Kasargod
മഞ്ചേശ്വരം-അരിമല ജമാഅത്ത് കമ്മിറ്റിയുടെ ആരോപണം ദുരുദ്ദേശപരം -ഹനീഫ് സഖാഫി

മഞ്ചേശ്വരം: അരിമല ഖിള്‌രിയ്യ ജമാഅത്ത് പള്ളിയില്‍ ഖത്വീബായി ജോലി ചെയ്തിരുന്ന താന്‍ ജമാഅത്തിനെ അപമാനിച്ചുവെന്ന ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് ആനക്കല്ല് മുഹമ്മദ് ഹനീഫ് സഖാഫി പത്രസമ്മേളനത്തില്‍ പറഞ്ഞു.
11 മാസത്തോളം പ്രസ്തുത പള്ളിയില്‍ താന്‍ ഖത്വീബായും മദ്‌റസാധ്യാപകനായും ജോലി ചെയ്തിരുന്നു. മകളുടെ കല്യാണത്തിനു ജമാഅത്തുകാരെ ക്ഷണിക്കുന്നതോടൊപ്പം സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ജമാഅത്തുകാരായ പ്രവാസികള്‍ നേരിട്ട് സഹായം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള സഹായം ജമാഅത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ചില ഭാരവാഹികള്‍ പത്രസമ്മേളനം നടത്തി ജമാഅത്തിന്റെ ലക്ഷങ്ങളുമായി മുങ്ങി എന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് സഖാഫി കുറ്റപ്പെടുത്തി.
മകളുടെ കല്യാണത്തിനുശേഷവും താന്‍ ജോലിയില്‍ തുടര്‍ന്നിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് പള്ളിയില്‍ ജോലി ചെയ്യുന്ന മുക്രിയുടെ നിരുത്തരവാദിത്വം കൊണ്ട് കൃത്യസമയത്ത് ബാങ്ക് വിളി നടന്നിരുന്നില്ല. അതിനു കാരണക്കാരനായ മുക്രിയെ കുറ്റക്കാരനാക്കുന്നതിനു പകരം ജമാഅത്ത് കമ്മിറ്റി തന്നെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ജോലിയില്‍ നിന്നും ഒഴിഞ്ഞതിനുശേഷവും ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കുന്നു.
അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് താന്‍ വേറെ ജോലി അന്വേഷിക്കുമ്പോഴും ലക്ഷങ്ങള്‍ സ്വരൂപിച്ച് മുങ്ങിയെന്ന ആരോപണം തുടരുന്നത് കമ്മിറ്റിയുടെ സദാചാര ലംഘനമാണെന്നും സഖാഫി കുറ്റപ്പെടുത്തി.പത്രസമ്മേളനത്തില്‍ ഡി കെ മൂസ, ഉമര്‍ കുമ്പള, മജീദ് ആനക്കല്ല് തുടങ്ങിയവരും സംബന്ധിച്ചു.