Kerala
പുരുഷ നഴ്‌സുമാരുടെ യൂനിഫോം പരിഷ്‌കരിക്കുന്നു

തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ പുരുഷ നഴ്‌സുമാരുടെ യൂനിഫോം പരിഷ്‌കരിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. നഴ്‌സുമാരുടെയും നഴ്‌സിംഗ് വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കുന്നതിന് ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് എഡ്യൂക്കേഷന്‍, അഡിഷണല്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് സര്‍വ്വീസ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ മുതലായവര്‍ അംഗങ്ങളായുള്ള സമിതി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാനതല നഴ്‌സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഴ്‌സുമാരുടെ അമിത ജോലിഭാരം കുറക്കുന്നതിനും പി എസ് സി മുഖേന നടത്തുന്ന നിയമനങ്ങള്‍ക്ക് വേഗം കൂട്ടുന്നതിനും നടപടി സ്വീകരിക്കും. സംസ്ഥാനതല നഴ്‌സിംഗ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിലുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഹെഡ് നഴ്‌സ് സോജ ബേബിയും പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗത്തില്‍ കൊല്ലം, തെക്കുംഭാഗം സി എച്ച് സി യിലെ കെ ശാന്തകുമാരിയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ നഴ്‌സുമാരുടെ വിഭാഗത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹെഡ് നഴ്‌സ് എം ഗീതയും സംസ്ഥാന അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ജില്ലാതല അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു.കെ മുരളീധരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പ്രവീണ്‍ ലാല്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ ശ്രീധര്‍, നഴ്‌സിംഗ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പ്രൊഫ. വൈ പ്രസന്ന കുമാരി, എം ജി ശോഭന, കൗണ്‍സിലര്‍ പാളയം രാജന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് സര്‍വീസ് അമ്പിളി പ്രസാദ്, കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വല്‍സ കെ പണിക്കര്‍, ഡി എം ഒ ഡോ. എസ് ജയശങ്കര്‍, ഡി പി എം ഡോ. ബി ഉണ്ണികൃഷ്ണന്‍, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗം പി കെ തമ്പി, സംഘടനാ പ്രതിനിധികളായ ഒ എസ് മോളി, കെ എസ് സന്തോഷ്, എം റോസമ്മ പ്രസംഗിച്ചു.