Connect with us

Articles

നമ്മുടെ സര്‍ക്കാര്‍ പറയുന്നു; കടല്‍ ഇനി നിങ്ങള്‍ക്കുള്ളതല്ല

Published

|

Last Updated

ആശങ്കയുടെ കടലിരമ്പമാണ് തീരദേശത്ത്. കരയില്‍ സി ആര്‍ ഇസഡ്. ആഴക്കടലില്‍ മീനാകുമാരി റിപ്പോര്‍ട്ട്. രണ്ടിനും നടുവിലായി പുതിയ ട്രോളിംഗ് നിരോധന നിയമം. ജൂണ്‍ ഒന്ന് മുതല്‍ 61 ദിവസം മത്സ്യബന്ധന മേഖല നിശ്ചലമാകുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ചില്ലുമേടയില്‍ തയ്യാറാക്കപ്പെടുന്ന ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ച് ഭരണകൂടങ്ങള്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ തീരദേശം കലുഷിതമാകുകയാണ്. പ്രതിസന്ധിയുടെ വറച്ചട്ടിയില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ പട്ടിണിയുടെ എരിതീയിയിലേക്ക് എടുത്തെറിയപ്പെടുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ അധികാരപരിധിയിലേക്ക് 61 ദിവസം മീന്‍പിടിക്കാന്‍ വന്നാല്‍ അഴിക്കുള്ളില്‍ കിടക്കേണ്ടി വരുമെന്ന പരോക്ഷ മുന്നറിയിപ്പ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിക്കഴിഞ്ഞു. നിയമം ലംഘിച്ചാണെങ്കിലും മീന്‍പിടുത്തവുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികളും. കേരള തീരങ്ങളില്‍ മത്സ്യസമ്പത്തിന്റെ സാന്നിധ്യം കുറഞ്ഞുവരികയാണെന്ന കണ്ടെത്തല്‍ മറ്റൊരു വശത്ത്. അന്തിയുറങ്ങാനുള്ള ഒരു കൂരവെക്കുന്നതില്‍ നിന്ന് പോലും മത്സ്യതൊഴിലാളികളെ തടഞ്ഞ് കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (സി ആര്‍ ഇസഡ്) ഭീഷണി ഇതിനെല്ലാം പുറമെയാണ്. കടലോളം കണ്ണുനീര്‍ ഒഴുകുകയാണ്. എന്താണ് നമ്മുടെ തീരങ്ങളില്‍ സംഭവിക്കുന്നത്? സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ നടത്തുന്ന അന്വേഷണം.


KADALOLAM KANNNEEER 1വലിയതുറയിലെ ഗ്ലോഡിസും ബീമാപ്പള്ളിയിലെ മാഹിന്‍കണ്ണും ഇനിയുള്ള രണ്ട് മാസം ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആധിയിലാണ്. ഇരുവരും ജനിച്ചതും വളര്‍ന്നതും കടപ്പുറത്ത്. മത്സ്യബന്ധനമല്ലാതെ മറ്റ് തൊഴിലൊന്നുമില്ല. കടലിനോട് മല്ലടിച്ചുള്ള ജീവിതം അമ്പത് വര്‍ഷം പിന്നിടുന്നു. കടലിന്റെ താളത്തിനൊപ്പമുള്ള ജീവിതം തന്നെയാണ് ഇരുവര്‍ക്കും സന്തോഷവും. മത്സ്യബന്ധന മേഖലയില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ ഇവരെ വല്ലാതെ ആശങ്കപ്പെടുത്തുകയാണ്.

മണ്‍സൂണ്‍ കാലത്തെ ട്രോളിംഗ് നിരോധത്തെ പിന്തുണക്കുന്നവരാണ് ഇരുവരും. യന്ത്രവത്കൃത യാനങ്ങളിലെ മീന്‍പിടിത്തം 47 ദിവസം നിര്‍ത്തിവെക്കുന്ന പതിവിനോട് പൊരുത്തപ്പെട്ടവര്‍. എന്നാല്‍ 61 ദിവസം സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ ഉത്തരവ് എന്തിന് വേണ്ടിയാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം. പരമ്പരാഗത മീന്‍പിടിത്തം പോലും രണ്ട് മാസം നിരോധിക്കുന്നത് മത്സ്യമേഖലയില്‍ നിന്ന് തങ്ങളെ അകറ്റാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് ഇരുവരും സംശയിക്കുന്നു.

ഗ്ലോഡിസും മാഹിന്‍കണ്ണും പങ്ക്‌വെക്കുന്നത് തീരദേശത്തെ പൊതുവികാരമാണ്. ജൂണ്‍ ഒന്ന് മുതല്‍ 61 ദിവസം മീന്‍പിടിത്തം സമ്പൂര്‍ണമായി നിരോധിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവിനെ സംശയത്തോടെയാണ് തീരം നോക്കി കാണുന്നത്. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ഇത് ബാധകമല്ലെങ്കിലും അഞ്ച് വര്‍ഷത്തിനകം സംസ്ഥാനങ്ങളും ഇത് പ്രാവര്‍ത്തികമാക്കണമെന്ന് കൂടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് കേന്ദ്രകൃഷിമന്ത്രാലയം ഇത് സംബന്ധിച്ച ഓഫീസ് മെമ്മോറണ്ടം പുറത്തിറക്കിയത്. വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു നിര്‍ദേശമായിട്ട് പോലും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതല്ലാതെ സംസ്ഥാനങ്ങളെ ഔദ്യോഗികമായി അറിയിച്ചത് പോലുമില്ല. ആഴ്ച്ചകള്‍ പിന്നിട്ട ശേഷം ജൂണ്‍ ഒന്ന് മുതല്‍ സമ്പൂര്‍ണ ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും 12നോട്ടിക്കല്‍ മൈല്‍ കടന്ന് മീന്‍ പിടിക്കാന്‍ വന്നാല്‍ പിടികൂടുമെന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ പോലും വിവരം അറിയുന്നതെന്ന് വകുപ്പ് മന്ത്രി കെ ബാബു തന്നെ പറയുന്നു. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയം എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് ഈ നിലപാടില്‍ തന്നെ വ്യക്തം.

കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ കേന്ദ്രം (സെന്ററല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്- സി എം എഫ് ആര്‍ ഐ) ഡയറക്ടറായിരുന്ന ഡോ. സെയ്ദ റാവു കമ്മറ്റി 2014 സെപ്തംബറില്‍ 61 ദിവസത്തെ ഏകീകൃത ട്രോളിംഗ് നിരോധം ശിപാര്‍ശ ചെയ്തിരുന്നു. യന്ത്രവത്കൃത യാനങ്ങളുടെ നിരോധമാണ് സി എം എഫ് ആര്‍ ഐ ശിപാര്‍ശ ചെയ്‌തെങ്കിലും പരമ്പരാഗത യാനങ്ങള്‍ക്ക് കൂടി നിരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഉത്തരവ് വന്നിരിക്കുന്നത്.
കൃഷി മന്ത്രാലയത്തിലെ ജോയിന്റ്‌സെക്രട്ടറി ഡോ. രാജശേഖര വുണ്ട്‌റുവാണ് ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയിരിക്കുന്നത്. 12 നോട്ടിക്കല്‍ മൈല്‍ കഴിഞ്ഞുള്ള കേന്ദ്രത്തിന്റെ അധികാര പരിധിയിലാണ് ഓഫീസ് മെമ്മോറണ്ടത്തിലൂടെ നിരോധം ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും സംസ്ഥാനങ്ങളുടെ പരിധിയിലും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനകം സംസ്ഥാനങ്ങളുടെ പരിധി കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ നിരോധമാണ് ലക്ഷ്യമിടുന്നത്.

മത്സ്യസമ്പത്തിന്റെ പ്രജനന കാലമെന്ന നിലയിലാണ് ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇത് കേരളത്തില്‍ 47 ദിവസവും ദക്ഷിണ കര്‍ണാടകയില്‍ 57 ദിവസവും ഗുജറാത്തില്‍ 67 ദിവസവുമാണ്. ഓരോ സംസ്ഥാനങ്ങളിലെയും തീരദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് നിരോധം നടപ്പാക്കിയിരുന്നത്. കേരള സമുദ്ര മത്സ്യബന്ധന നിയമം അനുസരിച്ച് 1988 മുതല്‍ കേരളത്തില്‍ നിരോധമുണ്ട്. യന്ത്രവത്കൃത ട്രോളറുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുമെങ്കിലും യന്ത്രവത്കൃത വള്ളങ്ങളെ ഇത് ബാധിച്ചിരുന്നില്ല. പത്ത് വര്‍ഷം മുമ്പ് ഈ വിഭാഗത്തെ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നെങ്കിലും കേരളത്തില്‍ രൂപപ്പെട്ട ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഉപരിതല മത്സ്യബന്ധന അവകാശ സംരക്ഷണ നിയമം പാസാക്കി കേരളം ഇതിനെ മറികടന്നു.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഓഫീസ് മെമ്മോറണ്ടം അനുസരിച്ച് 14 ദിവസം കൂടി ട്രോളിംഗ് നിരോധന കാലയളവ് വര്‍ധിക്കുമെന്നത് മാത്രമല്ല പ്രശ്‌നം. പരമ്പരാഗത യന്ത്രവത്കൃത യാനങ്ങളുടെ പുറംകടല്‍ മത്സ്യ ബന്ധനം തടയപ്പെടും. ഇത് ഈ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യത്തൊഴിലാളി സംഘടനകളും കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികളുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
നിരോധം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ അക്കമിട്ട് നിരത്തുന്നു. 6.7 ലക്ഷം ടണ്‍ മത്സ്യം കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പിടിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 90 ശതമാനത്തിലധികവും പരമ്പരാഗത യന്ത്രവത്കൃത യാനങ്ങള്‍ വഴിയാണ്. രണ്ടു മാസക്കാലം ഇവയുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നത് ഈ കണക്ക് മാത്രം മുന്‍ നിര്‍ത്തി ഊഹിക്കാവുന്നതേയുള്ളൂവെന്ന് കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി യു സി ഐ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് പറയുന്നു.

കേരള തീരത്തേക്ക് ചാളയും (മത്തി) അയലയും നെത്തോലിയും (ബത്തല്‍) വറ്റയുമെല്ലാം വരുന്നത് മണ്‍സൂണ്‍ കാലത്താണ്. കേരളത്തിലെ മൊത്തം മത്സ്യോത്പാദനത്തിന്റെ 60 ശതമാനം വരും ഇത്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് പ്രിയപ്പെട്ട മത്സ്യങ്ങളെല്ലെങ്കിലും കേരളത്തില്‍ പ്രധാനമാണ്. പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളുടെ തീരക്കടലിനും മത്സ്യത്തിനും വ്യത്യസ്തതകളുണ്ട്. മണ്‍സൂണിന്റെ കാലപരിധി തന്നെ വിഭിന്നം. ഇതൊന്നും കണക്കിലെടുക്കാതെയുള്ള ഏകീകൃത നിരോധം അശാസ്ത്രീയമാണെന്നും കാലികമല്ലെന്നും ചാള്‍സ് ജോര്‍ജ്ജ് പറയുന്നു.
കേരളത്തിലെ മത്സ്യമേഖലയെ വിനാശകരമായി ബാധിക്കുന്ന ഉത്തരവാണിതെന്നാണ് മത്സ്യതൊഴിലാളി സംഘടനകളുടെ ഏകാഭിപ്രായം. ചാളക്കും അയലക്കും നെത്തോലിക്കുമെല്ലാം അതിര്‍ത്തി നിശ്ചയിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ 12 നോട്ടിക്കല്‍ മൈല്‍ കടന്നും മത്സ്യബന്ധനം നടത്തുമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.
മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്ന് വന്‍പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇനിയും നിലപാട് മാറ്റിയിട്ടില്ല. കേരളത്തിന്റെ 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ നിരോധം പ്രാവര്‍ത്തികമാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കുമെല്ലാം വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും കത്തയച്ചെങ്കിലും പ്രതികരണം അനുകൂലമല്ല. മത്സ്യ സമ്പത്ത് സംരക്ഷിക്കാനും കടല്‍ ക്ഷോഭിക്കുന്ന മണ്‍സൂണ്‍ കാലത്ത് മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനുമാണ് സമ്പൂര്‍ണ നിരോധമെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം അവകാശപ്പെടുന്നത്. മത്സ്യ ഉത്പാദനം ക്രമാധീതമായി കുറയുകയാണെന്നാണ് സി എം എഫ് ആര്‍ ഐയുടെയും വാദം. 2012നെ അപേക്ഷിച്ച് മത്സ്യ ഉത്പാദനത്തില്‍ 30 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി സി എം എഫ് ആര്‍ ഐ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. കെ സുനില്‍കുമാര്‍ മുഹമ്മദ് പറയുന്നു. ഈ സാഹചര്യത്തില്‍ ഇടക്കിടെ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പകരം സമഗ്രമായൊരു നിയമം വേണമെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദേശം.

കേരളമൊഴികെ പശ്ചിമ തീരത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം ട്രോളിങ് കാലാവധി ഉയര്‍ത്തുന്നതിന് അനുകൂലമാണെന്ന വാദം കൂടി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ഏകീകൃത നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് മാര്‍ച്ചില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. 1988ലും 2006ലും കേരള തീരത്ത് അറുപത് ദിവസത്തിലധികം മല്‍സ്യബന്ധന നിരോധം നടപ്പാക്കിയതും കേന്ദ്രം ഓര്‍മിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ കാലയളവുകളിലാണ് നിരോധം. ഇത് പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നതിനാലാണ് ഒരു മേഖലയില്‍ ഒരേ സമയത്ത് നിരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന വാദവും കേന്ദ്രം ഉയര്‍ത്തുന്നുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ കേരളത്തിന്റെ സമുദ്രാതിര്‍ത്തിയായ പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനു പുറത്ത് മല്‍സ്യബന്ധനത്തിനിറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഉറച്ച നിലപാടുമായി കേന്ദ്ര സര്‍ക്കാറും നിരോധം ലംഘിക്കുമെന്ന് മത്സ്യത്തൊഴിലാളികളും നിലപാടെടുക്കുമ്പോള്‍ ആഴക്കടല്‍ സംഘര്‍ഷ മേഖലയാകുമോയെന്ന ആശങ്കയാണ് ഉയരുന്നത്. (തുടരും)