സി ബി ഐ അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് വിമുഖത : ബി ജെ പി

Posted on: May 23, 2015 5:29 am | Last updated: May 23, 2015 at 9:30 am

കോഴിക്കോട്: മലബാര്‍ സിമന്റ്‌സ് അഴിമതി സി ബി ഐ അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്റും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തീരുമാനമെടുക്കാത്തതെന്തെന്ന് വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. മലബാര്‍ സിമന്റ്‌സിന്റെ അഴിമതി സി ബി ഐ അന്വേഷിക്കണെമന്ന ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശിപാര്‍ശ മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം അട്ടിമറിക്കുകയായിരുന്നു. സര്‍ക്കാറും സി പി എമ്മിലെ ഒരു വിഭാഗവും എളമരം കരീമിനെ സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശശീന്ദ്രന്റെ കൊലപാതകത്തെക്കുറിച്ചുള്ള പൂര്‍ണവിവരം പുറത്തുവരണമെങ്കില്‍ മലബാര്‍ സിമന്റ്‌സിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ നടപടികളെക്കുറിച്ച് അന്വേഷിക്കണം. മുഴുവന്‍ കാര്യങ്ങളും സി ബി ഐ അന്വേഷണ പരിധിയില്‍ വരണം. ശശീന്ദ്രന്‍ കേസില്‍ രാധാകൃഷ്ണനെതിരെ കൊലപാതകത്തിന് കേസെടുക്കണം. ശശീന്ദ്രന്റെ സഹോദരന്‍ സനല്‍ മലബാര്‍ സിമെന്റ്‌സിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് മടിക്കുകയാണ്. 26ന് കേന്ദ്രമന്ത്രി സഭയുടെ ഒന്നാം വാര്‍ഷികത്തില്‍ സംശുദ്ധഭരണത്തിന്റെ ഒരു വര്‍ഷവും അഴിമതി നിറഞ്ഞ നാല് വര്‍ഷത്തെ സംസ്ഥാന ഭരണവും തമ്മിലുള്ള താരതമ്യം നടത്തും. 26ന് തിരുവന്തപുരത്ത് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്യും.