Eranakulam
എന്‍ജിനീയിറിംഗ് തട്ടിപ്പ്: ബി ജെ പി നേതാവിനെ ചോദ്യം ചെയ്തു

കൊച്ചി: എന്‍ജിനീയറിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവ് മുത്തു എന്ന സി ജി രാജഗോപാലിനെ പോലീസ് ചോദ്യം ചെയ്തു. സൗത്ത് എസ് ഐ വി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു.
തട്ടിപ്പു കമ്പനിക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തതുമായും ഒരുമിച്ച് ഹൈദരാബാദിലേക്ക് യാത്രകള്‍ നടത്തിയതുമായും ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ഹിന്ദു എക്കണോമിക് ഫോറം പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ജയേഷിനെ പരിചയപ്പെട്ടതെന്ന് രാജഗോപാല്‍ പോലീസിന് മൊഴി നല്‍കി.
സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്നും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജയേഷും ബിസിനസ് പങ്കാളിയുമായുള്ള തര്‍ക്കം പരിഹരിക്കാനാണ് ഹൈദരാബാദില്‍ ഇവര്‍ക്കൊപ്പം പോയതെന്നും രാജഗോപാല്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇയാളുടെ മൂന്ന് ബേങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, എന്‍ജിനീയറിംഗ് തട്ടിപ്പിലൂടെ ജയേഷ് ജെ കുമാര്‍ നേടിയ ലക്ഷക്കണക്കിന് രൂപ ഹിന്ദു എക്കോണമിക് ഫോറവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലരുടെ എക്കൗണ്ടുകളിലേക്ക് ഒഴുകിയതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയേഷിന്റെ സുഹൃത്തും ഹിന്ദു എക്കണോമിക് ഫോറം പ്രവര്‍ത്തകനുമായ മനോജ് മേലേത്തിനെ പോലീസ് അന്വേഷണ സംഘം ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇയാളുടെ ബേങ്ക് എക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും തട്ടിപ്പുമായി ബന്ധപ്പെട്ട പണം എക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.