Connect with us

Editorial

ജയലളിതയുടെ അഞ്ചാമൂഴം

Published

|

Last Updated

ജയലളിതക്ക് ഇത് അഞ്ചാമൂഴം. തമിഴ്‌നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച മദ്രാസ് സര്‍വകലാശാല സെന്റിനറി ഓഡിറ്റോറിയത്തില്‍ അവര്‍ അധികാരമേല്‍ക്കുമ്പോള്‍ ആരാധകരായ ജനലക്ഷങ്ങള്‍ ആഹ്ലാദ തിമിര്‍പ്പിലായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ ശിക്ഷിച്ച വിചാരണാ കോടതി ഉത്തരവ് കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് റദ്ദാക്കിയതോടെയാണ് അവര്‍ക്ക് അഞ്ചാമൂഴത്തിന് വഴിതുറന്നത്. പ്രിയ സഖി ശശികലയടക്കമുള്ള കൂട്ടുപ്രതികളേയും ഹൈക്കോടതി കുറ്റമുക്തരാക്കിയിരുന്നു. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു പ്രത്യേക കോടതി 2014 സെപ്തംബര്‍ 27 ന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ്് ജയലളിതക്ക് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നത്. എന്നാല്‍ മെയ് 11ന് കര്‍ണാടക ഹൈക്കോടതി ഈ കേസില്‍ അവരെ കുറ്റവിമുക്തയാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചുമത്തിയ വിലക്ക് ഇതോടെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. വീണ്ടും മുഖ്യമന്ത്രിപദമേറ്റ ജയലളിത ആറുമാസത്തിനകം നിയമസഭാംഗമാകും. അതല്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുക്കും. “അമ്മ” യുടെ മനസ്സിലിരിപ്പ് ആര്‍ക്കും പിടികിട്ടാത്ത സാഹചര്യത്തില്‍ പ്രവചനം അസാധ്യമാകുന്നു.
അഞ്ചാമൂഴം അത്രസുഖകരമാകില്ലെന്ന് ജയലളിതക്ക് നന്നായി അറിയാം. തന്റെ കടുത്ത രാഷ്ട്രീയ പ്രതിയോഗിയായ ഡി എം കെ നേതാവ് എം കരുണാനിധിയും കേസും കൂട്ടവുമായി തന്നെ വിടാതെ പിന്തുടരുന്ന സുബ്രഹ്മണ്യം സ്വാമിയും വെറുതെ ഇരിക്കില്ലെന്ന് ഉറപ്പ്. കേസില്‍ വാദിയായ കര്‍ണാടക സര്‍ക്കാറിന് ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ പോകാം. ഹൈക്കോടതിയുടെത് അവസാന വിധിയല്ലെന്ന് കരുണാനിധി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. സി പി എം , സി പി ഐ, എം ഡി എം കെ, ഡി എം ഡി കെ തുടങ്ങിയ കക്ഷികള്‍ വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന അഭിപ്രായക്കാരാണ്. കോടികളുടെ പിറന്നാള്‍ സമ്മാനക്കേസ് ജയലളിതയുടെ തലക്ക് മുകളില്‍ ഡമോക്ലസിന്റെ വാളുകണക്കെ തൂങ്ങിക്കിടപ്പുണ്ട്. കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പാര്‍ലിമെന്ററി വ്യാമോഹത്തിന് അടിപ്പെടാത്ത രാഷ്ട്രീയ കക്ഷികള്‍ ഉണ്ടെന്ന് ഇന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ല. ഭരണാധികാരം കൈവന്നാല്‍ പിന്നെ അവര്‍ സമ്മതിദായകരെ കരിവേപ്പില കണക്കെ പുറത്തെറിയുകയാണ് പതിവ്. പിന്നെ അടുത്ത തിരഞ്ഞെടുപ്പ് സമാഗതമാകുമ്പോള്‍ വീണ്ടും സമ്മതിദായകരെ കാണുന്നു. കേട്ടാല്‍ അമ്പരന്ന് പോകുന്ന മോഹനസുന്ദര വാഗ്ദാനങ്ങള്‍ കൊണ്ട് അവരെ വീര്‍പ്പുമുട്ടിക്കുന്നു. സമ്മതീദായകര്‍ക്ക് പ്രഖ്യാപിക്കുന്ന ഓഫറുകള്‍ സ്വന്തം കീശവീര്‍പ്പിക്കാനും ഉപയോഗപ്പെടുത്തുന്നു. തമിഴ്‌നാട്, ബീഹാര്‍,ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഓഫറുകളുടെ പെരുമഴയാണ്. സമ്മതിദായകരെ വമ്പന്‍ ഓഫറുകളിലൂടെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്താനാണ് എല്ലാവരുടെയും ശ്രമം. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട കാര്യം ജനാധിപത്യത്തിന് സംഭവിക്കുന്ന മൂല്യ ശോഷണമാണ്. ജനാധിപത്യത്തില്‍ സര്‍വശക്തരായ സമ്മതിദായകര്‍ പ്രലോഭനങ്ങള്‍ക്ക് വശംവദരാകുമ്പോള്‍ ജനാധിപത്യം തന്നെ ഹൈജാക്ക് ചെയ്യപ്പെടുന്നു. പക്ഷെ, അതിലൊന്നും രാഷ്ട്രീയക്കാര്‍ക്ക് വലിയ ആശങ്കയൊന്നുമില്ല. അധികാരത്തില്‍ മാത്രമാണ് എല്ലാവര്‍ക്കും കണ്ണ്. മാവോയിസവും നക്‌സലിസവുമെല്ലാം നാട്ടില്‍ തഴച്ചു വളരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചെറുപ്പക്കാര്‍ തീവ്രവാദത്തിന് പിന്നാലെ പോകുന്നതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമല്ല. തങ്ങള്‍ക്ക് അവകാശപ്പെട്ടത് ലഭിക്കാതെ പോകുമ്പോള്‍ അവര്‍ ഭരണകൂടത്തേയും ഭരണാധികാരികളേയും ശത്രുക്കളായി കാണുന്നതും സ്വാഭാവികം മാത്രം.
മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്ന കേരള ഹൈക്കോടതിയുടെ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്. ഭരണകൂടങ്ങളും ഭരണാധികാരികളും ക്രമസമാധാന പാലകരുമെല്ലാം അതിനെ ശരിയായ വീക്ഷണത്തില്‍ കാണണം. മാവോയിസ്റ്റ് ആശയങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയുമായി സമരസപ്പെടുന്നില്ലെങ്കിലും ആശയങ്ങള്‍ പിന്തുടരാനുള്ള അവകാശം സ്വാഭാവിക അവകാശമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.രാജ്യത്തെ വ്യവസ്ഥാപിത നിയമ സംവിധാനത്തിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമെ മാവോയിസ്റ്റ് പ്രവര്‍ത്തനം കുറ്റകരമാവുന്നുള്ളുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനക്ഷേമ, ജനഹിത ഭരണം കാഴ്ചവെക്കേണ്ടവര്‍ തീവെട്ടികൊള്ളക്കാരേയും കവര്‍ച്ചക്കാരെയും കടത്തിവെട്ടുന്നത ്കാണുമ്പോള്‍ പ്രതികരണ ശേഷിയുള്ളവര്‍ക്ക് നിശബ്ദരായിരിക്കാനാവില്ല. പ്രതിഷേധം ഉയരുമ്പോള്‍ അതിനെ ഭീകരപ്രവര്‍ത്തനമായി മുദ്രകുത്തുന്നത് കള്ളന് ചൂട്ടുപിടിക്കലാണ്. നേതാവിനോടുള്ള ആദരവ് ആരാധനയായി മാറുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ആപത്താണെന്നും പറയാതെ വയ്യ.