Kerala
പ്ലസ്ടു പരീക്ഷാ ഫലം അടുത്തയാഴ്ച

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം 20നകം പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന പരീക്ഷാബോര്‍ഡാണ് ഫലപ്രഖ്യാപനം 20 നകം നടത്താന്‍ തീരുമാനിച്ചത്. ഹയര്‍സെക്കന്‍ഡറി അധികൃതര്‍ മൂന്ന് ദിവസത്തിനകം ഒരിക്കല്‍ കൂടി യോഗം ചേര്‍ന്ന് ഫലപ്രഖ്യാപന തീയതി തീരുമാനിക്കും. ഇന്നലത്തെ യോഗത്തില്‍ നിലവിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. എന്‍ ഐ സിയുടെ മേല്‍നോട്ടത്തില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡാറ്റാ എന്‍ട്രി നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുകൂടി പൂര്‍ത്തിയായാല്‍ ഒരുതവണ കൂടി ഫലം സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. ഇതിനുശേഷം വീണ്ടും പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് വിലയിരുത്തിയായിരിക്കും ഫലപ്രഖ്യാപന തീയതി തീരുമാനിക്കുകയെന്ന് ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പ്ലസ്ടു ഫലപ്രഖ്യാപനം കുറ്റമറ്റരീതിയില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ മൂല്യനിര്‍ണയവും ടാബുലേഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് അനിശ്ചിതത്വമുണ്ടായ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം ഏറെ ജാഗ്രതയോടെ നടത്തണമെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെയാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ക്രമീകരണങ്ങള്‍ നടത്തുന്നത്. അപാകതകള്‍ കൂടാതിരിക്കാന്‍ ഫലം ക്രമീകരണത്തിന്റെ ഓരോ ഘട്ടത്തിലും വിശദമായ പരിശോധന നടത്തുന്നുണ്ട്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് സൈറ്റില്‍ അപ്‌ലോഡ് ചെയ്ത മാര്‍ക്കുകള്‍ രണ്ടുതവണയാണ് പരിശോധനക്ക് വിധേയമാക്കി.
കഴിഞ്ഞവര്‍ഷം മെയ് 13നായിരുന്നു ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പരീക്ഷാബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു. മോഡറേഷന്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യം പരീക്ഷാ ബോര്‍ഡ് ചര്‍ച്ച ചെയ്തു.