Kerala
എസ് എസ് എല്‍ സി ഫലത്തിലെ വീഴ്ച: സമഗ്ര അന്വേഷണം വരുന്നു

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ ഫല പ്രഖ്യാപനത്തിലെ വീഴ്ചകളെക്കുറിച്ച് അന്വേഷണം വരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം മൂന്നംഗ സമിതിയായിരിക്കും അന്വേഷണം നടത്തുക. വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും സമിതിയുെട തലവനെന്നാണ് വിവരം. പരീക്ഷയിലെ വീഴ്ച സംബന്ധിച്ച് ഡി പി ഐ വിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരീക്ഷാ പേപ്പറുകളുടെ മൂല്യ നിര്‍ണയം മുതല്‍ എല്ലാതലത്തിലും വീഴ്ച സംഭവിച്ചതായാണ് ഡി പി ഐയുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. ഫല പ്രഖ്യാപനത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. എസ് എസ് എല്‍ സി പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ ഗുരുതര പിഴവുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് രൂക്ഷ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ മാസം 18നാണ് എസ് എസ് എല്‍ സി ഫലം വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ പല വിദ്യാര്‍ഥികളുടെയും ഗ്രേഡ് തെറ്റായി ആണ് രേഖപ്പെടുത്തിയിരുന്നത്. മാത്രമല്ല പലര്‍ക്കും മിക്ക വിഷയങ്ങള്‍ക്കും ഗ്രേഡ് രേഖപ്പെടുത്തിയിരുന്നതുമില്ല. ഫല പ്രഖ്യാപനത്തിന്റെ ജില്ലാ തിരിച്ചുള്ള കണക്കുകളോ വിശദ വിവരങ്ങളോ ഒന്നും തന്നെ പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് 26ന് തെറ്റുകള്‍ തിരുത്തി വീണ്ടും ഫലപ്രഖ്യാപനം നടത്തുകയായിരുന്നു.
പുതിയ ഫല പ്രഖ്യാപനത്തിലെ 98.57 എന്ന റെക്കോര്‍ഡ് വിജയ ശതമാനത്തിനെതിരെയും രൂക്ഷ വിമര്‍ശമാണ് വിദ്യാഭ്യാസ വകുപ്പിന് നേരെയുണ്ടായത്. മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കാന്‍ നിര്‍ദേശമുണ്ടായിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. സേ പരീക്ഷ കൂടിയാകുമ്പോള്‍ വിജയ ശതമാനം നൂറ് ആകാനും സാധ്യതയുണ്ടെന്നും ആരോപണമുണ്ട്. തിടുക്കത്തിലുള്ള ഫല പ്രഖ്യാപനമാണ് ഇത്തരം ഗുരുതര പിഴവുകള്‍ക്ക് ഇടയാക്കിയത്.
സോഫ്റ്റ് വെയറിന്റെ തകരാറാണ് പിഴവുകള്‍ക്ക് കാരണമെന്നായിരുന്നു വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. അതേ സമയം മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതുമായി ബന്ധപ്പെട്ട അപാകതയാണെന്നായിരുന്നു പരീക്ഷാ ഭവനും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും അറിയിച്ചത്. പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ഫല പ്രഖ്യാപനത്തിനായി കൊടുത്ത പരിഷ്‌കരിച്ച സി ഡി മാറിപ്പോയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിശദീകരണം.