Palakkad
വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് താലൂക്കുകളില്‍ സബ് കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ജീവനക്കാരുടെ ബസ്സിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുളള നടപടിയുണ്ടാകുമെന്നു പറഞ്ഞ കലക്ടര്‍ വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരോട് മാന്യത പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്റുകളില്‍ വിദ്യാര്‍ത്ഥിനികളെ അനാവശ്യമായി പുറത്തിനിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കണം. സ്‌കൂളുകളോടനുബന്ധിച്ച് വിദ്യാര്‍ഥികളെ വാഹനങ്ങളില്‍ കയറ്റുന്നതിന് പി ടി എ കമ്മിറ്റി പ്രതേ്യക സൗകര്യങ്ങളേര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ ഹോം ഗാര്‍ഡിന്റെ സേവനം ആവശ്യപ്പെടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിരമായി ഇടപെടുന്ന രീതിയിലാണ് സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. കമ്മിറ്റിയില്‍ ബസ് ഉടമാ സംഘത്തിന്റെ പ്രതിനിധികള്‍, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികളും ഉള്‍പ്പെടും.
പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്ന രീതിയിലായിരിക്കും കമ്മിറ്റിയുടെ പ്രവര്‍ത്തനം. ജില്ലയില്‍ സമാന്തര കോളേജ് മേഖലയില്‍ ഈ വര്‍ഷവും സൗജന്യമായി ബസ് യാത്രാകാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ആര്‍ ടി ഒ ടി ജെ തോമസ് യോഗത്തില്‍ അറിയിച്ചു. ഏകദേശം മുപ്പതിനായിരത്തോളം സൗജന്യ കാര്‍ഡുകളാണ് തയ്യാറായി വരുന്നത്. യോഗത്തില്‍ ആര്‍ ടി ഒ ടി ജെ തോമസ്, ഡി വൈ എസ് പി എ എ റോക്കി, ബസ്സുടമകളെ പ്രതിനിധീകരിച്ച് ഗോകുല്‍ദാസ്, ടി ഗോപിനാഥന്‍, എന്‍ വിദ്യാധരന്‍, കെ ഐ ബഷീര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ രജിത അജിത്കുമാര്‍, എസ് സുഷമ, കിഷോര്‍, ആര്‍ ഷിജു (എസ് എഫ് ഐ), സജീന (എ ഐ ഡി എസ് ഒ), ഷഫീഖ് അജ്മല്‍ (എസ് ഐ ഒ), പാരലല്‍ കോളേജ് അസോസിയേഷന്‍ ഭാരവാഹികളായ ജി എസ് വിനോദ്, എസ് കാജാഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.