Kozhikode
നടപടി സ്വീകരിക്കാത്തതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശം

വടകര: നഗരപരിധിയില്‍ അനധികൃത കെട്ടിട നിര്‍മാണം പൊടിപൊടിക്കുമ്പോഴും ശക്തമായ നടപടി സ്വീകരിക്കാത്ത നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ വിമര്‍ശം.
കോണ്‍ഗ്രസ് അംഗം സി എച്ച് വിജയനാണ് അനധികൃത കെട്ടിട നിര്‍മാണത്തെപ്പറ്റി ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. പുതുപ്പണം പാലോളിപ്പാലത്ത് സര്‍വീസ് സ്റ്റേഷന് വേണ്ടി അനധികൃത നിര്‍മാണം നടക്കുന്നതായും ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും വിജയന്‍ പറഞ്ഞു. മാര്‍ക്കറ്റ് റോഡില്‍ 28 വര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടം അനധികൃതമാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയ എന്‍ജിനീയറിംഗ് വിഭാഗം എ ജെ ബിസിനസ് സെന്ററിലും എടോടി നിര്‍മിക്കുന്ന അനധികൃത നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സി പി എമ്മിലെ ഇ സജിത്ത് കുമാര്‍ ചോദിച്ചു.
റിലയന്‍സ് നിര്‍മിക്കുന്ന 4ജി ടവറിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതും വിവരാവകാശനിയമ പ്രകാരം എന്‍ജിനീയറിംഗ് വിഭാഗം തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായും ആരോപണയുയര്‍ന്നു. അനധികൃത നിര്‍മാണത്തിനെതിരെ സെക്രട്ടറി പരിശോധന നടത്തി അടുത്ത കൗണ്‍സിലില്‍ നടപടി പരിശോധിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. മുനിസിപ്പല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനെതിരെയുള്ള പരാതി സര്‍ക്കാറിനെ അറിയിക്കുമെന്നും അനധികൃത നിര്‍മാണത്തിനെതിരെ വൈസ് ചെയര്‍മാന്‍ കെ വി ബാലന്‍ മാസ്റ്റര്‍ കണ്‍വീനറായ കമ്മിറ്റി പരിശോധന നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി അധ്യക്ഷത വഹിച്ചു.