Articles
രൂപപ്പെടുന്നു, പുതിയൊരു സംരംഭക സംസ്‌കാരം

യുവതലമുറയുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനായി എന്നതാണ് കഴിഞ്ഞ നാല് വര്‍ഷത്തെ വ്യവസായ-ഐ ടി വകുപ്പുകളുടെ നേട്ടത്തിന്റെ കാതല്‍. 2015 ഫെബ്രുവരി 28 വരെയുള്ള കണക്കുകളനുസരിച്ച് 1.20 കോടി ഡിജിറ്റല്‍ സര്‍ട്ടിഫക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കേരളം. രാജ്യത്തെ ആകെയുള്ള 50 ഇ-ഡിസ്ട്രിക്ടുകളില്‍ കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെടുന്നു. ഒരു ജിഗാബൈറ്റ് കണക്ടിവിറ്റി എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഏര്‍പ്പെടുത്തുന്ന നടപടി അന്തിമഘട്ടത്തിലാണ്. ഇതോടെ ഇന്ത്യയിലെ ഒരേയൊരു ഡിജിറ്റല്‍ സ്റ്റേറ്റായി കേരളം മാറും. 20ലധികം വകുപ്പുകളില്‍ ഇലക്‌ട്രോണിക്‌സ് സര്‍വീസ് ഡെലിവറി ഏര്‍പ്പെടുത്തി. ഇ-പ്രൊക്വയര്‍മെന്റിനും ഇ-ഗവേണന്‍സിനും നിരവധി ദേശീയ പുരസ്‌കാരങ്ങളും കേരളത്തെ തേടിയെത്തി. ഇന്ന് അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള മുഴുവന്‍ സര്‍ക്കാര്‍ പര്‍ച്ചേസുകളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. ഇതിനകം 24,400 കോടി രൂപക്കുള്ള 30,000 പര്‍ച്ചേസുകള്‍ ഇ-പ്രൊക്വയര്‍മെന്റിലൂടെയാണ് വാങ്ങിയത്. ഇതുവഴി മത്സരം വര്‍ധിക്കുകയും മൂല്യം ഉറപ്പാവുകയും ചെയ്തു. അഴിമതി തടയാനുള്ള ഏറ്റവും ആധുനിക സംവിധാനമാണ് ഇത്തരം ഇ-ഗവേണന്‍സ് പ്ലാറ്റ്‌ഫോമുകള്‍. 2002 നവംബറില്‍ ആരംഭിച്ച അക്ഷയ പദ്ധതിയാണ് സംസ്ഥാനത്തെ മുഴുവന്‍ ഇ-ഗവേണന്‍സ് പദ്ധതികള്‍ക്കും ചാലകശക്തിയായത്. ഇ-ഡിസ്ട്രിക്റ്റ്, ബാങ്കിംഗ,് ഇന്‍ഷ്വറന്‍സ്, സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ തുടങ്ങി നിരവധി സര്‍വീസുകള്‍ അക്ഷയ വഴി സാധാരണ പൗരന്മാര്‍ക്ക് വളരെയെളുപ്പത്തില്‍ ലഭിക്കുന്നു. ഇ-ഡിസ്ട്രിക്ട് പ്ലാറ്റ്‌ഫോമിലൂടെ മാത്രം 24 റവന്യൂ സര്‍ട്ടിഫിക്കറ്റുകളും 500 ലധികം സര്‍ക്കാരുമായുള്ള പണമിടപാടുസേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കി. ഇത്തരം നടപടികള്‍ പൊതുജനങ്ങളും സര്‍ക്കാറും തമ്മിലുള്ള അകലം കുറക്കുകമാത്രമല്ല നമ്മുടെ നാട്ടിലെ നിക്ഷേപാന്തരീക്ഷത്തെ ഫലപ്രദമായി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റും കലക്ടറേറ്റുകളുമടക്കം മുഴുവന്‍ ഓഫീസുകളും പേപ്പര്‍ രഹിതമാകുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ വിപ്ലവം സമീപഭാവിയില്‍ തന്നെ കേരളത്തില്‍ സംഭവിക്കും.
ഐ ടിയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുന്നതോടൊപ്പം തന്നെ വിവരസാങ്കേതിക മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും വന്‍നിക്ഷേപങ്ങള്‍ സാധ്യമാക്കാനും കഴിഞ്ഞു. ഒരു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും 10,000 കോടി രൂപയുടെ കയറ്റുമതി വരുമാനം ലഭ്യമാക്കുകയും ചെയ്യുന്ന ഉയരങ്ങളിലേക്ക് കേരളത്തിന്റെ ഐ ടി മേഖല വളര്‍ന്നുകഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 2000 കോടി രൂപയായിരുന്നു ഐ ടി കയറ്റുമതി വരുമാനം. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ വരുമാനം നാല് വര്‍ഷം കൊണ്ട് 300 ശതമാനം വര്‍ധിച്ചു. 2010ല്‍ 750 കോടി രൂപയായിരുന്ന ഇന്‍ഫോ പാര്‍ക്കിലെ ഐ ടി കയറ്റുമതി വരുമാനം ഇന്ന് പ്രതിവര്‍ഷം 2530 കോടിയിലധികമായി. ഇന്‍ഫോ പാര്‍ക്കിലെ കമ്പനികളുടെ എണ്ണം 80 ശതമാനവും തൊഴിലവസരങ്ങളുടെ എണ്ണം 14,000ത്തില്‍ നിന്ന് 70 ശതമാനം വര്‍ധിച്ച് 24,000വുമായും വളര്‍ന്നു. സ്മാര്‍ട്‌സിറ്റി കൊച്ചിയുടെ ഉദ്ഘാടനം 2015 ജൂണിലും കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ ആദ്യഘട്ടം 2015 ഡിസംബറിലും സാധ്യമാക്കുന്നതിലൂടെ 2016ല്‍ ഏറ്റവും ചുരുങ്ങിയത് 15,000 കോടി രൂപയുടെ ഐ ടി കയറ്റുമതി വരുമാനം കേരളത്തിലുണ്ടാകും. സ്വകാര്യ ഇന്റഗ്രേറ്റഡ് ഐ ടി പാര്‍ക്കുകളുടെ കടന്നുവരവുകൂടി സാധ്യമാക്കാനാവുന്നതോടെ വലിയ മുന്നേറ്റമാണ് ഐ ടി കയറ്റുമതിയില്‍ ഇനി നടത്താനാവുക.
2014-ല്‍ സെപ്തംബര്‍ 12ന് അങ്കമാലിയില്‍ യുവസംരംഭക സമ്മേളനം (യെസ്) സംഘടിപ്പിക്കുക വഴി യുവ തലമുറക്കുവേണ്ടി ആദ്യമായി ഒരു സംഗമം സംഘടിപ്പിക്കുന്ന സംസ്ഥാനവുമായി കേരളം. എറണാകുളത്ത് കിന്‍ഫ്രയുടെ ഭൂമിയില്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ വിജയമാണ് ഇത്തരമൊരു സംഗമത്തിന് സര്‍ക്കാറിനെ പ്രേരിപ്പച്ചത്. പണവും സ്ഥലവും മാര്‍ഗദര്‍ശനവും നല്‍കാന്‍ തങ്ങളുടെ സര്‍ക്കാര്‍ തന്നെ ഒപ്പമുണ്ടെന്ന് പുതുതലമുറക്ക് ഉറപ്പുനല്‍കാന്‍ ഇതിലൂടെ കഴിഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ മാതൃക ആന്ധ്രയും ഗുജറാത്തുമെല്ലാം അതേപടി പകര്‍ത്തുമ്പോള്‍, നമ്മുടെ ചുവടുവെപ്പ്ശരിയായ ദിശയിലേക്കാണെന്ന് വ്യക്തമായി. ഇതിനെല്ലാം ഊര്‍ജം പകരുന്ന നിലക്കുള്ള സ്റ്റാര്‍ട്ടപ്പ് പോളിസിയും പ്രഖ്യാപിച്ചുകഴിഞ്ഞു. നമ്മുടെ സഹോദരിമാര്‍ക്കു വേണ്ടി മാത്രമായി വനിതാസംരംഭക മിഷന് (വി-മിഷന്‍) തുടക്കമിടാനായത് ഏറെ അഭിമാനകരമായ ചുവടുവെച്ചായിരുന്നുവെന്ന് ഭാവി സാക്ഷ്യപ്പെടുത്തും.
ആധുനിക സംരംഭങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുന്നതോടൊപ്പം തന്നെ കേരളത്തിലെ നിലവിലുണ്ടായിരുന്ന വ്യവസായ – വാണിജ്യ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്താനും സര്‍ക്കാറിനായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തിന്റെ അഭിമാനമാണെന്ന് തിരിച്ചറിഞ്ഞ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനസഹായമായ 563.68 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചത്. 15,000ത്തോളം നെയ്ത്ത് തൊഴിലാളികളെ കടക്കെണിയില്‍ നിന്ന് മോചിപ്പിച്ചും കശുവണ്ടി തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ ദിനങ്ങള്‍ സമ്മാനിച്ചും കരുതലിന്റെ ഉത്കൃഷ്ടമാതൃക സൃഷ്ടിക്കാനും സര്‍ക്കാരിനായി.
എമര്‍ജിംങ് കേരളയിലൂടെ സംസ്ഥാനത്തിന് യോജിച്ച നിക്ഷേപ സാധ്യതകളെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞു. വ്യവസായ വകുപ്പിനു കീഴില്‍ മാത്രം 20,000 കോടിയോളം രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന 21 പദ്ധതികള്‍ യഥാര്‍ഥ്യത്തിലേങ്ങ് നീങ്ങുകയാണ്. മെഴ്‌സിഡസ് ബെന്‍സും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള പദ്ധതി, ശാസ്ത്ര സാങ്കേതിക വകുപ്പും ബി എ എസ് എഫ് ഇന്ത്യാ ലിമിറ്റഡും ചേര്‍ന്നുള്ള കിഡ്‌സ് ലാബ് പദ്ധതി, ബോഷ് കമ്പനി ഉന്നത വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള പദ്ധതി എന്നിങ്ങനെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ യഥാര്‍ഥ്യമായി. ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള അത്യന്താധുനിക സാങ്കേതികവിദ്യ കേരളത്തിന് പരിചിതമാകണമെന്ന പ്രേരണ തന്നെയാണ് എമര്‍ജിങ് കേരളയുടെ പിന്നിലുണ്ടായിരുന്നത്. ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി തുടങ്ങിയ മേഖലകളിലേക്ക് വലിയ സാധ്യതയാണ് എമര്‍ജിങ് കേരള വഴി തുറന്നുകിട്ടയത്.
ഇതുവരെ പറഞ്ഞതിനെക്കാളേറെ അത്ഭുതത്തിന് വക നല്‍കുന്നതാണ് ഇനി സൂചിപ്പിക്കാന്‍ പോകുന്ന കാര്യം. ജനസംഖ്യയും ഭൂവിസ്തൃതിയും കണക്കിലെടുത്ത് ദേശീയ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ സര്‍വേയില്‍ രാജ്യത്ത് കേരളം ഒന്നാമതെത്തിയെന്നതാണത്. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷം കൊണ്ട് 51,889 പുതിയ സംരംഭങ്ങളാണ് ഈ മേഖലയില്‍ മാത്രം സൃഷ്ടിക്കപ്പെട്ടത്. 2,97,369 തൊഴിലവസരങ്ങളും 8225.5 കോടി രൂപയുടെ നിക്ഷേപവും ഇതുവഴി കേരളത്തിലുണ്ടായി. രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയില്‍ 1.18 ശതമാനം വരുന്ന കേരളത്തിലാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ ഏറ്റവും വലിയ കുതിപ്പുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന അത്ഭുതം തിരിച്ചറിഞ്ഞ് വന്‍തോതില്‍ ഈ മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിക്കുന്ന മലയാളികള്‍ പുതിയൊരു സംരംഭക സംസ്‌കാരമാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ.
വഖഫ്, ഹജ്ജ്കാര്യ വകുപ്പുകളുടെ പ്രവര്‍ത്തനവും വളരെയേറെ മെച്ചപ്പെട്ട വര്‍ഷങ്ങളാണ് കടന്നുപോയത്. വഖഫ് സ്വത്തുക്കളുടെ പരിരക്ഷ ഉറപ്പുവരുത്തി മുന്നോട്ടു പോയതിന്റെ ഫലമായി 2011-12-ല്‍ 3.09 കോടി രൂപയായിരുന്ന വഖഫ് ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം 2014-15-ല്‍ 6.44 കോടിയായി. 790 വഖഫുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ നാല് വര്‍ഷവും ഒരു പരാതിയും ഉയര്‍ന്നുവരാത്ത വിധം ഹജ്ജുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കാനായി. വഖഫ് -ഹജ്ജ് വകുപ്പുകള്‍ക്ക് കീഴില്‍ നിരവധി സാമൂഹികക്ഷേമ-പരിഷ്‌കരണ നടപടികള്‍ക്കും ഇക്കാലത്തിനിടെ തുടക്കം കുറിക്കാന്‍ കഴിഞ്ഞു.