സപ്ലൈക്കോ മാര്‍ക്കറ്റുകള്‍ കുത്തക ബ്രാഞ്ചുകളോ?

Posted on: May 14, 2015 5:29 am | Last updated: May 13, 2015 at 9:01 pm

അടിക്കടി അനുഭവപ്പെടുന്ന വിലക്കയറ്റത്തിന്റെ ആഘാതത്തില്‍ നിന്ന് സാധാരണക്കാരന് ആശ്വാസം പകരാനാണ് മാവേലി സ്റ്റോറുകളും സപ്ലൈകോ മാര്‍ക്കറ്റകളും ആരംഭിച്ചത്. ഇന്നിപ്പോള്‍ കോര്‍പറേറ്റുകളുടെ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രങ്ങളായി ഇവ മാറിയിരിക്കുന്നുവെന്നാണ് സപ്ലൈകോ ചില്ലറ വില്‍പന ശാലകള്‍ക്ക് അധികൃതര്‍ നല്‍കിയ നിര്‍ദശം ബോധ്യപ്പെടുത്തുന്നത്. സപ്ലൈകോ ഉപഭോക്താക്കള്‍ക്ക് ഹിന്ദുസ്ഥാന്‍ ലിവര്‍ പോലുള്ള വന്‍ കിടക്കാരുടെ സ്‌റ്റേഷനറി വസ്തുക്കളടക്കം സബ്‌സിഡിയേതര ഉത്പന്നങ്ങള്‍ നിര്‍ബന്ധമായും വില്‍പന നടത്തിയിരിക്കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ചു ഡിപ്പോ മാനേജര്‍മാര്‍ക്കയച്ച കത്തില്‍ ഇതില്‍ അലംഭാവം കാണിക്കുന്ന ജീവനക്കാര്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്.
സംസ്ഥാനത്തെ സപൈകോ മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സബ്‌സിഡി നല്‍കുന്ന സാധനങ്ങളുടെ എണ്ണത്തില്‍ വരുത്തിയ വെട്ടിക്കുറവ്, അടിക്കടി പ്രഖ്യാപിക്കുന്ന വിലവര്‍ധന, സാധനങ്ങളുടെ നിലവാരമില്ലായ്മ, ലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ ഇവയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. നേരത്തെ ഒട്ടേറെ നിത്യോപയോഗ സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കിയിരുന്ന സപ്ലൈകോ 14 സാധനങ്ങള്‍ക്ക് മാത്രമാണിന്ന് നല്‍കുന്നത്. പൊതുമാര്‍ക്കറ്റിലെ വിലക്കുതിപ്പിനനുസരിച്ചു വില ഉയര്‍ത്തുന്നതിനാല്‍ ഇത്തരം സാധനങ്ങളുടെ വില പൊതുവിപണിയിലേതിനേക്കാള്‍ വലിയ വ്യത്യാസവുമില്ല. കഴിഞ്ഞ നവംബറില്‍ ചില സാധനങ്ങളുടെ വില ഇരട്ടിയോളമാണ് സപ്ലൈകോ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 60 രൂപ വിലയുണ്ടായരുന്ന മല്ലി വില 112 രൂപയാക്കി. ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ തുടങ്ങിയ സാധനങ്ങളുടെ വിലയിലും 50 ശതമാനത്തിലേറെ വര്‍ധന വരുത്തി. ഈ മാര്‍ച്ച് മുതല്‍ വില പിന്നെയും 10 ശതമാനം കൂട്ടി. ഗുണനിലവാരത്തില്‍ ഇവിടുത്തെ സാധനങ്ങള്‍ താഴെക്കിടയിലുമാണ്. ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റിയാണ് സാധനങ്ങള്‍ വാങ്ങി ചില്ലറ വില്‍പന ശാലകള്‍ക്കു നല്‍കുന്നത്. കമ്മിറ്റികളുടെ ടെന്‍ഡറനുസരിച്ചു വിതരണത്തിന് സന്നദ്ധരായെത്തുന്ന കരാറുകാരില്‍ നിന്ന് സാധനങ്ങളുടെ സാമ്പിള്‍ വാങ്ങി പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കി വില നിശ്ചയിക്കണമെന്നാണ് ചട്ടം. എന്നാല്‍ കമ്മറ്റിക്ക് മുമ്പാകെ കാണിച്ച നിലവാരത്തിലുള്ള സാധനങ്ങളല്ല പിന്നീട് വിതരണത്തിനെത്തുന്നത്. നേരില്‍ കണ്ട് ബോധ്യപ്പെട്ടവ കടയിലേക്കെത്തുമ്പോള്‍ മാറുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. ഇതില്‍ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നും ഇതുവഴി ഓരോ മാസവും ലക്ഷങ്ങളാണ് അവരുടെ പോക്കറ്റിലെത്തുന്നതെന്നുമാണ് വിവരം.
പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി തിരിച്ചയക്കാന്‍ ഉത്തരവായ ജീരകം വിതരണം ചെയ്യാന്‍ പിന്നീട് സപ്ലൈകോ തീരുമാനിച്ച സംഭവം വിവാദമായതാണ്. ജീത്ത് കോര്‍പറേഷന്‍ എന്ന വിതരണ കമ്പനി 2011 ഡിസംബറില്‍ സപ്ലൈകോയുടെ നാല് ഡിപ്പോകളില്‍ എത്തിച്ച 45 ക്വിന്റല്‍ ജീരകമാണ് ഡിപ്പോ മാനേജര്‍മാരുടെയും അപ്പലറ്റ് കമ്മിറ്റിയുടെയും പരിശോധനയില്‍ നിലവാരമില്ലാത്തതാണെന്ന് കണ്ട് തിരിച്ചയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം കാറ്റില്‍ പറത്തി തിരിച്ചെടുക്കാന്‍ പിന്നീട് ക്വാളിറ്റി അഷ്വറന്‍സ് മാനേജര്‍ ഉത്തരവിടുകയായിരുന്നു. പാറ്റിയും അരിച്ചും ഇത് വൃത്തിയാക്കി വില്‍പന നടത്താന്‍ നിര്‍ദേശവും നല്‍കി. വകുപ്പുതല അന്വേഷണത്തില്‍ ഈ അഴിമതി സ്ഥിരീകരിക്കപ്പെട്ടു. കരാറുകാരുമായി ഒത്തുകളിച്ചതിന്റെ പേരില്‍ മുമ്പ് സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരിച്ചു കയറുകയും ചെയ്ത ഒരു ഉദ്യോഗസ്ഥനായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കൊട്ടാരക്കയിലെ ഒരു സൈപ്ലകോ മാര്‍ക്കറ്റില്‍ മിന്നല്‍സന്ദര്‍ശനം നടത്തി മന്ത്രി അനൂപ് ജേക്കബ് ചില ക്രമക്കേടുകള്‍ കണ്ടെത്തിയത് അടുത്ത ദിവസമായിരുന്നു. ഇത്തരം തട്ടിപ്പുകളും വെട്ടിപ്പുകളും സപ്ലൈകോയില്‍ പതിവാണ്.
ഇതെല്ലാം കാരണമായി സപ്ലൈകോ സന്ദര്‍ശിക്കുന്നവരുടെ വന്‍തോതില്‍ കുറഞ്ഞതിനാല്‍ സ്ഥാപനം വന്‍നഷ്ടത്തിലാണ്. ഇനി വന്‍കിട കമ്പനികളുടെ സാധനങ്ങള്‍ അടിച്ചേല്‍പിക്കുക കൂടി ചെയ്താല്‍ സപ്ലൈകോയിലെത്തുന്നവരുടെ എണ്ണം ഇനിയും കുറയുകയും നഷ്ടം ഇരട്ടിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ ചില കടകളില്‍ സബ്‌സിഡിയേതര സാധനങ്ങള്‍ വാങ്ങാന്‍ ജീവനക്കാര്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്നു. പുതിയ ഉത്തരവോടെ സ്ഥിതി കൂടുതല്‍ വഷളാകും. സബ്‌സിഡി സാധനങ്ങള്‍ക്ക് സപ്ലൈകോയില്‍ പൊതുമാര്‍ക്കറ്റിലേതിനേക്കാള്‍ വില കൂടുതലായതിനാല്‍ ഉപഭോക്താവിന് ഇത് നഷ്ടക്കച്ചവടമാണ്. ചില ഉദ്യോഗസ്ഥ പ്രമുഖര്‍ക്ക് ഗണ്യമായ തോതില്‍ കമ്മീഷന്‍ ലഭ്യമാകുന്നുവെന്നതെഴിച്ചാല്‍ സപ്ലൈകോക്കും ഇതുകൊണ്ട് ഗുണമില്ല. സര്‍ക്കാര്‍ ഇടപെട്ട് ഉദ്യോഗസ്ഥരുടെ ഇത്തരം കള്ളക്കളികള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.