Ongoing News
ബ്രീത്ത് അനലൈസിംഗിന് വിസമ്മതിച്ച് ലോക്കോ പൈലറ്റുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കോ പൈലറ്റുമാര്‍ ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ചെയ്യേണ്ട ബ്രത്ത് അനലൈസിംഗ് ടെസ്റ്റ് നടത്താന്‍ വിസമ്മതിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായാണ് ടെസ്റ്റ് നടത്താതെ ഇവര്‍ പ്രതിഷേധിക്കുന്നത്. ലോക്കോ പൈലറ്റുമാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് പരിശോധന നടത്തുന്നത്. ആധുനിക രീതീയിലുള്ള ബ്രീത്ത് അനലൈസര്‍ സ്ഥാപിക്കണമെന്നാതാണ് ഇവരുടെ ആവശ്യം. പാലക്കാട് ഡിവിഷനില്‍ ഇത് സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിലും ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അണുവിമുക്തമാക്കാത്ത മെഷീനുപയോഗിച്ച് തുടര്‍ച്ചയായി കൂടുതല്‍പേര്‍ക്ക് ടെസ്റ്റ് നടത്തുമ്പോള്‍ പലതരം രോഗങ്ങള്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് ലോക്കോ പൈലറ്റുമാരുടെ വാദം. കഴിഞ്ഞ മാസം 16ന് എറണാകുളത്ത് നിന്നുള്ള ലോക്കോ പൈലറ്റുമാര്‍ പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ പണി മുടക്കിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തയാണ് പരിശോധന കര്‍ശനമാക്കാന്‍ റയില്‍വേ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ആധുനിക രീതീയിലുള്ള മെഷീന്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂവെന്നാണ് ലോക്കോ പൈലറ്റുമാരുടെ വാദം. ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങളാണ് നിലവിലുള്ള ബ്രത്ത് അനസൈര്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നത്. ആധുനിക മെഷീനിന്റെ പ്രധാന ഭാഗമായ ഫില്‍ട്ടര്‍ സ്ട്ര പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് ഫലപ്രദമാണ്. എന്നാല്‍ ഇത് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. നിലവിലുള്ള മെഷീനിലെ അണുബാധമൂലം എച്ച്1 എന്‍1, ടി ബി തുടങ്ങിയ രോഗങ്ങള്‍ വളരെ വേഗം പകരാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മദ്യപിച്ച് ട്രെയിന്‍ നിയന്ത്രിച്ച 10 ലോക്കോ പൈലറ്റുമാരാണ് പിടിയിലായത്. ഇതില്‍ മൂന്നു പേര്‍ക്ക് ജോലി നഷ്ടമായി. ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ ഗതാഗതത്തില്‍ 10 എന്നത് വളരെ വലിയ സംഖ്യയായിത്തന്നെ കണക്കാക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് നടപടികള്‍ ശക്തമായതോടെ ബ്രീത്ത് അനലൈസറില്‍ ഊതാതെ പല ലോക്കോ പൈലറ്റുമാരും ജോലിക്ക് കയറുന്നതായി റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ബ്രീത്ത് അനലൈസറില്‍ ഊതാതെ ചില തന്ത്രങ്ങളിലൂടെ പരിശോധന ഫലങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും മനസ്സിലായതോടെയാണ് കര്‍ശന നിലപാട് സ്വീകരിച്ചത്. പുതിയ സംവിധാനത്തിലൂടെ എട്ടു മണിക്കൂര്‍ മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്നും അറിയാന്‍ സാധിക്കും.
ഏപ്രില്‍ 26ന് ലോക്കോ പൈലറ്റുമാര്‍ നടത്തിയ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞതോടെ താത്കാലിക ഒത്തുതീര്‍പ്പുണ്ടാക്കി. എന്നാല്‍ യാത്രക്കാരുടെ സുരക്ഷ പ്രധാനമായാതിനാല്‍ പരിശോധനയില്‍ നിന്നും പിന്നോട്ടില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.