പ്രകൃതി ക്ഷോഭ ബാധിതര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കും: മന്ത്രി

Posted on: May 22, 2015 5:28 am | Last updated: May 22, 2015 at 12:29 am

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭം മൂലമുള്ള ആളപായത്തിനുള്ള ധനസഹായം നാല് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഇതിനു പുറമെ ഇടിമിന്നല്‍, കടല്‍ക്ഷോഭം, കാറ്റ് എന്നിവ കാരണം മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കാനും കേന്ദ്രാനുമതി ലഭിച്ചതായി മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാറിന്റെ 14ാം കമ്മീഷന്‍ നല്‍കിയ വിഹിതം വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടിലും മാറ്റം വരുത്തിയത്. 184 കോടി രൂപയാണ് ദുരന്തനിവാരണത്തിന് കേന്ദ്രം അനുവദിച്ചത്. ഇതില്‍ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും വഹിക്കണം. പ്രകൃതിക്ഷോഭം മൂലം 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായം രണ്ട്‌ലക്ഷമാക്കി വര്‍ധിപ്പിക്കും.
കടല്‍ക്ഷോഭം, ഇടിമിന്നല്‍, കാറ്റ് എന്നിവയില്‍ മരിക്കുന്നവര്‍ക്കും വീട് നഷ്ടപ്പെടുന്നവര്‍ക്കും സംസ്ഥാനത്തിന് പ്രത്യേകമായി അനുവദിക്കാവുന്ന 10 ശതമാനം സ്വതന്ത്രഫണ്ടില്‍ നിന്നും ദുരിതാശ്വാസം നല്‍കും. പ്രതിവര്‍ഷം 70ഓളം പേര്‍ മിന്നലേറ്റും അതിലേറെപേര്‍ കടല്‍ക്ഷോഭത്തിലും മരിക്കുന്നുണ്ട്. ഈ അപകടങ്ങളെ പ്രകൃതിക്ഷോഭമായി കണക്കാക്കാത്തതിനാല്‍ ഇവരുടെ ആശ്രിതര്‍ക്ക് സഹായം ലഭിച്ചിരുന്നില്ല. എന്നാല്‍, സംസ്ഥാനത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സഹായം നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. വീടുകള്‍ക്കുണ്ടാവുന്ന നാശത്തിന് നല്‍കിയിരുന്ന സഹായം മലയോരമേഖലയില്‍ 101500 രൂപയായും നിരപ്പായ പ്രദേശങ്ങളില്‍ 95,000 രൂപയായും വര്‍ധിപ്പിക്കും. ഇതിനുപുറമെ സംസ്ഥാന സര്‍ക്കാറിന്റെ വകയായി 95,000 രൂപവരെ നല്‍കി പരമാവധി രണ്ട് ലക്ഷം രൂപവരെ പൂര്‍ണമായും തകര്‍ന്നതോ, വാസയോഗ്യമല്ലാത്തതോ ആയിത്തീര്‍ന്ന വീടുകള്‍ക്ക് നല്‍കും. നെല്‍കൃഷി നാശത്തിനുള്ള സഹായം ഹെക്ടറിന് 6800 രൂപയായി ഉയര്‍ത്തും. റബ്ബര്‍, തെങ്ങ്, കവിങ്ങ് തുടങ്ങിയ സ്ഥിരവിളകള്‍ക്കുള്ള നാശനഷ്ടം ഹെക്ടറിന് 12,000 രൂപയില്‍ നിന്നും 18,000 രൂപയായും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, നദികളുടെ ദിശമാറ്റം തുടങ്ങിയവമൂലം ഭൂമിക്കുണ്ടാകുന്ന നഷ്ടത്തിന് ഹെക്ടറിന് 35,000 രൂപയായി വര്‍ധിപ്പിക്കും. വിളനാശത്തിനുള്ള പുനരുദ്ധാരണ സബ്‌സിഡി കാര്‍ഷിക വിളകള്‍ക്ക് ഹെക്ടറിന് 6800 ആയും ജലസേചന ക്രമീകരണമുള്ള വിളഭൂമിയില്‍ 12500 രൂപയായും വര്‍ധിപ്പിക്കും. പട്ടുനൂല്‍പുഴു വളര്‍ത്തലിന് നല്‍കിയിരുന്ന നഷ്ടപരിഹാരം ഹെക്ടറിന് 4800- 6000 രൂപയായും വര്‍ധിപ്പിക്കും. പശു, പോത്ത് തുടങ്ങിയ കന്നുകാലികള്‍ക്ക് 16400 രൂപയും കിടാങ്ങള്‍ക്ക് 10000 രൂപയും നഷ്ടപരിഹാരം നല്‍കിയത് യഥാക്രമം 30000, 16000 രൂപയുമായി ഉയര്‍ത്തും. കോഴി, താറാവ് തുടങ്ങിയവയുടെ നഷ്ടത്തിന് നല്‍കിയ സഹായം 50 രൂപപ്രകാരം പരമാവധി 5000 രൂപയാക്കും.
കൗരകൗശല നിര്‍മാണരംഗത്തെ ഉപകരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 4100 രൂപയാക്കി ഉയര്‍ത്തും. ഭാഗീകമായി നാശനഷ്ടം നേരിട്ട വീടുകള്‍ക്കുള്ള നഷ്ടപരിഹാരം 5200 രൂപയായി മാറും. പ്രകൃതിക്ഷോഭത്തില്‍ ഭൂരിതമനുഭവിക്കുന്നവര്‍ക്ക് കുടിവെള്ള വിതരണത്തിന് 1.5 ലക്ഷം രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. സ്‌കൂളുകളുടെ കേടുപാട് തീര്‍ക്കാന്‍ രണ്ട് ലക്ഷം വരെ നല്‍കും. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് 1800, 2000 രൂപയായി ഉയര്‍ത്തും. തകര്‍ന്ന അങ്കണവാടികള്‍ പുനരുദ്ധരിക്കുന്നതിന് രണ്ട് ലക്ഷം രൂപവരെ നല്‍കും.
പ്രീമണ്‍സൂണ്‍ ഒരുക്കങ്ങള്‍ക്കായി 14 ജില്ലകള്‍ക്കും ഒരു കോടി വീതം അനുവദിച്ചു. കാലവര്‍ഷത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് തുക പ്രയോജനപ്പെടുത്തി വേണ്ട ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഏപ്രില്‍, മെയ് മാസങ്ങളിലെ വേനല്‍മഴയില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ തോത് തിട്ടപ്പെടുത്തിയിട്ടില്ല. കണക്കുകള്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.