സായ് കേന്ദ്രങ്ങളിലെ പരാതി: സി ബി ഐ അന്വേഷിക്കണമെന്ന് യുവജന കമ്മീഷന്‍

Posted on: May 17, 2015 5:30 am | Last updated: May 16, 2015 at 11:30 pm

തിരുവനന്തപുരം: സായി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലുകളുമായി ബന്ധപ്പെട്ട് പരാതികള്‍ സി ബി ഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ആഭ്യന്തര വകുപ്പിന് ശിപാര്‍ശ നല്‍കി.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ സംസ്ഥാന പോലീസ് അന്വേഷണം ഊര്‍ജിതമാക്കി തുടരുന്നതോടൊപ്പം കേന്ദ്രഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സായി ഹോസ്റ്റലുകളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും അവലോകനം നടത്തുകയും വേണം. ഹോസ്റ്റലുകളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലും യുവജന കമ്മീഷന്‍ പരിശോധന നടത്തി പരാതികള്‍ സ്വീകരിക്കും.