Kerala
സംസ്ഥാനത്ത് നക്ഷത്രവനവും കുട്ടിവനവും ജൂണ്‍ അഞ്ചിന് ആരംഭിക്കും: മന്ത്രി തിരുവഞ്ചൂര്‍

കോട്ടയം: ഇന്ത്യക്ക് മാതൃകയായി സംസ്ഥാനത്ത് സ്‌കൂളുകള്‍തോറും നക്ഷത്ര വനം, വീടുകളില്‍ കുട്ടിവനം പദ്ധതികള്‍ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676 ന്റെ ഭാഗമായി വനം- വന്യജീവി വകുപ്പിന്റെ പ്രകൃതിമിത്ര അവാര്‍ഡ് കോട്ടയം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓക്‌സിജന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഔഷധ സസ്യങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന പദ്ധതികളാണിത്. നക്ഷത്രവനം പദ്ധതിയില്‍ 27 ഇനം ഔഷധ സസ്യങ്ങളാണ് വെച്ചുപിടിപ്പിക്കും. കുട്ടിവനം പദ്ധതി പ്രകാരം എഴിനം ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കും. കഴിഞ്ഞ പരിസ്ഥിതി ദിനത്തിന് ഒരു മണിക്കൂറില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടതിനു സമാനമായിട്ടാണ് ഈ പരിസ്ഥിതി ദിനത്തിലും ഔഷധസസ്യങ്ങള്‍ നടുക എന്നും അദ്ദേഹം പറഞ്ഞു. ഒരു സമൂഹത്തെ ഒന്നിപ്പിച്ചുകൊണ്ടു പോകുന്നതിന് കൂട്ടായ്മ ആവശ്യമാണ്. അപ്രാകരത്തിലുള്ള കൂട്ടായ്മയാണ് പ്രകൃതി സംരക്ഷണത്തിലൂടെ നടപ്പാക്കാനാവുക. ഔഷധ സസ്യങ്ങളുടെ നടീലിലൂടെ ഈ കൂട്ടായ്മ ശക്തമാക്കാനാവും.
പൊതുജനത്തിനിടയില്‍ ഈ പദ്ധതികൊണ്ട് വിപുലമായ ജൈവ അവബോധം സൃഷ്ടിക്കാനാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അവാര്‍ഡ് ജേതാക്കളായ കെ ബിനു, ജോമി മാത്യു, ജോണ്‍ ജോസഫ് അഴകംപ്രായില്‍, ജയനവീന്‍, സിബി കുര്യാക്കോസ്, ജോര്‍ജ് ആന്റണി, ജോണ്‍ കെ പി, മാത്തുക്കുട്ടി, ഗോപകുമാര്‍ ആര്‍, ജോസ് ജോസഫ്, സി പി റോയി, ഏറ്റുമാനൂര്‍ ശ്രീമൂലം നേച്ചര്‍ ക്ലബ്, ജിജു സി ജെ, വി കെ സോമന്‍ ആചാരി എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഫോറസ്റ്റി ക്ലബ് ഉദ്ഘാടനവും മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.