സൂക്ഷിക്കുക! യു സി ബ്രൗസര്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു

Posted on: May 24, 2015 10:36 am | Last updated: May 24, 2015 at 10:42 am

UC-Browser-600x340
ഒട്ടാവ: സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഇന്റര്‍നെറ്റ് ബ്രൗസിംഗിനായി ഉപയോഗിക്കുന്ന യു സി ബ്രൗസര്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. കനേഡിയന്‍ ടെക്‌നോളജി റിസര്‍ച്ച് ഗ്രൂപ്പാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. യു സി ബ്രൗസറിന്റെ ഇംഗ്ലീഷ്, ചൈനീസ് ഭാഷ വെര്‍ഷനുകള്‍ വഴിയാണ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നത്.

യു സി ബ്രൗസര്‍ ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍, സെര്‍ച്ച് വിവരങ്ങള്‍, സ്ഥലം, മൊബൈൽ സബ്‌സ്‌ക്രിപ്ഷന്‍ വിവരങ്ങള്‍, ഡിവൈസ് നമ്പര്‍ തുടങ്ങിയവയാണ് ചോര്‍ത്തപ്പെടുന്നതെന്ന് കനേഡിയന്‍ റിസര്‍ച്ച് ഗ്രൂപ്പ് വ്യക്തമാക്കുന്നു.ലോക വ്യാപകമായി 50 കോടിയിലധികം ആളുകള്‍ യു സി ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ട്.

ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് യു സി ബ്രൗസറിന്റെ നിര്‍മാതാക്കള്‍. സംഭവം ശ്രദ്ധയിലപ്പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇത്പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റ് ഉടന്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.