National
അമ്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ട് പുറത്തായി; മാണിക്ക് പണം നല്‍കുന്നത് കണ്ടു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു. കേസിലെ മുഖ്യസാക്ഷി, ബിജുരമേശിന്റെ ഡ്രെെവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കിയതിന്റെ റിപ്പോർട്ട് പൂർണമായും പുറത്തുവന്നു. ബാർ ഉടമ രാജ്കുമാർ ഉണ്ണി മാണിക്ക് പണം കെെമാറുന്നത് കണ്ടുവെന്ന് അമ്പിളി തുറന്ന് പറയുന്ന പരിശോധനാ ഫലത്തിന്റെ പകര്‍പ്പാണ് ചാനലുകള്‍ പുറത്തുവിട്ടത്.
15 ചോദ്യങ്ങളാണ് അമ്പിളിയോട് ചോദിച്ചിരിക്കുന്നത്. ഇതില്‍ മാണിക്ക് പണം കെെമാറുന്നത് കണ്ടോ എന്ന 13-ാമത്തെ ചോദ്യത്തിന് അതേ എന്ന് അമ്പിളി ഉത്തരം പറയുന്നുണ്ട്. ഒൗദ്യോഗിക വസതിയില്‍ എത്തി രണ്ട് പ്ലാസ്റ്റിക് കവറുകളിലായാണ് പണം മാണിക്ക് കെെമാറിയതെന്നും 35 ലക്ഷം രൂപ വരെ എണ്ണുമ്പോള്‍ താന്‍ കൂടെ ഉണ്ടായിരുന്നുവെന്നും വിവിധ ചോദ്യങ്ങള്‍ക്ക് അമ്പിളി വ്യക്തമായി ഉത്തരം നല്‍കുന്നുണ്ട്.
ഉണ്ണിയുടെ നിർദേശപ്രകാരം ഹോട്ടല്‍ സൺബീമില്‍ താന്‍ പോയി. അവിടത്തെ മാനേജറില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി തുടങ്ങിയ വെളിപ്പെടുത്തലുകളും നുണപരിശാേധനാ ഫലത്തിലുണ്ട്.
നുണപരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അമ്പിളി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായ വ്യക്തിയെന്ന നിലയിൽ റിപ്പോർട്ട് കൈവശം കിട്ടാൻ അയാൾക്ക് അധികാരമുണ്ടെന്ന കണ്ടെത്തിയ കോടതി അത് കെെമാറുകയായിരുന്നു. നുണ പരിശോധനാ റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് ക്രെെംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് യഥാര്‍ഥ റിപ്പോര്‍ട്ട് തന്നെ പുറത്തായിരിക്കുന്നത്.