Malappuram
ബി എഡ് കോളജില്‍ നിന്ന് പുറത്താക്കി; നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി ന്യൂനപക്ഷ കമ്മീഷനില്‍

മലപ്പുറം: ബി എഡ് പഠനത്തിനും പരീക്ഷയെഴുതുന്നതിനും കോളജ് അധികൃതര്‍ അനുവാദം നല്‍കാത്തതിനാല്‍ ഒരു വര്‍ഷം നഷ്ടമായ വിദ്യാര്‍ഥി കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി.
മങ്കട കൂട്ടില്‍ മാനാത്തൊടി റാശിദാണ് പരാതിക്കാരന്‍. 2012-13 അധ്യയന വര്‍ഷത്തില്‍ തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ പ്രവേശനം ലഭിച്ച റാശിദിന് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളം കോളജില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കുകയും രോഗം ഭേദമായ ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി കോളജിലെത്തിയെങ്കിലും പ്രവേശനം നല്‍കാതെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കോളജില്‍ പ്രവേശനം നല്‍കണമെന്ന് ഉത്തരവിട്ടെങ്കിലും സീറ്റില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ അവസരം നിഷേധിച്ചതായി വിദ്യാര്‍ഥി പറഞ്ഞു. എന്നാല്‍ അഡീഷനല്‍ സീറ്റുണ്ടാക്കി വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ ഇഫഌ ക്യാമ്പസില്‍ പ്രവേശനം ലഭിച്ചെങ്കിലും കോളജില്‍ ടി സി ലഭിക്കാത്തതിനാല്‍ ഇവിടെയും പ്രവേശനം നേടാനായില്ല. പിന്നീട് തൊട്ടടുത്ത വര്‍ഷം കോഴിക്കോട് ഗവ. ട്രൈനിംഗ് കോളജില്‍ പ്രവേശനം നേടിയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്.
പരാതി പരിഗണിച്ച ന്യൂനപക്ഷ കമ്മീഷന്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം അഡ്വ. കെ പി മറിയുമ്മ പറഞ്ഞു. പമ്പ് ഹൗസിന്റെ മോട്ടോര്‍ സ്വിച്ച് സ്ഥാപിച്ച ഷെഡില്‍നിന്നും വൈദ്യുതാഘാതമേറ്റ് ഏഴ് വയസുകാരന്‍ മരിക്കാനിടയായ സംഭവത്തില്‍ കമ്മീഷന്‍, സംഭവം അന്വേഷിച്ച മലപ്പുറം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ മൊഴിയെടുത്തു. മാറാക്കര പഞ്ചായത്തിന്റെ പമ്പ് ഹൗസിലേക്ക് കെ എസ് ഇ ബി വൈദ്യുതി കണക്ഷന്‍ കൊടുത്തത് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെയും സുരക്ഷാ മുന്‍കരുതലുകള്‍ പരിഗണിക്കാതെയുമാണെന്ന് കമ്മീഷന് മുമ്പാകെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ മൊഴി നല്‍കി.
പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. മൂന്നിയൂരിലെ സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ പ്രസവത്തിനിടെ സ്ത്രീ മരിക്കാനിടയായ കേസില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയതായും കമ്മീഷന്‍ അംഗം അഡ്വ. വി വി ജോഷി പറഞ്ഞു. ഹയര്‍സെക്കന്‍ഡറിയില്‍ എന്‍ സി എ അറബി ടീച്ചേഴ്‌സ് തസ്തികയില്‍ നിയമനം വേഗത്തിലാക്കണമെന്നും ഈ തസ്തികയില്‍ ആളില്ലെങ്കില്‍ മാതൃലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്ന ആവശ്യവും കമ്മീഷന് ലഭിച്ചു.
പരാതി പി എസ് സി യുടെ ശ്രദ്ധയില്‍പെടുത്തുകയും വേഗത്തില്‍ തീരുമാനെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം സ്പിന്നിംഗില്‍ രണ്ട് പേരെ ഇന്റര്‍വ്യുവിന് വിളിച്ചില്ലെന്ന പരാതിയില്‍ ഹൈക്കോടതി റിട്ട് നിലനില്‍ക്കുന്നതിനാലും സര്‍ക്കാര്‍ നിയമനം നിര്‍ത്തിവെച്ചിരിക്കുന്നതിനാലും വിഷയത്തില്‍ കമ്മീഷന്‍ ഇടപെടില്ല.