Gulf
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പീഡനങ്ങള്‍

സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള പീഡനങ്ങള്‍ യു എ ഇയില്‍ താരതമ്യേന കുറവാണ്. സ്ത്രീകളെ ബഹുമാനിക്കണമെന്നും കുട്ടികളെ നന്നായി പരിചരിക്കണമെന്നുമുള്ള സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയാണ് ഒരു കാരണം. മറ്റൊന്ന് ശക്തമായ നിയമം നിലനില്‍ക്കുന്നു എന്നുള്ളതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചാല്‍ തടവ് ശിക്ഷ ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. കുട്ടികളില്‍, തൊഴിലെടുക്കുന്നവരെപ്പോലും എവിടെയും കാണാന്‍ കഴിയില്ല.
എന്നാലും ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നുണ്ട്. ദുബൈയില്‍ ഈ വര്‍ഷം 107 പരാതികള്‍ ഉയര്‍ന്നു. ഇതില്‍ 84 എണ്ണത്തില്‍ പ്രതിഭാഗത്ത് പുരുഷന്‍മാര്‍. 35 പിതാവ്, 16 മാതാവ്, എട്ട് അപരിചിതര്‍, നാല് സഹ ജീവനക്കാര്‍, രണ്ട് സുഹൃത്തുക്കള്‍, രക്ഷാകര്‍തൃത്വം ചമഞ്ഞുള്ള പീഡനങ്ങളുമുണ്ട്.
പീഡിപ്പിക്കുന്നവരില്‍ സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ല. അങ്ങാടിയില്‍ തോറ്റാന്‍ വീട്ടിലെ സ്ത്രീകളോട്. ലൈംഗികാസക്തി മറ്റൊരു പ്രധാന കാരണം. വേലക്കാരികളോട് ക്രൂരമായി പെരുമാറുന്നവര്‍ വേറെ.
പുരുഷാധിപത്യ ലോകമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കമ്പോളവല്‍കരണത്തിന്റെ അതിപ്രസരം സ്ത്രീകളെ വില്‍പനച്ചരക്കാക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനങ്ങള്‍ കുടുംബത്തിനകത്തും എത്തും. മാതാവ് പോലും വെറും ഉല്‍പന്നമായി മാറും.
വിവാഹം ചെയ്യാന്‍, വലിയ തുക “മഹര്‍” നല്‍കേണ്ട സാഹചര്യമാണ് ഗള്‍ഫില്‍. പുരുഷനാണ് പണം മുടക്കേണ്ടത്. പക്ഷേ, വിവാഹം കഴിഞ്ഞാല്‍ സ്ത്രീ കാല്‍കീഴിലായി എന്ന തോന്നലാണ് പലര്‍ക്കും. ദുബൈയില്‍ പീഡിപ്പിക്കപ്പെട്ടവര്‍ 274 ആണെങ്കില്‍ അതില്‍ 117 സ്വദേശി സ്ത്രീകളാണെന്ന് ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഡയറക്ടര്‍ ജനറല്‍ അഫ്‌റ അല്‍ ബസ്തി ചൂണ്ടിക്കാട്ടി.
വേലക്കാരികളോട് യാതൊരു അനുകമ്പയും കാണിക്കാത്ത സമൂഹമാണ് ലോകമെങ്ങും. പല വീടുകളിലും വേലക്കാരികള്‍ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നു. ഭൂരിപക്ഷം പേരും ഭയം കാരണം പുറത്തു പറയാറില്ല.
മനുഷ്യക്കടത്തുകാരുടെ വലയില്‍പ്പെട്ടാല്‍ കൊടിയ ദുരിതമാണ്. ശാരീരികവും മാനസികവുമായ അനേകം പീഡനങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുക. മികച്ച ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫിലെത്തിച്ചശേഷം ഇരുട്ടിന്റെ ലോകത്തേക്ക് തള്ളിയിടപ്പെട്ടവരുടെ ദുരിത കഥകള്‍ ധാരാളം കേട്ടതാണ്.
ഇതിനിടയില്‍, ഭാര്യയുടെ മാതാവിനെ കൊണ്ടുവന്ന് മാനസികമായി പീഡിപ്പിച്ചവരുടെ ക്രൂരതകളും പുറത്തുവന്നു. ഭാര്യക്ക് കൂട്ടിരിക്കാനെന്ന് ധരിപ്പിച്ചാണ് ഭാര്യാമാതാവിനെ കൊണ്ടുവരുന്നത്. ഫഌറ്റിന്റെയോ വില്ലയുടെയോ നാലുചുവരുകള്‍ക്കുള്ളിലായാല്‍ എന്തുമാകാമെന്നാണ് ചിലര്‍ കരുതുന്നത്. കുടുംബ ഭദ്രതയോര്‍ത്ത് പലരും പുറത്തുപറയാറില്ല.