റോഡപകടങ്ങള്‍ കുതിക്കുന്നു; സുരക്ഷാ അതോറിറ്റിക്ക് അനുവദിച്ച തുക അനങ്ങുന്നില്ല

Posted on: May 17, 2015 5:34 am | Last updated: May 16, 2015 at 11:35 pm

കൊച്ചി: റോഡപകടങ്ങള്‍ സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിക്കുമ്പോഴും അതു തടയാനായി വകയിരുത്തിയ തുകയില്‍ 52 കോടി രൂപ ഇതുവരെ ചെലവാക്കിയില്ലെന്ന് വിവരാകാവകാശ രേഖ.
2010 മുതല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാറില്‍ നിന്നും കേരള റോഡ് സുരക്ഷാ അതോറിറ്റിക്ക് അനുവദിച്ച തുകയില്‍ 51,82,82,558 രൂപ ചെലവഴിച്ചില്ലെന്നാണ് അതോറിറ്റിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി അനില്‍കുമാര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. 2007ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി നിയമത്തിലെ 25ാം വകുപ്പു പ്രകാരം സി എ ജിയാണ് അതോറിറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടത്. എന്നാല്‍ സി എ ജി ഇതുവരെയും ഓഡിറ്റിംഗ് നടത്തിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനു നല്‍കിയ അപേക്ഷയിലാണ് കേരള റോഡ് സുരക്ഷാ അതോറിറ്റി വിവരങ്ങള്‍ നല്‍കിയത്. ആലപ്പുഴ ജില്ലയിലെ ബസുകളുടെ അമിത വേഗം നിയന്ത്രിക്കാന്‍ ഇലക്ട്രോണിക് പഞ്ചിംഗ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഡി ബി ബിനു നല്‍കിയ ഹരജിയില്‍ ഫണ്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഇതേ തുടര്‍ന്ന് ബജറ്റില്‍ അനുവദിച്ച കോടികള്‍ ചെലവാക്കാതെ കെട്ടിക്കിടക്കുന്നതിന്റെ വിവരാവകാശ രേഖ ഹരജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.
മോട്ടോര്‍ വാഹന സെസ്, കോമ്പൗണ്ടിംഗ് ഫീ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ വര്‍ഷവും റോഡ് സുരക്ഷാ അതോറിറ്റിക്ക് സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കുന്നത്. ഇതില്‍ നിന്നാണ് അതോറിറ്റി പോലീസ്, മോട്ടോര്‍വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ക്ക് തുക നല്‍കുന്നത്. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് അപകടങ്ങള്‍ പരമാവധി കുറക്കുന്നതിനാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി റോഡ് സുരക്ഷാ അതോറിറ്റി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. റോഡ് സുരക്ഷാ ബോധവത്കരണ പരിശീലനങ്ങള്‍ നല്‍കുക, പുസ്തകങ്ങളും മറ്റ് സാമഗ്രികളും ജനങ്ങളില്‍ എത്തിക്കുക, റോഡ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങി നല്‍കുക, റോഡുകളില്‍ അപകട നിവാരണ റിഫഌക്ടര്‍, സൈന്‍ബോര്‍ഡുകള്‍, റോഡ് സൈഡില്‍ ബാരിക്കേഡുകള്‍, ബസ് ബേ എന്നിവ സജ്ജമാക്കുക തുടങ്ങിയവ അതോറിറ്റിയുടെ അധികാര പരിധിയിലുള്ള കാര്യങ്ങളാണ്. ജില്ലാ കളക്ടര്‍ അധ്യക്ഷനും ആര്‍ ടി ഒ സെക്രട്ടറിയുമായ ജില്ലാ റോഡ് സുരക്ഷാ സമിതിയാണ് ഓരോ ജില്ലയിലും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്.
സംസ്ഥാനത്ത് 2014ല്‍ മാത്രം 36,282 റോഡപകടങ്ങളില്‍ 4049 പേര്‍ മരണമടയുകയും 41096 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2013ലെ അപകട കണക്കുകളെക്കാള്‍ കൂടുതലാണിത്. അപകട നിവാരണ സംവിധാനങ്ങള്‍ ഒരുക്കാനുള്ള കോടികള്‍ കെട്ടിക്കിടക്കുമ്പോഴും നമ്മുടെ നിരത്തുകളെ കുരുതിക്കളമാക്കുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് അഡ്വ. ഡി ബി ബിനു ആവശ്യപ്പെട്ടു.