Connect with us

Gulf

ഹാഫിലാത്ത് 15 മുതല്‍; കാര്‍ഡ് വിതരണം തുടങ്ങി

Published

|

Last Updated

അബുദാബി അല്‍ വഹ്ദ ബസ് ടെര്‍മിനലില്‍ ഹാഫിലാത്ത് കാര്‍ഡ് വാങ്ങുവാന്‍ എത്തിയവരുടെ നീണ്ട നിര

അബുദാബി: പൊതുഗതാഗത വകുപ്പ് അബുദാബിയില്‍ നടപ്പിലാക്കുന്ന ഹാഫിലാത്ത് സ്മാര്‍ട് കാര്‍ഡ് പ്രാബല്യത്തില്‍ വരുന്നതിന്റെ മുന്നോടിയായി ഇലക്‌ട്രോണിക് കാര്‍ഡ് വിതരണമാരംഭിച്ചു. ഹാഫിലാത്ത് കാര്‍ഡ് ബസ് സ്റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍, ടിക്കറ്റ് വെന്‍ഡിംഗ് മെഷിനുകള്‍, കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ കാര്‍ഡുകള്‍ ലഭ്യമാണ്.

കുറഞ്ഞ കാലാവധിക്കുള്ള താല്‍കാലിക കാര്‍ഡ്, സ്ഥിരം കാര്‍ഡ് (പേരും ഫോട്ടോയുമുള്ളതും ഇല്ലാത്തതും), പ്രത്യേക കാര്‍ഡ്, മുതിര്‍ന്നവരുടെ കാര്‍ഡ്, വിദ്യാര്‍ഥികളുടെ കാര്‍ഡ് എന്നിങ്ങനെ ആറ് വിഭാഗത്തിലാണ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്. താല്‍ക്കാലിക കാര്‍ഡ്, പ്രത്യേക കാര്‍ഡ്, മുതിര്‍ന്നവരുടെ കാര്‍ഡ്, വിദ്യാര്‍ഥികളുടെ കാര്‍ഡ്, പേരുള്ള സ്ഥിരം കാര്‍ഡ് എന്നീ വിഭാഗങ്ങളിലുള്ള കാര്‍ഡുകള്‍ക്ക് അഞ്ച് ദിര്‍ഹമാണ് നിരക്ക്. എന്നാല്‍, യാത്രക്കാരന്റെ പേരില്ലാത്ത കാര്‍ഡിന് പത്ത് ദിര്‍ഹം നല്‍കണം.
താല്‍കാലിക കാര്‍ഡിന് 14 ദിവസമാണ് കാലാവധി. ഈ കാര്‍ഡ് യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവര്‍മാരില്‍ നിന്നും ലഭ്യമാകും. മറ്റ് വിഭാഗത്തിലുള്ള കാര്‍ഡുകള്‍ക്ക് അഞ്ച് വര്‍ഷമാണ് കാലാവധി.
നഗരപരിധിക്കുള്ളില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് 80 ദിര്‍ഹം കാര്‍ഡില്‍ നിറച്ചാല്‍ ഒരു മാസവും താല്‍കാലിക കാര്‍ഡില്‍ 30 ദിര്‍ഹം നിറച്ചാല്‍ ഏഴ് ദിവസവും യാത്ര ചെയ്യാനാകും. വിദ്യാര്‍ഥികളുടെ കാര്‍ഡില്‍ 500 ദിര്‍ഹം നിറച്ചാല്‍ 365 ദിവസം സ്ഥിരമായി യാത്ര ചെയ്യാനാകും.
നഗര പരിധിക്കുള്ളില്‍ രണ്ട് ദിര്‍ഹമാണ് നിരക്ക്. എന്നാല്‍, നഗരത്തിന് പുറത്തുള്ള പട്ടണങ്ങളായ ബനിയാസ്, മുസഫ്ഫ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മിനിമം നിരക്കായ രണ്ട് ദിര്‍ഹമിന് പുറമെ കിലോമീറ്ററിന് അഞ്ച് ഫില്‍സ് നല്‍കണം.
നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഇന്റര്‍സിറ്റി ബസുകളില്‍ യാത്ര ചെയ്യുന്നതിന് മിനിമം നിരക്കായ പത്ത് ദിര്‍ഹമിന് പുറമെ കിലോ മീറ്ററിന് 10 ഫില്‍സാണ് നിരക്ക് ഈടാക്കുക. സ്ഥിരം കാര്‍ഡില്‍ 150 ദിര്‍ഹമില്‍ കൂടുതല്‍ ഒരു പ്രാവശ്യം ചാര്‍ജ് നിറക്കുവാന്‍ കഴിയില്ല. വിദ്യാര്‍ഥികളുടെ കാര്‍ഡില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവരുടെ കാര്‍ഡില്‍ മുതിര്‍ന്നവര്‍ക്കും മാത്രമേ യാത്ര ചെയ്യുവാന്‍ കഴിയുകയുള്ളു. കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് യാത്ര ചെയ്താല്‍ കടുത്ത പിഴ നല്‍കേണ്ടിവരുമെന്ന് പൊതുഗതാഗത വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
വിവിധ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുമായി അല്‍ വഹ്ദ ബസ് സ്റ്റേഷനിലെ പൊതുഗതാഗത വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ കാര്‍ഡ് ലഭ്യമാകുമെന്നും പൊതുഗതാഗത വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. സ്മാര്‍ട് കാര്‍ഡ് നിലവില്‍ വരുന്നതോടെ ഗതാഗത മേഖലയില്‍ പുതിയ മാറ്റത്തിന് തിരിതെളിയും. കാര്‍ഡ് നിലവില്‍ വരുന്നതിന്റെ മുന്നോടിയായി നഗരത്തിലുള്ള സ്മാര്‍ട് കാര്‍ഡ് യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തിപ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest