Gulf
നേരത്തെ കാര്‍ഡ് പഞ്ച് ചെയ്ത യാത്രക്കാര്‍ക്ക് പിഴ

ദുബൈ: സ്റ്റോപ്പില്‍ എത്തുന്നതിന് മുമ്പായി നോള്‍ കാര്‍ഡ് പഞ്ച് ചെയ്ത നിരവധി ബസ് യാത്രക്കാര്‍ക്ക് ആര്‍ ടി എ പിഴ ചുമത്തി.
ആര്‍ ടി എ നിര്‍ദ്ദേശിക്കുന്ന മാര്‍ഗനിര്‍ദേശത്തിന് എതിരായി കാര്‍ഡ് പഞ്ച് ചെയ്ത യാത്രക്കാരാണ് പിഴക്കെണിയില്‍ വീണത്. താന്‍ കാര്‍ഡ് പഞ്ച് ചെയ്ത് ഇറങ്ങാന്‍ നില്‍ക്കവേ ആര്‍ ടി എ ഇന്‍സ്‌പെക്ടര്‍ എത്തി അകാരണായി 210 ദിര്‍ഹം പിഴ ചുമത്തുകയായിരുന്നുവെന്ന് സ്ഥിരം യാത്രക്കാരില്‍ ഒരാളായ അലി ഫക്കറുദ്ദീന്‍ ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് പിഴ ലഭിച്ചത്. തന്നെപ്പോലെ നിരവധി യാത്രക്കാര്‍ക്ക് ആര്‍ ടി എ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തുന്നുണ്ടെന്നും അലി വിശദീകരിച്ചു. പലപ്പോഴും പുരുഷന്മാര്‍ കാര്‍ഡ് പഞ്ച് ചെയ്യാന്‍ നില്‍ക്കുമ്പോഴേക്കും ബസ് സ്‌റ്റോപ്പില്‍ നിന്നു യാത്ര തുടരുന്നതാണ് ഇത്തരത്തില്‍ നേരത്തെ കാര്‍ഡ് പഞ്ച് ചെയ്യുന്നതിലേക്ക് എത്തിക്കുന്നതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് കാര്‍ഡ് പഞ്ച് ചെയ്യുന്നത് ആര്‍ ടി എയുടെ 2009ലെ നിയമത്തിന് എതിരാണെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി ഇ ഒ യൂസുഫ് അല്‍ അലി വ്യക്തമാക്കി. സ്റ്റോപ്പില്‍ എത്തിയ ശേഷമേ കാര്‍ഡ് പഞ്ച് ചെയ്യാവൂവെന്നും അദ്ദേഹം യാത്രക്കാരോട് അഭ്യര്‍ഥിച്ചു.