പൊഴിയൂരില്‍ കടലില്‍ കാണാതായ അഞ്ചുപേരില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി

Posted on: May 17, 2015 11:09 am | Last updated: May 18, 2015 at 10:32 am

poovar-rDJUK-uSGaRതിരുവനന്തപുരം: പൊഴിയൂരില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ അഞ്ചുപേരില്‍ നാലു പേരുടെ മൃതദേഹം കണ്ടെത്തി. സുഹൈല്‍(14),സമൂഹ(13), മര്‍സുഖ(14),ഫാത്തിമ(12) എന്നിവരുടെ മൃതദേഹമാണ് തമിഴ്‌നാട്ടിലെ കിഴക്കേ കൊല്ലങ്കോട് നിന്നും കണ്ടെത്തിയത്. തിരുനെല്‍വേലി സ്വദേശികളായ വിനോദ സഞ്ചാര സംഘത്തിലെ ഒരു സ്ത്രീയെയും നാലു കുട്ടികളെയുമാണു കഴിഞ്ഞ ദിവസം കടലില്‍ കാണാതായത്. ഇതില്‍ നാലുകുട്ടികളുടെ മൃതദേഹമാണ് ഇന്ന് നടത്തിയ തെരച്ചിലില്‍ കിട്ടിയത്.

ശക്തമായ കാറ്റും മഴയും മൂലം ഇന്നലെ രാത്രി തെരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. തിരുന്നല്‍വേലിയില്‍ നിന്നെത്തിയ 20 അംഗ സംഘത്തിലെ അഞ്ചു പേരെയാണു ഇന്നലെ കാണാതായത്. വിനോദസഞ്ചാരത്തിനായി എത്തിയ ഇവര്‍ കടലിലെ ബോട്ട് യാത്രയ്ക്ക് ശേഷം പൊഴി കാണാനായി ബോട്ടില്‍നിന്നിറങ്ങി. പൊഴി മുറിഞ്ഞ ഭാഗത്തെത്തിയ സംഘത്തിലെ കുട്ടികളായ സമൂഹ, സുഹൈര്‍, മര്‍സുഖ, ഫാത്തിമ എന്നിവര്‍ വലിയ തിരമാലയില്‍പ്പെട്ടു. കുട്ടികള്‍ വെള്ളത്തിലേക്കു വീഴുന്നതുകണ്ട് ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സയൂവ എന്ന മുപ്പതുകാരിയും തിരമാലയില്‍പ്പെടുകയായിരുന്നു.

തിരുന്നല്‍വേലി മേലെ പാളയം സ്വദേശികളാണ് ഇവര്‍. പൊലീസും ഫയര്‍ഫോഴ്‌സും കോസ്റ്റ്ഗാര്‍ഡും സംയുക്തമായാണു തെരച്ചില്‍ നടത്തുന്നത്.