Kerala
കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം

കോട്ടയം: കോട്ടയം ഡി സി സി ഓഫീസില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസിന്റെ മധ്യമേഖലാ നേതൃയോഗത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം. കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങി മധ്യമേഖലാ യു ഡി എഫ് ജാഥ മാറ്റരുതെന്ന് നേതാക്കള്‍ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു.
ഇതിനിടെ കെ എം മാണിയുടെ ഭീഷണിക്ക് വഴങ്ങി ജാഥ മാറ്റിവെക്കരുതെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടതോടെ വിശദീകരണവുമായി സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി. ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് കീഴ്‌പ്പെടുന്ന പ്രവണത പാര്‍ട്ടിക്കും സര്‍ക്കാറിനും ദോഷം ചെയ്യും. കെ പി സി സി എടുത്ത തീരുമാനവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകണം.
കെ എം മാണി കൊച്ചുമകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനാല്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാകും ജാഥയുടെ തീയതിയില്‍ മാറ്റം വരുത്തുകയെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ജാഥ അനിശ്ചിതമായി മാറ്റിവെക്കില്ല. ഇക്കാര്യത്തില്‍ യു ഡി എഫ് ഉന്നത നേതാക്കള്‍ തീരുമാനം കൈക്കൊള്ളും. കെ പി സി സിയുടെ വികാരം ഉള്‍ക്കൊണ്ടാകും നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ജാഥ മാറ്റിവെക്കുന്ന പ്രഖ്യാപനത്തിനൊപ്പം തന്നെ പുതിയ തീയതിയും പ്രഖ്യാപിക്കണമെന്ന് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിക്കുമെന്ന് തങ്കച്ചന്‍ വിശദീകരിച്ചു.
കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം പി പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജാഥക്ക് മുന്നോടിയായി വാര്‍ഡുതലം മുതല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കാനും ധാരണയായി. ബെന്നി ബഹനാന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസഫ് വാഴക്കന്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റുമാരായ അഡ്വ. ടോമി കല്ലാനി, വി ജെ പൗലോസ്, റോയി കെ പൗലോസ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ലതിക സുഭാഷ്, സി ആര്‍ ജയപ്രകാശ്, സംസ്ഥാന സഹകരണ ബേങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി പങ്കെടുത്തു.