്കാക്കിയുള്ള പ്രവര്‍ത്തനത്തിലേക്ക് മത്സ്യബന്ധനത്തെ കൊണ്ടുപോകുന്നതാണ് പ്രതിസന്ധിയുടെയെല്ലാം അടിസ്ഥാനം.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആകെ മത്സ്യ ലഭ്യതയിലും കേരള തീരത്ത് വന്‍ കുറവുണ്ട്. 2013ല്‍ 6.71 ലക്ഷം ടണ്‍ മത്സ്യങ്ങള്‍ പിടിച്ച സ്ഥാനത്ത് ഇക്കുറി 5.76 ലക്ഷം ടണ്‍ മാത്രമാണ്് ആകെ പിടിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശ ട്രോളറുകള്‍ക്ക് പരവതാനി വിരിക്കാന്‍ പാടുപെടുന്നവര്‍ പക്ഷേ, ഇതൊന്നും ഗൗനിക്കുന്നില്ലെന്ന് മാത്രം.
മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സ്ഥിതിവിവര കണക്കില്‍ കേരള തീരത്തു നിന്ന് ലഭിച്ച മത്സ്യത്തില്‍ 16 ശതമാനം കുറവുണ്ടായതായി വ്യക്തമാക്കുന്നു. 2014നെ അപേക്ഷിച്ച് രാജ്യത്താകെ സംഭവിച്ച കുറവ് അഞ്ച് ശതമാനം. 2013ലെ 3.78 ദശലക്ഷം ടണ്ണില്‍ നിന്ന് മത്സ്യ ലഭ്യത 2014ല്‍ 3.59 ടണ്‍ ആയി കുറഞ്ഞു. 5.76 ലക്ഷം ടണ്‍ മീന്‍ ആണ് കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിടിച്ചത്.

രാജ്യത്തെ ആകെ മത്സ്യലഭ്യതയില്‍ ഗുജറാത്തിനും തമിഴ്‌നാടിനും പിന്നില്‍ മൂന്നാമതാണ് ഇപ്പോള്‍ കേരളത്തിന്റെ സ്ഥാനം. അയല, കൂന്തള്‍, ചെമ്മീന്‍ എന്നിവയില്‍ കേരളതീരത്ത് വര്‍ധനവുണ്ടായപ്പോള്‍, വറ്റ, കിളിമീന്‍, കൊഴുവ എന്നിവ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. ഏതാനും മത്സ്യങ്ങള്‍ അപകട ഭീഷണി നേരിടുകയാണ്. കേരള തീരത്ത് പരിശോധനക്ക് വിധേയമായ 1000 മത്സ്യ സ്പീഷിസുകളില്‍ ‘ഏട്ട’ മത്സ്യം അപകട ഭീഷണി നേരിടുന്നു. പശ്ചിമ ബംഗാള്‍ തീരത്ത് ഹില്‍സ മത്സ്യത്തിന്റെ ലഭ്യതയില്‍ വന്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിനു പുറമെ ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദാമന്‍ദിയു സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം മത്സ്യലഭ്യതയില്‍ കാര്യമായ കുറവുണ്ടായെന്നാണ് മത്സ്യഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. തീരദേശ സംസ്ഥാനങ്ങളില്‍ നിന്ന് 2014ല്‍ ലഭിച്ച മത്സ്യസമ്പത്തിന്റെ കണക്ക് ഇപ്രകാരമാണ്: ഗുജറാത്ത് (7.12 ലക്ഷം ടണ്‍ ), തമിഴ്‌നാട് (6.65), കേരളം (5.76), കര്‍ണാടക (4.74), മഹാരാഷ്ട്ര (3.44), ആന്ധ്രാപ്രദേശ് (3.42), ഗോവ (1.53), ഒഡീഷ (1.39), പശ്ചിമ ബംഗാള്‍ (0.77) , പുതുച്ചേരി (0.65), ദാമന്‍ ദിയു (0.46 ലക്ഷം ടണ്‍ ).

കുത്തക ഭീമന്‍മാരുടെ ഈ രംഗത്തേക്കുള്ള കടന്നുവരവും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. വന്‍കിട ട്രോളറുകള്‍ക്ക് മീന്‍പിടിക്കാന്‍ അനുമതി നല്‍കുമ്പോള്‍ കാത്തിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നില്ല. കടുത്ത ആര്‍ത്തിയോടെ മത്സ്യബന്ധനം നടത്തിയിട്ടും വിപണിക്കാവശ്യമായതിന്റെ 30 ശതമാനം മത്സ്യം മാത്രമാണ് ഇന്നും ലഭ്യമാകുന്നതെന്നാണ് പഠനം.

നേച്ചര്‍ മാസിക പുറത്തുവിട്ട ആറ് രാജ്യങ്ങളിലെ 14 ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് അപകടകരമായ രീതിയിലുള്ള മത്സ്യബന്ധനം തുടര്‍ന്നാല്‍ 2048 ആകുമ്പോഴേക്ക് ഭക്ഷ്യയോഗ്യമായ മത്സ്യം ഭൂമിയില്‍ നിന്ന് തന്നെ അപ്രത്യക്ഷമാകുമെന്നാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം തുടര്‍ന്നാല്‍ കടലിലെ ജൈവ വൈവിധ്യത്തിന്റെ 25 ശതമാനവും ഇല്ലാതാകുമെന്നാണ് ശാസ്ത്ര ലോകം തന്നെ നല്‍കുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് മത്സ്യ സമ്പത്തിന്റെ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കാലവസ്ഥാ വ്യതിയാനവും കടലിലെ സാഹചര്യങ്ങളില്‍ വരുന്ന മാറ്റവും മത്സ്യ ഉത്പാദനത്തെ ബാധിക്കുന്നുണ്ടെന്ന് സി എം എഫ് ആര്‍ ഐ (കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം) എഫ് ആര്‍ എ ഡി വിഭാഗം തലവന്‍ ടി വി സത്യനാഥന്‍ പറയുന്നു. കലാവര്‍ കമ്മറ്റി മുതല്‍ സി എം എഫ് ആര്‍ ഐ വരെയുള്ള വിവിധ ഏജന്‍സികളെല്ലാം മത്സ്യലഭ്യത കുറവ് എടുത്ത് പറയുന്നുണ്ട്. വര്‍ഷം ചെല്ലും തോറും ഉത്പാദനം കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ പറയുന്നു. വകുപ്പ് മന്ത്രി കെ ബാബു നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

2007-08 വര്‍ഷം 586286 ടണ്‍ ആണ് കേരളത്തിലെ മത്സ്യഉത്പാദനം. 2008-09ല്‍ 583180, 2009-10ല്‍ 570013, 2010-2011ല്‍ 560398, 2011-2012 ല്‍ 553177 ടണ്‍ എന്ന കണക്കിലാണ് ഉത്പാദനം. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ ലഭ്യത വന്‍തോതില്‍ കുറഞ്ഞ് വരികയാണെന്ന് വിവിധ ഏജന്‍സികള്‍ കണ്ടെത്തുന്നു. മലിനീകരണമാണ് ഇതിന്റെ പ്രധാന കാരണം. വേമ്പനാട്ട് കായലലിലും തിരൂര്‍ പുഴയിലുമെല്ലാം മത്സ്യം ചത്ത് പൊങ്ങിയത് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.

വേമ്പനാട് കായലില്‍ ഹൗസ് ബോട്ടുകളിലേതടക്കമുള്ള മാലിന്യം യാതൊരു നിയന്ത്രണവുമില്ലാതെ നിക്ഷേപിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതും രാസമാലിന്യങ്ങള്‍ വ്യാപകമായി കായലിലേക്ക് എത്തുന്നതും മത്സ്യത്തിന്റെ പ്രജനനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. തീരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുന്നതും കായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു. വേമ്പനാട് കായലില്‍ സുലഭമായിരുന്ന കരിമീന്‍, കൊഴുവ, നന്ദന്‍, കോല, വിവിധതരം ചെമ്മീനുകള്‍ എന്നിവയുടെ ലഭ്യത കാര്യമായി കുറഞ്ഞിട്ടുണ്ട്. നാരന്‍ ചെമ്മീന്‍, വളവോടി, ആവോലി, കാരക്ക, നച്ചറ എന്നീ മത്സ്യങ്ങള്‍ ഇന്ന് പേരിനുമാത്രമേ ലഭിക്കുന്നുള്ളൂ എന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊഞ്ചിന്റെ ലഭ്യത പത്തിലൊന്നായി കുറഞ്ഞത്രെ.

ഒഴുകിയെത്തുന്ന ശുദ്ധജലവും കടലില്‍നിന്ന് കയറിവരുന്ന ഉപ്പുവെള്ളവും കൂടിച്ചേരുന്ന വേമ്പനാട്ടുകായല്‍ മത്സ്യങ്ങളുടെ പ്രജനനകേന്ദ്രമായിരുന്നു. സംസ്ഥാനത്ത് ആറ് നദികള്‍ കൂടി മാലിന്യവാഹിനികളാണെന്നും ഇവയില്‍ മത്സ്യസമ്പത്ത് തീര്‍ത്തുമില്ലാതാകുമെന്നും കഴിഞ്ഞ വര്‍ഷം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തിയ നദീജല ഗുണമേന്മാ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മഴക്കാലത്ത് പുഴകളില്‍ വിസര്‍ജ്യങ്ങള്‍ മൂലമുള്ള കോളിഫോം ബാക്ടീരിയകളുടെയും അപകടകാരിയായ സ്‌ട്രെപ്‌റ്റോകോക്കി ബാക്ടീരിയകളുടെയും അളവ് കൂടിയതും വലിയ ഭീഷണി മത്സ്യ സമ്പത്തിന് മേല്‍ ഉയര്‍ത്തുന്നു. (തുടരും)

പരമ്പരയുടെ ഒന്നാം ഭാഗം: നമ്മുടെ സര്‍ക്കാര്‍ പറയുന്നു; കടല്‍ ഇനി നിങ്ങള്‍ക്കുള്ളതല്ല