Gulf
ഒമാനില്‍ പൊതുമാപ്പ് ലഭിച്ചവരില്‍ 859 ഇന്ത്യക്കാര്‍

മസ്‌കത്ത്: നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ 859 ഇന്ത്യക്കാര്‍ക്ക് മന്ത്രാലയത്തിന്റെ അനുമതി. പൊതുമാപ്പ് ലഭിച്ചവരുടെ വിവരങ്ങള്‍ മാനവവിഭവ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതാത് എംബസികള്‍ നല്‍കിയ വിശദാംശങ്ങളാണ് മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പത്ത് ദിവസം പിന്നിടുമ്പോള്‍ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 3,000ത്തില്‍ പരം ആളുകള്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം മന്ത്രാലയം അനുവദിച്ചത്.
കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി മാനവവിഭവ മന്ത്രാലയം വഴിയാണ് ഇത്തവണ ഔട്ട്പാസ് നല്‍കുന്നത്. ഇതിനാലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവരുടെ വിവരങ്ങള്‍ മന്ത്രാലയം വെബ്‌സൈറ്റ് വഴി പുറത്തുവിട്ടത്. പൊതുമാപ്പിന് റജിസ്റ്റര്‍ ചെയ്തര്‍ക്കും പൊതുജനങ്ങള്‍ക്കും വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മന്ത്രാലയത്തിന്റെ നടപടി സഹായകമാകും.
1,243 പാക്കിസ്ഥാനികളുടെ വിശദാംശങ്ങളാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. പൊതുമാപ്പ് ലഭിച്ചവരില്‍ കൂടുതല്‍ പാക്കിസ്ഥാന്‍ സ്വദേശികളാണ്. 855 ബംഗ്ലാദേശികള്‍, 100 ശ്രീലങ്കന്‍ സ്വദേശികള്‍, 91 ഫിലപ്പൈനികള്‍ എന്നിങ്ങനെ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 3,148 പേരുടെ വിരവങ്ങള്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പൊതുമാപ്പിന് റജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴിലുടമക്കും വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നതിനാലാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് മാനവവിഭവ മന്ത്രാലയം വക്താവ് വ്യക്തമാക്കി. വെബ്‌സൈറ്റില്‍ വിരവങ്ങള്‍ വെളിപ്പിടുത്തിയവര്‍ക്ക് മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കുക.
എന്നാല്‍ 2000ത്തില്‍ പരം ആളുകള്‍ റജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ എംബസിയില്‍ നിന്ന് 859 പേരുടെ വിവരങ്ങള്‍ മാത്രമാണ് മന്ത്രാലയം സൈറ്റിലുള്ളത്. ബാക്കിയുള്ളവര്‍ക്ക് കൂടി വരും ദിവസങ്ങളില്‍ രാജ്യം വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുമാപ്പ് സുഖകരമായി വിദേശികള്‍ക്ക് ഉപയോഗപ്പെടുത്താനും നടപടികള്‍ സുതാര്യമാക്കുന്നതിനുമാണ് വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ പുറത്തുവിട്ടതെന്നും മാനവവിഭവ മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു.
വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50,000ത്തില്‍ പരം ആളുകളാണ് ഇതുവരെ എംബസികളില്‍ റജിസ്റ്റര്‍ ചെയ്ത് ഔട്ട്പാസിനായി കാത്തിരിക്കുന്നത്. ബംഗ്ലാദേശ് എംബസിയില്‍ 40,000 പേര്‍ റജിസ്റ്റര്‍ ചെയ്തതെങ്കില്‍ പാകിസ്ഥാന്‍ എംബസിയില്‍ 4,000 പാക്കിസ്ഥാനികളാണ് റജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം വ്യക്തമല്ല. 3,000ത്തില്‍ താഴെ മാത്രം ആളുകളാണ് ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തതെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അവസാനമായി 2009ലാണ് ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. 2011 വരെ മൂന്ന് വര്‍ഷം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധിയില്‍ 60,000 വിദേശികളായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിച്ചു.
വ്യക്തമായ രേഖകളില്ലാത്ത ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ രാജ്യത്തുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന്ന് പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29നാണ് പൊതുമാപ്പ് സംബന്ധമായി മാനവവിഭവ മന്ത്രലായം മാധ്യമകാര്യ മേധാവി ത്വാലിബ് അല്‍ ദഹ്ബരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്.
2007ലും 2005ലും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഈ വര്‍ഷാദ്യം 2,267 പേരെയാണ് അറസ്റ്റ് ചെയ്തത്.