Connect with us

Gulf

സ്വദേശി കുടുംബത്തോടൊപ്പം മൂന്ന് പതിറ്റാണ്ട്; നേരിട്ട് കണ്ട ഇസ്‌ലാം സ്വീകരിച്ച് വേലക്കാരി അലീന

Published

|

Last Updated

അല്‍ ഐന്‍: ഇത് അലീന ദിനായൂന്‍, സ്വദേശം ഫിലിപ്പൈന്‍, വയസ് 62. കഴിഞ്ഞ 28 വര്‍ഷത്തിലധികമായി അല്‍ ഐനിലെ മുഹമ്മദ് ഹമദ് അല്‍ മുഹൈരിയെന്ന സ്വദേശിയുടെ കുടുംബത്തോടൊപ്പം നിഴല്‍പോലെ അലീനയുണ്ട്.
അല്‍ മുഹൈരി കുടുംബത്തിന്റെ കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കില്ലാത്ത ശ്രദ്ധയും ഗൗരവവും അലീന കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രകടിപ്പിച്ചുവരുന്നു. അലീന ജന്മം കൊണ്ടും ജീവിതം കൊണ്ടും കൃസ്ത്യാനിയാണെങ്കിലും മതകാര്യങ്ങളില്‍ അതീവ ശ്രദ്ധയുള്ള മുഹമ്മദ് അല്‍ മുഹൈരിയുടെ കുടുംബത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടുപോന്നു. മുസ്‌ലിമല്ലാത്തവര്‍ക്കും തികഞ്ഞ ഒരു മുസ്‌ലിമിന്റെ സന്തതസഹചാരിയാകുന്നതിന് യഥാര്‍ഥ മതമെതിരല്ലെന്ന് അല്‍ മുഹൈരി കുടുംബം അലീനയെ നീണ്ട വര്‍ഷങ്ങളിലൂടെ ബോധ്യപ്പെടുത്തി.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കുടുംബത്തിലെ ചെറുതോ വലുതോ ആയ ഒരംഗത്തില്‍ നിന്നും തനിക്ക് അതൃപ്തികരമായ ഒരു സമീപനവും പെരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് അലീന സാക്ഷ്യപ്പെടുത്തുന്നു. അതോടൊപ്പം മാന്യതക്ക് നിരക്കാത്ത ഒരു പെരുമാറ്റവും സത്യസന്ധതക്ക് യോജിക്കാത്ത സമീപനവും ഇക്കാലത്തിനിടക്ക് അലീനയില്‍ നിന്നുണ്ടായിട്ടില്ലെന്ന് അല്‍ മുഹൈരി കുടുംബവും മനസ്സ് തുറക്കുന്നു. ഇക്കാലത്തിനിടക്ക് കുടുംബത്തിലെ ഒരു കുട്ടിയെപ്പോലും അടിച്ചതായി അനുഭവമില്ലെന്നും കുടുംബം പറയുന്നു.
ജോലി ചെയ്യുന്ന വീട്ടിലെ കുട്ടികളെ മനുഷ്യത്വരഹിതമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും കൊലപാതകങ്ങള്‍ വരെ നടത്തുകയും ചെയ്ത വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്ന ഇക്കാലത്താണ് അലീനയെന്ന വേലക്കാരിയുടെ ഈ സുകൃതം. 62 വയസ്സായ അലീനക്ക് ഇപ്പോള്‍ അനാരോഗ്യമാണ്. വീട്ടുജോലികളും ഉത്തരവാദിത്വങ്ങളും പഴയതുപോലെ നിര്‍വഹിക്കാന്‍ സാധിക്കാത്ത അവസ്ഥ. വേലക്കാര്‍ക്ക് അനാരോഗ്യമുണ്ടാകുമ്പോള്‍ അവരെ മാറ്റി പുതിയതൊന്നിനെ കൊണ്ടുവരുന്നതാണ് പൊതുരീതി. പക്ഷേ, അല്‍ മുഹൈരി കുടുംബം ചെയ്തത് ഒന്നുകൂടി മനുഷ്യത്വപരമായി. അലീനയെ നിലനിര്‍ത്തി, കുടുംബത്തിനും കൂട്ടത്തില്‍ അലീനക്കും സഹായത്തിന് പുതിയ ഒരു വേലക്കാരിയെ കൊണ്ടുവന്നു.
മൂന്നു മാസമായി രോഗിയായ അലീനക്ക് ആവശ്യമായ ആശുപത്രി ചികിത്സയും പരിചരണവും സ്വദേശി കുടുംബം നല്‍കിവരികയാണിപ്പോള്‍. അല്‍ തവാം ആശുപത്രിയിലെ മുടങ്ങാത്ത ചികിത്സക്കു പുറമെ സ്വസ്ഥമായി വിശ്രമിക്കാന്‍ അലീനക്ക് വീടിനോടുചേര്‍ന്ന് പ്രത്യേക സൗകര്യവും സ്വദേശി കുടുംബം ഒരുക്കിക്കൊടുത്തു. സ്വദേശി കുടുംബത്തിന്റെ അളവറ്റ കുരണയും മനുഷ്യത്വ സമീപനവും നേരത്തെ ഇസ്‌ലാമിലേക്കാകര്‍ഷിച്ച അലീനക്ക് അവരുടെ ഭാഷയിലുള്ള ഇസ്‌ലാമിനെ പഠിക്കാനുതകുന്ന പുസ്തകങ്ങള്‍ നല്‍കി.
ഇതിനും പുറമെ തന്റെ നാട്ടുകാരനായ ഒരു മുല്ലയെത്തന്നെ വരുത്തി അലീനക്ക് ഇസ്‌ലാമിനെ പ്രമാണങ്ങളിലൂടെ പഠിപ്പിച്ചുകൊടുക്കാനും അല്‍ മുഹൈരി കുടുംബം മുന്നോട്ടുവന്നു. സ്വദേശി കുടുംബത്തിന്റെ ഒത്താശയോടെ ഇസ്‌ലാം സ്വീകരിച്ച അലീന ഇന്നേറെ സന്തുഷ്ടയാണ്. ആരാധനകളില്‍ കൃത്യനിഷ്ഠയും കുടുംബകാര്യങ്ങളില്‍ തനിക്കാവുന്ന സേവനങ്ങളും ചെയ്ത അവര്‍ സ്വദേശി കുടുംബത്തിനൊപ്പം കഴിഞ്ഞുവരുന്നു. നിയമം അനുവദിക്കുമെങ്കില്‍ മരണം വരെ അല്‍ മുഹൈരി കുടുംബത്തിലൊരംഗമായി ഇമാറാത്തില്‍ തന്നെ കഴിയാനാണ് തന്റെ ആഗ്രഹമെന്ന് വളച്ചുകെട്ടില്ലാതെ അലീന പറയുന്നു.

Latest