Articles
വികസനത്തിന്റെ ഇരമ്പം

മേയ് 18ന് യുഡിഎഫ് സര്‍ക്കാര്‍ 4-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എന്തൊക്കെയന്ന് നോക്കാം. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയുടെ മുന്നിലെത്തി. 2012 മുതലാണ് അതുവരെ ദേശീയനിരക്കിനേക്കാള്‍ താഴെയായിരുന്ന കേരളത്തിന്റെ വളര്‍ച്ചാനിരക്ക് മുന്നിലെത്തിയത്.
കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാകുന്നു. ആലുവ മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാകുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നു. കോച്ചുകളുടെ നിര്‍മാണം ആരംഭിച്ചു. സ്ഥലമെടുപ്പിന് എറണാകുളം ജില്ലാ ബാങ്കില്‍ നിന്ന് 470 കോടി രൂപയുടെ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പദ്ധതിക്കായി സ്ഥലം നല്‍കേണ്ടിവരുന്ന കുടുംബങ്ങളില്‍നിന്നും ഒരാള്‍ക്കുവീതം ജോലി നല്‍കും. 5181 കോടി രൂപ ചെലവും 25.253 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ള ആദ്യഘട്ടം 2016 ല്‍ പൂര്‍ത്തിയാകും. ആലുവ മുതല്‍ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള പേട്ട വരെ 22 സ്റ്റേഷനുകള്‍ ഉണ്ടാകും. സ്മാര്‍ട്ട്‌സിറ്റിയുടെ ആറര ലക്ഷം ചതുരശ്രയടി കെട്ടിടം ജൂണില്‍ ഉദ്ഘാടനം ചെയ്യും. 40 ലക്ഷം ചതുരശ്ര അടി വരുന്ന രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും ഇതോടൊപ്പം നടക്കും. രണ്ടുവര്‍ഷത്തിനകം രണ്ടാംഘട്ടം പൂര്‍ത്തിയാക്കും.
കണ്ണൂര്‍ മട്ടന്നൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം അടുത്ത വര്‍ഷം മേയില്‍ പൂര്‍ത്തിയാക്കും. 2015 ഡിസംബര്‍ 31ന് ആദ്യവിമാനമിറങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി അനുമതി ലഭിച്ചു. 2,000 ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിന് 3,050 മീറ്റര്‍ റണ്‍വേയും 50,000 സ്‌ക്വയര്‍ മീറ്റര്‍ ടെര്‍മിനല്‍ ഏരിയയുമുണ്ട്. സര്‍ക്കാര്‍ 35 ശതമാനം, ബി പി സി എല്‍ 21 ശതമാനം, എയര്‍പോര്‍ട്ട് അതോറിറ്റി 10 ശതമാനം, പൊതുജനങ്ങള്‍ 13 ശതമാനം എന്നിങ്ങനെയാണ് ഷെയര്‍. വിഴിഞ്ഞം പദ്ധതിയുടെ ഏറ്റവും നിര്‍ണായകമായ ടെണ്ടര്‍ ഏപ്രില്‍ 24നു തുറന്നു. ആദാനി ഗ്രൂപ്പാണ് ഇപ്പോള്‍ രംഗത്തുള്ളത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് ലൈറ്റ് മെട്രോ പദ്ധതി ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തിന് 4,219 കോടിയും കോഴിക്കോടിന് 2,509 കോടിയും.
യുവജനങ്ങളും വിദ്യാര്‍ഥികളും തൊഴില്‍സംരംഭകരാകുന്ന സ്റ്റാര്‍ട്ടപ്പില്‍ 900 പദ്ധതികള്‍ക്കു തുടക്കമിട്ടു. ഏഴായിരത്തോളം ആശയങ്ങളുമായി യുവാക്കള്‍ സ്റ്റാര്‍ട്ടപ്പില്‍ രജിസ്‌ട്രേഷന്‍ നടത്തി. കൂടുതല്‍ സംരംഭങ്ങളും ഐടി/ടെലികോം മേഖലയിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ കൂടാതെ, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് പ്രതിമാസം 10,000 രൂപ വീതം 2 വര്‍ഷം പ്രോത്സാഹന സഹായം നല്‍കുന്നു. വിദ്യാര്‍ഥി സംരംഭകര്‍ക്ക് മാര്‍ക്കിലും ഹാജരിലും ആനുകൂല്യമുണ്ട്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സംരംഭക വികസന മിഷന് രൂപം നല്‍കി. 20 ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതിയിലേക്ക് 2,834 സംരംഭങ്ങളെ തിരഞ്ഞെടുത്തു. 650 സംരംഭങ്ങള്‍ക്ക് ധനസഹായം അനുവദിച്ചു. 450 സംരംഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. അതിലൂടെ 3,000 പേര്‍ക്ക് പ്രത്യക്ഷമായും അത്രത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിച്ചു.
അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സീറോ അല്‍ക്കഹോളിക് പാനീയമായ നീര ചെത്തുന്നതിന് അനുമതി. 173 നാളികേര ഉദ്പാദക ഫെഡറേഷനുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് നീര ഉല്‍പാദന പൈലറ്റ് കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. 1204 കിലോമീറ്റര്‍ വരുന്ന സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ പാതകളും ദേശാന്തരനിലവാരത്തിലേക്ക് ഉയര്‍ത്താനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി രൂപവത്കരിച്ചു. 28.12 കി.മീ. ദൂരമുള്ള കോഴിക്കോട് ബൈപാസിന്റെ 23.കി.മീ. രണ്ട് വരിയായി നിര്‍മിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം അഞ്ചില്‍ നിന്നും ഒമ്പതായി. മഞ്ചേരിയിലും ഇടുക്കിയിലും പാലക്കാടുമാണ് പുതിയവ. കൊച്ചി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു. 15 മെഡിക്കല്‍ കോളജുകളാണ് ലക്ഷ്യം. തിരുവനന്തപുരത്തും കോന്നിയിലും അടുത്ത വര്‍ഷം മെഡിക്കല്‍ കോളജുകള്‍ തുടങ്ങും. കാസര്‍കോടും വയനാടും ഹരിപ്പാടും നടപടികള്‍ പുരോഗമിക്കുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
ഓപ്പറേഷന്‍ കുബേരയില്‍ പലിശക്കാര്‍ക്കെതിരെ 2,836 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,722 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാ നിയമം അനുസരിച്ച് ഓപ്പറേഷന്‍ സുരക്ഷയിലൂടെ നടപടികള്‍ എടുത്തു. പി എസ് സി നിയമനത്തില്‍ റിക്കാര്‍ഡ് നേട്ടം. 2015 മാര്‍ച്ച് വരെ 1,22,391 പേര്‍ക്ക് നിയമനം നല്‍കി. ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കാന്‍ മുന്തിയ പരിഗണന നല്‍കി. 65 കോടിരൂപ അനുവദിച്ചു. 2015 ലെ ബജറ്റില്‍ 25 കോടി വകയിരുത്തി. എല്ലാ വര്‍ഷവും മണ്ഡലകാലത്തിനു മുമ്പ് ശബരിമല റോഡുകളുടെ അറ്റുകുറ്റപ്പണി പൂര്‍ത്തിയാക്കി. കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് 10 കോടിരൂപ അനുവദിച്ചു.
പാലക്കാട്ട് ഐ ഐ ടി അനുവദിച്ചു കിട്ടിയതോടെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ വലിയ മാറ്റത്തിനു വഴി ഒരുക്കും. മലയാളം സര്‍വകലാശാല തിരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഭിമാനകരമായ വിധത്തില്‍ 35-ാമത് ദേശീയ ഗെയിംസ് 7 ജില്ലകളിലായി സംഘടിപ്പിച്ചു. ഒന്‍പത് പുതിയ സ്റ്റേഡിയങ്ങളും 17 നവീകരിച്ച സ്റ്റേഡിയങ്ങളും കായിക ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളുമുള്‍പ്പെടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിച്ചു. രാജ്യത്ത് ആദ്യമായി സ്‌കില്‍ കാമ്പസ് അങ്കമാലിയില്‍ ആരംഭിച്ചു. വിദേശ തൊഴിലവസരം ഉറപ്പുള്ള സെക്യൂരിറ്റി അക്കാദമി, ഓയില്‍ ആന്റ് റിഗ് അക്കാദമി, മള്‍ട്ടി-സ്‌കില്‍ അക്കാദമി എന്നിവയാണ് അവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, റ്റീച്ചിങ്, ഏവിയേഷന്‍ മേഖലയിലും നൈപുണ്യവികസന അക്കാദമികള്‍ വരും.
എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യുതി ചാര്‍ജ് ഇന്റര്‍നെറ്റ് വഴി അടക്കുന്നതിനുള്ള ഇ-പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പണം അടക്കുവാനുള്ള സൗകര്യം ഉണ്ട്. രാജ്യത്ത് ഇദംപ്രഥമമായി പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു മെഡിക്കല്‍ കോളജ് പാലക്കാട്ട് സ്ഥാപിച്ചു. 2014-15 അധ്യയന വര്‍ഷം ആദ്യ ബാച്ചിലേക്ക് 100 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി. എം ബി ബി എസ് പ്രവേശത്തിന് അര്‍ഹത നേടുന്ന പട്ടിക വിഭാഗം വിദ്യാര്‍ഥികളില്‍ 25 ശതമാനത്തിനു പോലും പ്രവേശനം ലഭിക്കാത്ത അവസ്ഥക്ക് ഇതോടെ പരിഹാരമായി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ തടയാന്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയും റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലും കൊണ്ടുവന്നു.
2015 ഏപ്രല്‍ 20ന് ആരംഭിച്ച മുഖ്യമന്ത്രിയുടെ മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015 എന്നാണ് അറിയപ്പെടുന്നത്. ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റിയ ഈ പരിപാടിയെ ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച് ആദരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2015 മേയ് രണ്ട് വരെ വിതരണം ചെയ്തത് 452 കോടി രൂപ. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ദുരിതാശ്വാസനിധി ഇതുപോലെ വിനിയോഗിച്ച കാലഘട്ടമില്ല. പതിനായിരം രൂപയില്‍ താഴെ മുഖ്യമന്ത്രി നേരിട്ടും പതിനായിരം മുതല്‍ ഒരു ലക്ഷം വരെ രൂപ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ഒരു ലക്ഷം രൂപക്ക് മുകളില്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെയുമാണ് തുക അനുവദിക്കുന്നത്. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക ലഭിക്കാന്‍ അര്‍ഹതയുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ ഏറ്റവും ചുരുങ്ങിയത് 600 രൂപയായും 80 വയസ്സ് കഴിഞ്ഞവര്‍ക്ക് 1,200 രൂപയായും വര്‍ധിപ്പിച്ചു. അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, വികലാംഗ സദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ ഗ്രാന്റ് 1,000 രൂപയായി വര്‍ധിപ്പിച്ചു. 20 ലക്ഷത്തോളം പേര്‍ക്ക് വിവിധ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നു. 18 വയസ്സ് വരെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികിത്സക്ക് 17.71 കോടി രൂപ വിനിയോഗിച്ചു. ജന്മനായുള്ള ഹൃദയവൈകല്യം, ജനിതകരോഗം, ഇതര ഗുരുതര രോഗം തുടങ്ങിയവയുടെ സൗജന്യ ചികിത്സക്ക് 2,210 കുട്ടികള്‍ക്ക് വേണ്ടി 18.08 കോടി രൂപ അനുവദിച്ചു. ശയ്യാവലംബികള്‍, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരെ പരിചരിക്കുന്ന 50,000 ല്‍ അധികം പേര്‍ക്ക് ആശ്വാസകിരണം പദ്ധതിയിലൂടെ 92.31 കോടി രൂപ നല്‍കി. അവിവാഹിതരായ അമ്മമാരുടെ പുനരധിവാസത്തിനായി സ്‌നേഹസ്പര്‍ശം പദ്ധതി മുഖേന 3.41 കോടി രൂപ അനുവദിച്ചു. ശ്രുതിതരംഗം പദ്ധതി മുഖേന 470 കുട്ടികള്‍ക്ക് ശ്രവണ – സംസാരശേഷി കൈവരുത്തുന്ന സൗജന്യ ശസ്ത്രക്രിയക്ക് 22.25 കോടി രൂപ ചെലവഴിച്ചു. മാതാവോ പിതാവോ അല്ലെങ്കില്‍ ഇരുവരുമോ മരണമടഞ്ഞുപോയ കുട്ടികളെ ഗാര്‍ഹികാന്തരീക്ഷത്തില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം ചെയ്യിക്കുന്ന സ്‌നേഹപൂര്‍വം പദ്ധതിക്ക് 30,000 ല്‍ അധികം ഗുണഭോക്താക്കള്‍ ഉണ്ട്.
പത്തു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി ഫൈവ് സ്റ്റാറിനു താഴെയുള്ള 730 ബാറുകള്‍ അടച്ചുപൂട്ടി. ബിവറേജസ് കോര്‍പ്പറേഷന്റെ 52 ഔട്ട്‌ലെറ്റുകള്‍ പൂട്ടുകയും ഓരോ വര്‍ഷവും 10 ശതമാനം വീതം അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. മദ്യം വാങ്ങുന്നതിനുളള കുറഞ്ഞ പ്രായം 21 വയസ്സായി ഉയര്‍ത്തി. കൈവശം വെക്കാവുന്ന മദ്യത്തിന്റെ തോത് 27.1 ലിറ്ററില്‍ നിന്നും 15 ലിറ്ററായി വെട്ടിക്കുറച്ചു. ബാറുകളുടെ പ്രവര്‍ത്തന സമയം അഞ്ചര മണിക്കൂറാക്കി. പുതിയ മദ്യശാലകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കാനുളള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി.
ഒരു രൂപക്ക് അരി റേഷനായി നല്‍കുന്ന പദ്ധതിയില്‍ 60 ലക്ഷം പേരെക്കൂടി ഉള്‍പ്പെടുത്തി. പൊതുവിതരണരംഗത്ത് കംപ്യൂട്ടര്‍വത്കരണം ആരംഭിച്ചു. ഇതുവഴി റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാകും. 82 ലക്ഷം വനിതകളെ കാര്‍ഡുടമകളാക്കി റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുന്നു. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ 36,491 പേര്‍ക്ക് ഭൂമി നല്‍കി. കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഭൂമി നല്‍കി. മറ്റു ജില്ലകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും രണ്ടാംഘട്ടത്തില്‍തന്നെ ഭൂമി നല്‍കാന്‍ ഊര്‍ജിതശ്രമം തുടരുന്നു.
ഭൂരഹിതര്‍ക്കെല്ലാം ഭൂമി പദ്ധതിക്ക് തുടക്കമായി. ടി ആര്‍ ഡി എം (Tribal Resettlement Development Mission) മുഖേന 777 കുടുംബങ്ങള്‍ക്ക് 730.52 ഏക്കറും ഭൂരഹിത കേരളം പദ്ധതിയില്‍ 450 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതവും “ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതിയില്‍” 420 കുടുംബങ്ങള്‍ക്ക് 146.137 ഏക്കറും കെ എസ് ടി ആക്ട് പ്രകാരം 120 കുടുംബങ്ങള്‍ക്ക് 120 ഏക്കറും വനാവകാശ നിയമപ്രകാരം 8222 കൈവശരേഖയും നല്‍കി. സാഫല്യം, സാന്ത്വനം, സായൂജ്യം, സൗഭാഗ്യം, ഗൃഹശ്രീ എന്നീ പദ്ധതികളിലൂടെ എല്ലാവര്‍ക്കും പാര്‍പ്പിടം ലഭിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. 1.75 ലക്ഷം കുടുംബങ്ങള്‍ക്ക് വീടും 75,000 പേര്‍ക്ക് ഫഌറ്റും നിര്‍മിച്ചു നല്‍കും. ഓരോ വാര്‍ഡിലും ഒരു വീട് പദ്ധതിയില്‍ 22,000 ഉം ഗൃഹശ്രീ പദ്ധതിയില്‍ 1500 ഉം വീടുകള്‍ നല്‍കുന്നതാണ്.
കൊച്ചി വല്ലാര്‍പാടം ട്രാന്‍ഷിപ്പ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെട്ട 326 കുടുംബങ്ങള്‍ക്ക് പരാതിരഹിതമായ പുനരധിവാസ പാക്കേജ് നടപ്പാക്കി. സാമ്പത്തികാനുകൂല്യങ്ങള്‍ക്കൊപ്പം പുനരധിവാസത്തിനായി അനുവദിച്ച കേന്ദ്രങ്ങളില്‍ വെള്ളം, വൈദ്യുതി, ഡ്രെയ്‌നേജ് എന്നിവ എത്തിച്ചു. കടമക്കുടി പഞ്ചായത്തില്‍ തീരദേശനിയമത്തിന്റെ പരിധിയില്‍ വരാത്ത വിധം കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ അനുവദിച്ചു. പുനരധിവാസ പ്‌ളോട്ടില്‍ വീടുപണി തുടങ്ങിയവര്‍ക്ക് 75,000 രൂപ വീതം പൈലിങ് ചാര്‍ജും നല്‍കി. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചു.
ഏറെക്കാലമായി നീറി നിന്ന അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി. 2987 സംരക്ഷിത അധ്യാപകര്‍ക്കു സ്ഥിരനിയമനം കൊടുക്കുക, 2006-07 കാലഘട്ടം മുതല്‍ ശമ്പളമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 3,389 അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പളം കൊടുക്കുക, 2010-11 വര്‍ഷം അനുവദനീയമായ ഡിവിഷനുകളിലും 2011-12 വര്‍ഷം ഉണ്ടാകുന്ന സ്ഥിരം ഒഴിവുകളിലും നടത്തുന്ന നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍. തലയെണ്ണല്‍ അവസാനിപ്പിച്ച് യു ഐ ഡി വഴി കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുക, ക്ലാസുകളിലെ കുട്ടികളുടെ അനുപാതം 1:30 / 1:35 എന്നാക്കി പരിമിതപ്പെടുത്തുക, സംരക്ഷണം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നിയമിക്കപ്പെട്ടു പുറത്തായ അധ്യാപകരെ സംരക്ഷിക്കുക, എല്‍പി, യു പി വിഭാഗങ്ങളില്‍ സ്വതന്ത്ര ചുമതലയുള്ള ഹെഡ്മാസ്റ്റര്‍മാരെ നിയമിക്കുക തുടങ്ങിയ തീരുമാനങ്ങളും ഉണ്ടായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായം നല്‍കി. ഇതുപ്രകാരം പൂര്‍ണമായും കിടപ്പിലായ 202 പേര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ച 916 പേര്‍ക്കും ഒന്നരലക്ഷം രൂപ വീതവും ശാരീരിക വൈകല്യമുള്ള 797 പേര്‍ക്കും കാന്‍സര്‍ രോഗികളായ 324 പേര്‍ക്കും ഒരു ലക്ഷം വീതവും ആദ്യ ഗഡു ധനസഹായം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി മരിച്ച 610 പേരുടെ ആശ്രിതര്‍ക്ക് ഒന്നര ലക്ഷം രൂപ വീതം പ്രതേ്യക ധനസഹായവും അനുവദിച്ചു.
തിരിച്ചെത്തിയ പ്രവാസികള്‍ക്കായുള്ള ദുരിതാശ്വാസ പദ്ധതിയായ സാന്ത്വനം വഴി പത്തുകോടി രൂപ നല്‍കി. പ്രവാസികളായ കേരളീയരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് കാരുണ്യ എന്ന പേരില്‍ പ്രതേ്യക നിധി രൂപവത്കരിക്കുകയും 10.48 ലക്ഷം രൂപ വിതരണം നടത്തുകയും ചെയ്തു. പ്രശ്‌നബാധിതമായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളിലെ പ്രവാസികളെ അടിയന്തര സാഹചര്യത്തില്‍ നാട്ടിലെത്തിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായി ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുന്ന നൈപുണ്യവികസന പദ്ധതികള്‍, പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പദ്ധതികള്‍ എന്നിവ നടത്തുന്നു.