Idukki
ഇടവെട്ടിയില്‍ കഞ്ചാവ് മാഫിയ ആക്രമണം: വീടും വാഹനവും തകര്‍ത്തു

തൊടുപുഴ: കഞ്ചാവ് മാഫിയാ സംഘം വീടിന്റെ ജനല്‍ ചില്ലുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും അടിച്ച് തകര്‍ത്തു. ഇടവെട്ടി പഞ്ചായത്ത് നാലാം വാര്‍ഡില്‍ ശാരദ കവലയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വെളുത്ത ഇന്‍ഡിക്കാ കാറിലും നാല് ബൈക്കുകളിലുമായെ ത്തിയ 17 അംഗ സംഘം കമ്പി വടി ഉപയോഗിച്ച് വീട് ആക്രമി ക്കുകയായിരുന്നു. ശാരദകവലയില്‍ വെളിയത്ത് ലത്തീഫിന്റെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേക്കര ബിപിന്‍ എന്നയാളുടെ താമസ സ്ഥലമാണ് ഗുണ്ടകള്‍ ആക്രമിച്ചത്. ഈ സമയം വീട്ടിനുള്ളില്‍ വിപിനും കുടുംബവും ഇല്ലായിരുന്നു. ശബ്ദം കേട്ട് അയല്‍ക്കാര്‍ എഴുന്നേറ്റെങ്കിലും അക്രമികള്‍ രക്ഷപെട്ടിരുന്നു. എന്നാല്‍ പിന്നീട് മടങ്ങിയെത്തിയ അക്രമികള്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പഴേരിയില്‍ ജാഫറിന്റെ ഓട്ടോയുടെ ഗഌസ് അടിച്ച് തകര്‍ത്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അടുത്ത നാളുകളായി കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ഇടവെട്ടി മേഖലയില്‍ വെള്ളിലാംതൊട്ടി, നടയം, ഇല്ലിക്കുഴി, ഡിപ്പോ പരിസരം, എം.വി.ഐ.പി കനാല്‍ തീരം, ശാരദകവല, ഇഞ്ചക്കുന്ന് തോട്ടം എന്നി മേഖലകള്‍ കഞ്ചാവ് വില്‍പ്പനക്കാരുടെ കേന്ദ്രങ്ങളാണ്. നാട്ടുകാര്‍ പലവട്ടം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലായെന്ന ആക്ഷേപം ശക്തമാണ്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. എം മുജീബ്, സി പി എം ബ്രാഞ്ച് സെക്രട്ടറിമാരായ കെ ടി പ്രഭാകരന്‍, കെ ഐ യൂസഫ്, ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി പ്രസിഡന്റ് ഇന്‍സമാം എന്നിവര്‍ അക്രമികള്‍ തകര്‍ത്ത വീടും പരിസരവും സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.