Connect with us

Thrissur

ചക്രക്കസേര ഉപയോഗിക്കുന്നവര്‍ക്ക് കോര്‍പറേഷന്‍ റാമ്പ് സൗകര്യം ഒരുക്കും

Published

|

Last Updated

തൃശൂര്‍: ചക്രക്കസേര ഉപയോഗിക്കുന്നവര്‍ക്ക് കോര്‍പറേഷന്‍ റാമ്പ് സൗകര്യം ഒരുക്കുമെന്ന് മേയര്‍ രാജന്‍ ജെ പല്ലന്‍. അപകടത്തിലും, ജന്‍മനാലും ശാരിരികവൈകല്യം സംഭവിച്ച് വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി തൃശൂര്‍ കോര്‍പറേഷനിലെ ഫുട്പാത്തുകള്‍, നെഹ്രു പാര്‍ക്ക്, കോര്‍പറേഷന്‍ മെയിന്‍ ഓഫീസ്, സോണല്‍ ഓഫീസുകള്‍, തൃശൂര്‍ റൗണ്ടില്‍ ഇന്നര്‍ ഫുട്പാത്ത്, കോര്‍പറേഷന്‍ വക ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ റാമ്പ് സൗകര്യം ഒരുക്കും. കൂടാതെ കോര്‍പറേഷന്‍ ഓഫീസുകളിലും, സ്ഥാപനങ്ങളിലും വീല്‍ച്ചെയറും, വാക്കറും ഒരുക്കിവെക്കും. തൃശൂര്‍ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സെന്ററില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് വീല്‍ച്ചെയറും, വാക്കറും ഉപയോഗിക്കുന്നവരുമായി മേയര്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു.
തേക്കിന്‍കാട് മൈതാനം, ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, കളക്‌ട്രേറ്റ്, ടൗണ്‍ഹാള്‍, സാഹിത്യ അക്കാദമി ഹാള്‍, പബ്ലിക്ക് ലൈബ്രറി, സിനിമാ തിയറ്റര്‍, ഹോട്ടലുകള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ശാരീരിക വൈകല്യമുള്ള വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കും, വാക്കര്‍ ഉപയോഗിക്കുന്നവര്‍ക്കും പൊതുസമൂഹത്തിന് എത്തിച്ചേരാന്‍ സാധിക്കുന്ന എല്ലായിടത്തും വീല്‍ചെയറില്‍ കഴിയുന്നവര്‍ക്കും എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കുന്നതിന് വേണ്ടി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. വീല്‍ച്ചെയറില്‍ കഴിയുന്ന ശാരീരികബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും സ്വന്തമായി ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുകയും ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്യുന്നവരെ കോര്‍പറേഷന്‍ ആദരിക്കും. ഇത്തരത്തിലുള്ളവരെ വീടിന്റെ മുറിക്കകത്ത് നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും, പ്രോല്‍സാഹിപ്പിക്കുവാനും തൃശൂര്‍ കോര്‍പറേഷന്‍ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. മേയറുമായി നടന്ന കൂടികാഴ്ചയില്‍ 23 പേര്‍ പങ്കെടുത്തു. ഇവര്‍ മേയര്‍ക്ക് നിവേദനം നല്‍കി.

Latest