Connect with us

Ongoing News

യു പി സ്‌കൂള്‍ സൗകര്യത്തോടെ പ്രവര്‍ത്തിച്ച ഹൈസ്‌കൂളിന് നൂറ് മേനി വിജയം

Published

|

Last Updated

കുറ്റിയാടി: രാഷ്ട്രിയ മാധ്യമിക് ശിക്ഷ അഭിയാന്‍ (ആര്‍ എം എസ് എ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ കാവിലുംപാറ ഗവ. ഹൈസ്‌കൂളിന് പരാധീനതകള്‍ക്കിടയിലും എസ് എസ് എല്‍ സിക്ക് നൂറ്‌മേനി വിജയം.
2013- 14 അധ്യായന വര്‍ഷത്തിലാണ് സ്‌കൂളിനെ ഹൈസ്‌കൂളായി അപ് ഗ്രേഡ് ചെയ്തത്. യു പി സ്‌കൂളിന്റെ സൗകര്യമുപയോഗിച്ചാണ് ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലായി 803 കുട്ടികള്‍ ഇവിടെ പഠിക്കുന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകരും ഇവിടെയില്ല. ഒരു പ്രധാനാധ്യാപകനും ഗണിതം, മലയാളം, സാമൂഹിക ശാസ്ത്രം, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കുള്ള അധ്യാപകരും മാത്രമാണ് സ്ഥിരം നിയമനം ലഭിച്ചവരായി സകൂളിലുള്ളത്. ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് സ്ഥിരം അധ്യാപകരില്ല. അത് കൊണ്ട് പത്താം ക്ലാസ് രണ്ട് ക്ലാസ് ഒരുമിച്ചാണ് പലപ്പോഴും പഠിപ്പിക്കാറുള്ളത്.
ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാല്‍ പുതിയ കുട്ടികള്‍ക്ക് പ്രവേശം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പി ടി എ കമ്മിറ്റി നിയോഗിച്ച അഞ്ച് അധ്യാപകരെക്കൊണ്ടാണ് സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഒരാള്‍ക്ക് പ്രതിമാസം 21,000 രൂപയാണ് പി ടി എ കമ്മിറ്റി നല്‍കുന്നത്.
അതിനു പുറമെ സ്‌കൂളിലെ മറ്റു സൗകര്യങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. യു പി സ്‌കൂളിനും ഹൈസ്‌കൂളിനുമായി ഒരു കമ്പ്യൂട്ടര്‍ ലാബ് മാത്രമാണ് ഇവിടെയുള്ളത്. അതില്‍ തന്നെ എട്ട് കമ്പ്യൂട്ടറുകളെയുള്ളൂ. സയന്‍സ് ലാബിലും ആവശ്യത്തിന് സാമഗ്രികളില്ലാതെ പ്രയാസപ്പെടുകയാണ്. ഗണിത ലാബിന് പ്രത്യേക മുറിപോലുമില്ല. ലൈബ്രറിയിലാണെങ്കില്‍ ഉള്ള പുസ്തകങ്ങളധികവും പഴകിയതാണ്. ഇത്രയും പരാധീനതകള്‍ക്കിടയിലാണ് സ്‌കൂളിന് നൂറ്‌മേനി വജയം നേടിയിരിക്കുന്നതെന്ന് പി ടി എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ കുട്ടികള്‍ വരുന്നതോടെ വീണ്ടും പ്രയാസത്തിലാകും. അതിനാല്‍ കുട്ടികളുടെ ഭാവി കണക്കിലെടുത്ത് സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും ആര്‍ എം എസ് എയും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പി ടി എ ആവശ്യപ്പെട്ടു. പരിഹാരമുണ്ടായില്ലെങ്കില്‍ കുട്ടികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി ടി എ ഭാരവാഹികള്‍ പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ ടി മോഹനന്‍, കെ പി നാണു, കറ്റോടി ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.