വിമാന യാത്രാ നിരക്കെന്ന പ്രഹേളിക

Posted on: May 26, 2015 7:03 pm | Last updated: May 26, 2015 at 7:03 pm

kannaadiഗള്‍ഫ്-കേരള മേഖലയിലെ വിമാനയാത്രക്കാരെ ഇങ്ങനെ പരീക്ഷിക്കരുത്. ടിക്കറ്റിന് വന്‍തുക നല്‍കേണ്ടി വരുന്നത് പോരാതെ, വിമാനത്താവളത്തില്‍ അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയുമാണ്. കഴിഞ്ഞയാഴ്ച, ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യാ സേവനം പൂര്‍ണമായും താളം തെറ്റി. ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഇപ്പോഴും യഥാസമയ സര്‍വീസില്ല.
വേനലവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരുടെ കഴുത്തിന് പിടിച്ച് പോക്കറ്റ് കൊള്ളയടിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ജൂണ്‍ അവസാനവാരമാണ് ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ക്ക് വേനലവധി. അത്‌കൊണ്ട്, ആയിരക്കണക്കിന് കുടുംബങ്ങളടക്കം പതിനായിരങ്ങള്‍ ജൂണ്‍ അവസാനവാരത്തേക്ക് ടിക്കറ്റ് ബുക്കു ചെയ്യുമെന്ന് എയര്‍ലൈനറുകള്‍ക്കറിയാം. ആവശ്യക്കാരുടെ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടുന്നത് സ്വാഭാവികം. പക്ഷേ, പിടിച്ചുപറി നടത്തിയാലോ? കണ്ണില്‍ ചോരയില്ലാതെയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇത്തവണ മറ്റൊരു ന്യായം കൂടി എയര്‍ലൈനറുകള്‍ക്ക് പറയാനുണ്ട്. കരിപ്പൂരില്‍ റണ്‍വേ ബലപ്പെടുത്തല്‍ നടക്കുമെന്നതിനാല്‍ വലിയ വിമാനങ്ങള്‍ അവിടെ ഇറങ്ങില്ല. പകല്‍ സമയത്താണ് അറ്റകുറ്റപ്പണി. ആ സമയങ്ങളില്‍, ചെറിയ വിമാനങ്ങള്‍ ഇറങ്ങാനും സാധ്യത കുറവ്. അത് കൊണ്ട് മംഗലാപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളെ ലക്ഷ്യമാക്കണം. അങ്ങിനെ നെടുമ്പാശേരി, കരിപ്പൂര്‍, മംഗലാപുരം വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടുകയാണ്.
സ്വകാര്യ എയര്‍ലൈനറുകളുടെ കൊള്ള അവസാനിപ്പിക്കാന്‍, കൂടുതല്‍ സമാന്തര സര്‍വീസുകള്‍ നടത്താന്‍, ബാധ്യതയുള്ള എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഉത്തരവാദിത്തം നിറവേറ്റുന്നില്ല. വേനലവധിക്കാലത്തും വിശേഷ ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കൂടുതല്‍ സേവനം ഏര്‍പ്പെടുത്താന്‍ ഉദയം കൊണ്ട എയര്‍ലൈനറാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. ഗള്‍ഫ് കേരളീയരുടെ സമ്മര്‍ദഫലമായാണ് അത്തരമൊരു ബജറ്റ് എയര്‍ലൈന്‍ രൂപവത്കൃതമായത്. അല്‍പം പച്ചപിടിച്ചപ്പോള്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസും നിലമറക്കുന്നു. യാത്രക്കാരോടല്ല, ഇപ്പോള്‍ അവരുടെ കൂറ്. എയര്‍ ലൈനറുകളുടെ കൂട്ടായ്മയോടാണ്.
ലോകത്ത്, ഏറ്റവും ടിക്കറ്റ് നിരക്കുള്ള മേഖലയാണ് ഗള്‍ഫ്-കേരള പാത. എല്ലാ സ്വകാര്യ എയര്‍ലൈനറുകളും ഇവിടെ സേവനം നടത്താന്‍ ആഗ്രഹിക്കുന്നു. പക്ഷേ, കൂടുതല്‍ എയര്‍ലൈനറുകള്‍ രംഗത്തുവരുമ്പോള്‍ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷ യാത്രക്കാര്‍ക്ക് ഇല്ല. ബജറ്റ് എയര്‍ലൈനറുകള്‍ രംഗ പ്രവേശം ചെയ്യുന്നതിനുമുമ്പ്, ദുബൈ-കരിപ്പൂര്‍ പാത എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കുത്തകയായിരുന്ന, ഇന്ധന വില ഇന്നത്തേതിനെക്കാള്‍ ഇരട്ടിയായിരുന്ന കാലത്തേതിനെക്കാള്‍ ടിക്കറ്റ് നിരക്ക് വര്‍ധിച്ചിരിക്കുന്നു.
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വേനലവധിക്കാല നിരക്ക് (റിട്ടേണ്‍) ശരാശരി 4,000 ദിര്‍ഹമാണ്. ഇത്രയധികം നിരക്ക് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പ്രതിവിധി കാണേണ്ട കേന്ദ്ര വ്യോമയാന മന്ത്രാലയം ഉറക്കം നടിക്കുന്നു. സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണിത്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ കൂട്ടമായി പ്രശ്‌നം ഏറ്റെടുക്കണമെന്നാണ് ഗള്‍ഫ് മലയാളികളുടെ ആവശ്യം.