Kerala
സ്വന്തം ബഹിരാകാശ വാഹനവുമായി ഇന്ത്യ

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ വാഹനം (സ്‌പേസ് ഷട്ടില്‍) തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അവസാന മിനുക്കുപണിയില്‍. ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യ വാരമോ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കന്നിയാത്ര നടത്താന്‍ തയ്യാറെടുക്കുന്ന പുനരുപയോഗിക്കാവുന്ന സ്‌പേസ് ഷട്ടിലിന്റെ അവസാന ഒരുക്കങ്ങളാണ് തുമ്പയിലെ വി എസ് എസ് സിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) വികസിപ്പിച്ച 1.5 ടണ്‍ ഭാരമുള്ള സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയിച്ചാല്‍ രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തില്‍ ഒരു പൊന്‍തൂവലാകുമിത്.
ബഹിരാകാശത്ത് തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നതിന് അവിടേക്ക് വസ്തുക്കളെ എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുകയാണ് ഈ സ്‌പേസ് ഷട്ടിലിന്റെ പ്രാഥമിക ദൗത്യം. നിലവില്‍ ഒരു കിലോഗ്രാം ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്ത് എത്തിക്കാന്‍ അയ്യായിരം ഡോളറാണ് ചെലവ് വരുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഈ സ്‌പേസ് ഷട്ടിലിന്റെ സഹായത്തോടെ ചെലവ് അഞ്ഞൂറ് ഡോളറായി കുറയ്ക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഇത് ഈ മേഖലയില്‍ രാജ്യത്തിന് കൂടുതല്‍ സഹായകരമാകും. ആദ്യ ഘട്ടത്തില്‍ റോക്കറ്റ് ബൂസ്റ്റര്‍ എന്ന രീതിയിലാകും ഈ ബഹിരാകാശ വാഹനത്തെ ഉപയോഗിക്കുക. സ്‌പേസ് ഷട്ടില്‍ വിക്ഷേപിച്ച ശേഷം എഴുപത് കിലോമീറ്റര്‍ ഉയരത്തിലേക്ക് മാറ്റും. പിന്നീട് ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗത്തിലായിരിക്കും ബഹിരാകാശ വാഹനം ഭൂമിയില്‍ തിരിച്ചിറങ്ങുക. ഭൂമിയില്‍ ഇറങ്ങുമ്പോഴുണ്ടാകുന്ന കനത്ത ചൂട് കാരണം കേടുപാട് ഉണ്ടാകുന്നത് തടയാന്‍ ഷട്ടിലിന്റെ മുന്‍ഭാഗം കാര്‍ബണും അറുനൂറോളം താപ പ്രതിരോധ കവചങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 1,200 ഡിഗ്രി സെന്റീഗ്രേഡ് വരെയുള്ള ചൂട് ഈ വാഹനത്തിന് താങ്ങാനാകും. താപ കവചങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. കടലില്‍ ഇറങ്ങുന്ന വാഹനം തിരികെ കൊണ്ടുവരുന്നതിന് ഐ എസ് ആര്‍ ഒ നിലവില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല.
അതേസമയം, ഈ വാഹനത്തില്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നത് സംബന്ധിച്ച് നടപടികളൊന്നും ഐ എസ് ആര്‍ ഒ നിലവില്‍ സ്വീകരിച്ചിട്ടില്ല. ഈ ബഹികാശ ദൗത്യം വിജയിച്ചാല്‍ നിലവില്‍ അതിസമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ബഹിരാകാശ വാഹനമെന്ന സ്വപ്‌നതുല്യമായ നേട്ടമാണ് രാജ്യത്തിന് സ്വന്തമാകാന്‍ പോകുന്നത്.