International
ഇന്തോനേഷ്യയില്‍ 400ലധികം അഭയാര്‍ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മലാക്കയില്‍ കടലില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 400ലധികം അഭയാര്‍ഥികളെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് നിരവധി തവണ ആടിയുലഞ്ഞ് അപകടത്തില്‍പ്പെട്ടപ്പോള്‍ മത്സ്യതൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് വിശദീകരണം. മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് 400ലധികം വരുന്ന അഭയാര്‍ഥികളെ കരയിലെത്തിച്ചത്. അതിനിടെ, കടലില്‍ കുടുങ്ങിക്കിടക്കുന്ന 7,000ത്തിലധികം അഭയാര്‍ഥികള്‍ക്ക് എല്ലാവിധ മാനുഷിക സഹായങ്ങളും നല്‍കുമെന്ന് മലേഷ്യയും ഇന്തോനേഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് താത്കാലികമായി അഭയം നല്‍കാനും തങ്ങള്‍ തയ്യാറാണെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയില്‍ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ അഭയാര്‍ഥികളില്‍ പിഞ്ചുകുട്ടികളും സ്ത്രീകളുമുണ്ട്. രക്ഷപ്പെട്ടവരെ സിംപാഗ് തിഗ ഗ്രാമത്തിലേക്കാണ് ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. തായ്‌ലാന്‍ഡ് കടലില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ അതേഅവസ്ഥ തന്നെയാണ് ഈ ബോട്ടിനും ഉണ്ടായിരിക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ക്യാപ്റ്റനും ബോട്ടിലെ ജീവനക്കാരും സ്ഥലം കാലിയാക്കി അഭയാര്‍ഥികളെ കടലില്‍ ഉപേക്ഷിച്ച ആ സംഭവം ലോകമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.
കരക്കെത്തിയ പല അഭയാര്‍ഥികളും തങ്ങളനുഭവിച്ച ദുരിതങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. ബോട്ടില്‍ കിടന്ന് മരണത്തോട് മല്ലടിക്കുകയായിരുന്നുവെന്നും നിരവധി പേര്‍ അസുഖം ബാധിച്ച് അവശരായിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തായ് നാവിക സൈന്യം തങ്ങളെ മൂന്ന് തവണയും മലേഷ്യന്‍ അധികൃതര്‍ രണ്ട് തവണയും അവഗണിക്കുകയും വിട്ടുപോകാന്‍ ഉത്തരവിടുകയും ചെയ്തതായി ഇവര്‍ പറയുന്നു. തോക്കുകള്‍ തലക്ക് നേരെ ചൂണ്ടി, നിങ്ങള്‍ തിരിച്ച് പോയില്ലെങ്കില്‍ ബോട്ട് ബോംബ് വെച്ച് തകര്‍ക്കുമെന്ന് വരെ മലേഷ്യന്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ വെളിപ്പെടുത്തുന്നു. മ്യാന്‍മര്‍ സര്‍ക്കാറില്‍ നിന്നുള്ള പീഡനം സഹിക്കാനാവാതെ നിരവധി റോഹിംഗ്യന്‍ മുസ്‌ലിംകളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബംഗ്ലാദേശികളും ഇന്തോനേഷ്യന്‍ തീരത്തെത്തിയിരുന്നു. എന്നാല്‍ അഭയാര്‍ഥികളായ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് അഭയം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സ് രംഗത്തെത്തിയിരുന്നു.