ക്വലാലംപൂര്‍: മലേഷ്യക്കും ഇന്തോനേഷ്യക്കും ഇടയിലെ കടലില്‍ മാസങ്ങളായി വെള്ളവും ഭക്ഷണവുമില്ലാതെ അലയുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് താത്കാലിക അഭയം നല്‍കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതിന് പിറകേ ഇവര്‍ക്കായി തിരച്ചില്‍ നടത്താനും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ഉത്തരവിട്ടു. ഉടനടി തിരച്ചില്‍ നടത്താന്‍ നാവിക സേനക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ട്വിറ്റര്‍ സന്ദേശത്തിലൂടെ നജീബ് റസാഖ് തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ‘റോയല്‍ മലേഷ്യന്‍ നാവിക സേനക്ക് ഞാന്‍ ഉത്തരവ് കൈമാറിക്കഴിഞ്ഞു. റോഹിംഗ്യാ ബോട്ടുകള്‍ കണ്ടെത്താന്‍ മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയും നാവിക സേനയും രക്ഷാ, തിരച്ചില്‍ ദൗത്യത്തില്‍ ഏര്‍പ്പെടും. ജീവഹാനി തടയാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഏത് നിമിഷവും തകരാവുന്ന ബോട്ടുകളിലായി 7,000ത്തോളം റോഹിംഗ്യകള്‍ കരക്കടുക്കാനാകാതെ കടലില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് താത്കാലിക അഭയം നല്‍കാമെന്ന് കഴിഞ്ഞ ദിവസം ഇന്തോനേഷ്യയും മലേഷ്യയും സന്നദ്ധത അറിയിച്ചിരുന്നു. നേരത്തേ, കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഈ രാജ്യങ്ങള്‍. തായ്‌ലാന്‍ഡും ഇതേ നിലപാടിലായിരുന്നു. ഈ രാജ്യങ്ങളിലെ തീരത്തെത്തിയ അഭയാര്‍ഥികളെ തീരസംരക്ഷണ സേന തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ ഇവരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഫിലിപ്പൈന്‍സ് രംഗത്തു വന്നതോടെയാണ് സ്വരം മാറ്റാന്‍ ഈ രാജ്യങ്ങള്‍ തയ്യാറായത്. ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമ്മര്‍ദം ശക്തമായതും മലേഷ്യയെയും ഇന്തോനേഷ്യയെയും മനംമാറ്റത്തിന് നിര്‍ബന്ധിച്ചു. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് ഈ തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കണമെന്നതാണ് ഇതില്‍ പ്രധാനം. ഒരു വര്‍ഷത്തിനുളളില്‍ ഇവരെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും നിബന്ധനയുണ്ട്.
കരക്കെത്തിച്ച അഭയാര്‍ഥികള്‍ പലരും രോഗബാധിതരും അങ്ങേയറ്റം ക്ഷീണിതരുമാണെന്ന് ആച്ചെയിലെ ദൃക്‌സാക്ഷികള്‍ പറഞ്ഞു. പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. കരക്കണഞ്ഞതിന്റെ ആനന്ദം അവര്‍ മറച്ചു വെച്ചില്ല. തന്നെ മൂന്ന് തവണ തായ് നാവിക സേനയും രണ്ട് തവണ മലേഷ്യന്‍ അധികൃതരും തിരിച്ചയച്ചതായി രക്ഷപ്പെട്ടവരിലൊരാള്‍ അല്‍ജസീറയോട് പറഞ്ഞു. മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയില്‍ നിന്ന് ബുദ്ധതീവ്രവാദികളുടെ ആക്രമണം ഭയന്നാണ് റോഹിംഗ്യാ മുസ്‌ലിംകള്‍ അപകടകരമായ പലായനത്തിന് മുതിരുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തിന്റെ കാരണം. മലാക്ക കടലിടുക്ക് വഴി ഇവര്‍ മലേഷ്യയെയോ തായ്‌ലാന്‍ഡിനെയോ ഇന്തോനോഷ്യയെയോ ലക്ഷ്യമിട്ട് ബോട്ടുകളില്‍ യാത്ര തിരിക്കുകയാണ് ചെയ്യുന്നത്. അഭയാര്‍ഥി പ്രവാഹം സംബന്ധിച്ച് ബുധനാഴ്ച തായ്‌ലാന്‍ഡില്‍ ഉച്ചകോടി ചേരാനിരിക്കുകയാണ്.