Connect with us

Kerala

സ്‌കൂള്‍ മൂത്രപ്പുരകളുടെ ശോച്യാവസ്ഥ: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ മൂത്രപ്പുരകളുെട ശോചനീയാവസ്ഥ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര റിപ്പോര്‍ട്ട് തേടി. മൂത്രപ്പുരകളുെട ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, ഇവയുടെ നിലവാരം സംബന്ധിച്ച് ഈ മാസം പതിമൂന്നിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡയറക്ടര്‍മാരോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് മുന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ പല സ്‌കൂളുകളിലെയും മൂത്രപ്പുരകള്‍ ശോചനീയാവസ്ഥയിലാണെന്ന് വിവിധ കേന്ദ്ര ഏജന്‍സികളുടെ പരിശോധനയില്‍ ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി. മൂത്രപ്പുരകള്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷനിലൂടെ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം, സ്‌കൂളുകളിലെ മൂത്രപ്പുരകളെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ കൈവശമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. മൂത്രപ്പുരകളിലെ സൗകര്യങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പ് റീജ്യനല്‍ ഡയറക്ടര്‍മാര്‍ ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള നപടികളും ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും ലിസ്റ്റ് പ്രത്യേകം നല്‍കണം.
നല്‍കുന്ന വിവരങ്ങള്‍ സത്യസന്ധമായിരിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ അക്കാദമിക് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഈ മാസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിക്കാനാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ തീരുമാനം.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 821 സ്‌കൂളുകളും എയ്ഡഡ് മേഖലയില്‍ 839 സ്‌കൂളുകളും അണ്‍ എയ്ഡഡ് മേഖലയില്‍ 362 സ്‌കൂളകളും റസിഡന്‍ഷ്യല്‍, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍ മേഖലകളിലായി 45 സ്‌കൂളുകളുമടക്കം 2067 സ്‌കൂളുകളാണ് ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ളത്. ഇവയില്‍ മിക്കവക്കും മതിയായ മൂത്രപ്പുരകളോ ശുചിമുറികളോ ഇല്ല. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളുടെ സ്ഥിതി ഏറെ ദയനീയമാണ്. ഇത് സംബന്ധിച്ച് മുമ്പും ഒട്ടേറെ പരാതികളും മാധ്യമ വാര്‍ത്തകളുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
സംസ്ഥാനത്തെ മൊത്തം സ്‌കൂളുകളുടെ കാര്യം കണക്കിലെടുത്താല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക മൂത്രപ്പുരകളില്ലാത്ത സ്‌കൂളുകള്‍ നിരവധിയാണ്. ഏഴായിരത്തിലധികം സ്‌കൂളുകളാണ് ഇത്തരത്തിലുള്ളത്. വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരകളുണ്ടാക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും മിക്കവരും ഇത് പാലിക്കുന്നില്ല.

Latest